ത്ര മനോഹരവും സമർത്ഥവുമായാണ് ഇടത് ബുദ്ധിജീവികൾ പൊതുബോധത്തെ നിർമ്മിക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദീപക് ശങ്കരനാരായണന്റെയും വിഷ്ണു നന്ദകുമാറിന്റെയും ഫേസ് ബുക്ക് പോസ്റ്റുകളും അതിൻ മേൽ നടന്ന തുടർ ചർച്ചകളും. കശ്മീരിൽ കൊല്ലപ്പെട്ട പെൺകുഞ്ഞ് കൊല്ലപ്പെടേണ്ടവൾ തന്നെയായിരുന്നു എന്ന അധമ വികാരം ലോകത്തോട് പങ്കു വെച്ച വിഷ്ണു നന്ദകുമാർ. രാജ്യം ഭരിക്കുന്ന ഒരു സർക്കാരിന് അനുകൂലമായി വോട്ടു ചെയ്തു എന്ന ഒറ്റക്കാരണത്താൽ രാജ്യത്തെ 42 കോടി ജനങ്ങളെ വെടിവെച്ചു കൊല്ലണമെന്ന ഉന്മൂലന സിദ്ധാന്തം അവതരിപ്പിച്ച ദീപക് ശങ്കരനാരായണൻ.

മരിച്ച കുഞ്ഞിന്റെ അന്തസ്സിനെ ഇടിച്ചു താഴ്‌ത്തുകയും കൊലയാളികളെ മഹത്വവത്കരിക്കുകയുമാണ് വിഷ്ണു ചെയ്ത കുറ്റം. വെട്ടുകിളികളെപ്പോലെ പറന്നിറങ്ങിയ സൈബർ ക്വട്ടേഷൻ സംഘങ്ങൾ വിഷ്ണുവിന് സാമൂഹ്യ ഭ്രഷ്ട് കൽപ്പിച്ചു. വികാരത്തള്ളിച്ചയിൽ ഉണ്ടായ അപക്വമായ വീൺവാക്കിനെ പൊറുക്കണമെന്ന അയാളുടെ അപേക്ഷ നിർദ്ദയം തിരസ്‌ക്കരിക്കപ്പെട്ടു. അയാൾക്കെതിരെ സൈബർ പ്രബന്ധങ്ങൾ രചിക്കപ്പെട്ടു. ഭരണകൂട ഇടപെടൽ ഉണ്ടാക്കിയെടുത്തു.

ഇന്നലെ വരെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ആർക്കും ഒരു ഉപദ്രവവും ചെയ്യാതിരുന്ന അയാളെ മാത്രമല്ല ആ കുടുംബത്തെ ഒന്നടങ്കം സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കി നികൃഷ്ടരാക്കി പുറംതള്ളി. ഒടുവിൽ തിണ്ണമിടുക്കിന്റേയും അധികാര ഹുങ്കിന്റേയും പിൻബലത്തിൽ തൊഴിലിടത്തിൽ നിന്ന് വരെ പുറത്താക്കിച്ചു. ഒരു സംഘിയും പിൻതുണയ്ക്കാനില്ലായിരുന്നു. കേന്ദ്രം ഭരിക്കുന്നവരുടെ നെഞ്ചളവോ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ആൾബലമോ ഒരു പ്രസ്താവനയിലൂടെ പോലും രക്ഷക്കെത്തിയില്ല. ഹാഷ് ടാഗുകൾ നിർമ്മിക്കപ്പെട്ടില്ല, പ്രൊഫൈൽ ചിത്ര ക്യാംപെയ്ൻ നടന്നില്ല. കടുത്ത ഫാസിസ്റ്റുകളായ അച്ഛനോ അടുത്ത ബന്ധു സംസ്ഥാന നേതാവ് പോലുമോ തിരിഞ്ഞു നോക്കിയില്ല.

മറുവശത്തോ ലോകത്തിലേറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിലെ 31 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ആഹ്വാനം. എത്രപേരെ കൊല്ലേണ്ടി വരുമെന്ന കണക്ക് ദശാംശം പോലും മാറാതെയാണ് കണക്കു കൂട്ടി പറഞ്ഞിരുന്നത്. കൊല്ലപ്പെടേണ്ടവരെന്ന് ചാപ്പ കുത്തപ്പെട്ടവരിലെ ജീവ ഭയമുള്ള ഏതോ ചിലർ നിയമത്തിന്റെ സംരക്ഷണം തേടിയത് ലോകത്തിലെ ഏറ്റവും വലിയ അപരാധമായി ചിത്രീകരിക്കപ്പെട്ടു. പുത്തൻ വാർപ്പു മാതൃകയുടെ ചുവടു പിടിച്ച് ചിലർ അയാളുടെ തൊഴിലിടത്തിലും പരാതിയുമായി എത്തി. അതുവരെ സുഷുപ്തിയിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകർ നിദ്രവിട്ടുണർന്നു.

വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തേപ്പറ്റിയും അയാൾക്ക് ഭരണ കൂടത്തോടും വ്യവസ്ഥിതിയോടും കലഹിക്കാനുള്ള അവകാശത്തെപ്പറ്റിയും നെടുങ്കൻ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. വ്യക്തിയുടെ മേൽ ഭരണകൂടത്തിന് ചെലുത്താവുന്ന അധികാരത്തിന്റെ തോതിനെപ്പറ്റി ചർച്ചകൾ ഉണ്ടായി. കഴിഞ്ഞ കാല ചെയ്തികളും എഴുത്തുകളും അംഗീകരിക്കുന്നില്ലെങ്കിലും വ്യക്തി എന്ന നിലയിൽ അയാൾക്കുള്ള അന്തസ്സിനെപ്പറ്റി സ്തുതിപാടലുകൾ ഉണ്ടായി. മന്ത്രിമാർ പോലും അതേറ്റുപാടി.

വൈയക്തികമായ അഭിപ്രായത്തിന്റെ പേരിൽ തൊഴിലിടത്തിലേക്ക് കടന്നു കയറുന്നത് ഫാസിസമാണെന്ന് വിളിച്ചു കൂവി. മലയാളത്തിലുള്ള കൊലവിളിക്ക് ഒക്‌സ്‌ഫോർഡ് ഇംഗ്ലീഷിൽ നൽകിയ വിശദീകരണം അയാളുടെ മഹാമനസ്‌കതയായി അംഗീകരിച്ച് മിണ്ടാതിരിക്കണമെന്ന തിട്ടൂരവും പുറപ്പെടുവിച്ചു. ഇല്ലെങ്കിൽ ഫാസിസ്റ്റാക്കും, വർഗ്ഗീയ വാദിയാക്കും, കേട്ടാലറയ്ക്കുന്ന അപവാദം പറയും, ഊരുവിലക്ക് ഏർപ്പെടുത്തും.

ഇത്രയും വരെ സാംസ്‌കാരിക ക്വട്ടേഷൻ.

അതുകൊണ്ടും പഠിച്ചില്ലെങ്കിൽ മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ഇന്നോവാ കാറുകൾ ഇരുൾ വഴിയിൽ പതിയിരിക്കുന്നുണ്ടാവും....