- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാർ; സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ടീയവൈരാഗ്യം തന്നെ എന്നും മറ്റൊരു കാരണവും ഇല്ലെന്നും ജിഷ്ണുവിനോട് കയർക്കൽ; ചാത്തങ്കരിയിൽ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാക്കാൻ ആവാതെ പൊലീസ് മടങ്ങി
തിരുവല്ല: തിരുവല്ല സന്ദീപ് വധക്കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ് മടങ്ങി. ചാത്തങ്കരിയിലെത്തിച്ച പ്രതികൾക്ക് നേരെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെയാണ് പൊലീസ് മടങ്ങിയത്. കൊലപാതകം നടത്തിയ സ്ഥലം ഒന്നാം പ്രതി ജിഷ്ണു പൊലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
തെളിവെടുപ്പിനിടെ രോഷാകുലരായി എത്തിയ നാട്ടുകാർ സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം തന്നെയാണെന്നും ആരോപണം ഉയർത്തി. സന്ദീപിനെ കൊലപ്പെടുത്താൻ മറ്റൊരു കാരണവും ഇല്ലെന്നും നാട്ടുകാർ പറഞ്ഞു. പ്രതിഷേധിച്ചെത്തിയ നാട്ടുകാർ പ്രതി ജിഷ്ണുവിനോട് കയർത്ത് സംസാരിച്ചു. കനത്ത സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.
അതേസമയം, വ്യക്തി പെട്ടന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു തിങ്കളാഴ്‌ച്ച കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ ഒന്നാം പ്രതി ജിഷ്ണു മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. ഒരു രാഷ്ട്രീയ പാർട്ടിയുമായും തങ്ങൾക്ക് ബന്ധമില്ല സ്വയരക്ഷയ്ക്കാണ് കൊലപാതകം ചെയ്തതെന്നുമായിരുന്നു പ്രതികൾ പറഞ്ഞത്.
കൊല്ലപ്പെട്ട സന്ദീപ് കുമാറുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. ബിജെപിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഒരു വർഷം മുമ്പ് പാർട്ടി വിട്ടുവെന്ന് ജിഷ്ണു പറഞ്ഞു. വധഭീഷണിയുണ്ടെന്ന് ജിഷ്ണു കോടതിയിൽ അറിയിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണെന്നാണ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിലെ അഞ്ച് പ്രതികളേയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് പ്രതികളെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
സന്ദീപ് കൊലക്കേസ് ആസൂത്രിതമാണന്ന് സിപിഎം - ബിജെപി നേതൃത്വങ്ങൾ ഒരു പോലെ പറയുന്നതിനിടെയാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് നിലവിലെ അന്വേഷണം .
പ്രതികളുടെ പൂർവകാല ബന്ധങ്ങളും ക്രിമിനൽ പ്രവര്ത്തനങ്ങളും ഒരു സംഘം അന്വേഷിക്കുമ്പോൾ കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവരെ കേന്ദ്രീകരിച്ചാണ് മറ്റൊരു സംഘത്തിന്റെ അന്വേഷണം. കഴിഞ്ഞ ഒരു വർഷ കാലയളവിലെ പ്രതികളുടെ ഫോൺ കോളുകൾ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ