- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും നല്ല അഭിപ്രായം; നാട്ടുകാരുടെ വീട്ടുകാരൻ; മരണത്തിന് മുമ്പും സ്റ്റേഷനിലെത്തിയത് പുളിക്കീഴിലെ പെൺകുട്ടിയെ കണ്ടെത്താൻ; പഞ്ചായത്തിലെ വിജയ മികവിന് പാർട്ടി നൽകിയത് ലോക്കൽ സെക്രട്ടറി പദം; പിറന്നാളിന് ഷർട്ടുവാങ്ങി കാത്തിരുന്ന ഭാര്യയും; സന്ദീപ് പെരിങ്ങരയുടെ കണ്ണീരാകുമ്പോൾ
തിരുവല്ല: നാട്ടിലെ നന്മയായിരുന്നു സന്ദീപ് കുമാർ. സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ പി ബി സന്ദീപ് കുമാറിനെ ഒരുനോക്ക് കാണാൻ പെയ്തുതോരാത്ത കണ്ണീർമഴയിൽ അണപൊട്ടിയപോലെ ജനസാഗരം ഒഴുകുകയായിരുന്നു. സന്ദീപിന്റെ ഭാര്യ സുനിതയുടെയും അമ്മ ഓമനയുടെയും ബന്ധുക്കളുടെയും നിലവിളിക്കുമുന്നിൽ ജനസഞ്ചയമാകെ വിറങ്ങലിച്ചു. പൊട്ടിക്കരച്ചിലുകൾക്കിടെ ആറിന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മൂന്നര വയസുള്ള മകൻ നിഹാലാണ് ചിതക്ക് തീ കൊളുത്തിയത്. പക ഒരു ജീവനെടുക്കുമ്പോൾ നീറുന്നത് കുടുംബവും നാട്ടുകാരുമാണ്.
ചുവന്ന ഉടുപ്പൊരെണ്ണം സന്ദീപിന്റെ ശരീരത്തിനൊപ്പം ചിതയിൽ എരിഞ്ഞടങ്ങിയി. സന്ദീപിന്റെ രണ്ടാമത്തെ കുഞ്ഞിനു രണ്ടു മാസമേയുള്ളു പ്രായം. അച്ഛന്റെ മരണം മനസിലാക്കാതെ മൂത്ത കുട്ടി രണ്ടു വയസുകാരനും. പ്രസവത്തെ തുടർന്നു ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിന്റെ ഭാര്യ സുനിത. പിറന്നാളുകാരനു സമ്മാനമായി ഭാര്യ വാങ്ങിയ ഷർട്ടാണ് ചിതയ്ക്കൊപ്പം എരിഞ്ഞ് തീർന്നത്. പാർട്ടി പ്രവർത്തന മികവിൽ ലോക്കൽ സെക്രട്ടറി പദത്തിൽ തിരഞ്ഞെടുത്ത സന്ദീപിന്റെ സജീവ പ്രവർത്തനത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിങ്ങര പഞ്ചായത്ത് സിപിഎം നേടിയിരുന്നു. ഉറക്കെ പോലും സംസാരിക്കുന്ന പ്രകൃതമല്ല സന്ദീപിന്റേതെന്നാണു പരിചയക്കാർ പറയുന്നത്. ഇന്നാണ് സന്ദീപിന്റെ ജന്മദിനം. ഇതിന് വേണ്ടിയാണ് ഭാര്യ ഷർട്ട് സമ്മാനമായി നൽകാൻ വാങ്ങി സൂക്ഷിച്ചത്.
തീരാസങ്കടത്തിന്റെ നിഴലിലായിരുന്നു പെരിങ്ങരയും പരിസരവും. എന്തിനും ഏതിനും ഓടിയെത്തിയിരുന്ന സന്ദീപ് മരണത്തിനു കീഴടങ്ങിയത് നാട്ടുകാർക്ക് ഉൾക്കൊള്ളാനായില്ല. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ സന്ദീപിന്റെ ശരീരം ഏറ്റുവാങ്ങാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. മന്ത്രി വീണാ ജോർജ്, എംഎൽഎമാരായ കെ.യു.ജനീഷ്കുമാർ, മാത്യു ടി.തോമസ് എന്നിവരുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളികളോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതശരീരം കണ്ടപ്പോഴേക്കും സന്ദീപിന്റെ ഭാര്യ തളർന്നു വീണു. താലൂക്ക് ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ച സുനിതയെ വൈകുന്നേരത്തോടെയാണ് വീട്ടിലെത്തിച്ചത്. നൂറു കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി.
വ്യാഴാഴ്ച രാത്രി എട്ടോടെ കൊലപ്പെടുത്തിയ സന്ദീപിന്റെ മൃതദേഹം തിരുവല്ല മെഡിക്കൽമിഷൻ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചത്. വെള്ളി രാവിലെ എട്ടിന് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. തിരുവല്ല ഗവ. ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സിപിഐ എം നേതാക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിച്ചു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ചു. ഇവിടെ ആയിരങ്ങൾ നാടിന്റെ വികസന നായകന് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തി. ണ്ടോടെ മൃതദേഹം പെരിങ്ങര പഞ്ചായത്ത് ഓഫീസ് പരിസരത്തും തുടർന്ന് പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസിലുമെത്തിച്ചു. സന്ദീപ് പഠിച്ച ചാത്തങ്കേരി എസ്എൻഡിപി സ്കൂളിലും പൊതുദർശന സൗകര്യമൊരുക്കി. വൈകിട്ട് അഞ്ചോടെ മൃതദേഹം സന്ദീപിന്റെ വീട്ടിലെത്തിച്ചു. ഭാര്യ സുനിതയുടെയും അമ്മ ഓമനയുടെയും ബന്ധുക്കളുടെയും നിലവിളിക്കുമുന്നിൽ ജനസഞ്ചയമാകെ വിറങ്ങലിച്ചു.
സിപിഐ എം കേന്ദ്രകമ്മിറ്റിയം?ഗം എ വിജയരാഘവൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, മന്ത്രിമാരായ എം വി ?ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, വി എൻ വാസവൻ, വീണാ ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ, എംഎൽഎമാരായ കെ യു ജനീഷ് കുമാർ, മാത്യു ടി തോമസ്, പ്രമോദ് നാരായണൻ, എം എസ് അരുൺകുമാർ, ജോബ് മൈക്കിൾ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത തുടങ്ങി നിരവധി നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.
സിപിഎം ലോക്കൽ സെക്രട്ടറിയായും പഞ്ചായത്ത് അംഗമായും നിറഞ്ഞുനിന്ന സന്ദീപിനെക്കുറിച്ച് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. നാട്ടിലെ ഏതു ചടങ്ങിലും വീട്ടുകാരനായി ഓടി നടന്നു. മരണത്തിനു തൊട്ടുമുൻപ് വരെയും സജീവമായിരുന്നു സന്ദീപ്. നാട്ടിൽ ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം പോയ സന്ദീപ് ആ പ്രശ്നം തീർത്ത് തിരികെ വീട്ടിലെത്തിയത് വൈകിട്ടായിരുന്നു.
വീടിന്റെ തൊട്ടടുത്ത് തോമസ് ചേട്ടന്റെ കടയായിരുന്നു സന്ദീപ് സ്ഥിരമായി എത്തുന്ന ഒരു സ്ഥലം. കൊലപാതകം നടന്ന രാത്രി സന്ദീപിനെയും സുഹൃത്തുകളെയും ഇനി കടയിൽ ഇരിക്കാൻ അനുവദിക്കരുതെന്ന് ജിഷ്ണുവും സംഘവും കടയുടമയെ ഭീഷണിപ്പെടുത്തുകയും കടയിലെ മിഠായി ഭരണികൾ കുത്തിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഈ സമയം 100 മീറ്റർ അകലെ സന്ദീപ് ഉണ്ടായിരുന്നു. പിന്നീട് സംഘം സന്ദീപിന്റെ അടുത്തെത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ