ന്യൂയോർക്ക്: അമേരിക്കയിലെ കാലിഫോർണിയയിൽ ഈൽ നദിയിലെ വെള്ളപ്പൊക്കത്തിൽ കാർ വീണ് കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ടെടുത്തത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ്. സാന്റാ ക്ലാരിറ്റയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകൾ സാച്ചി (ഒൻപത്), മകൻ സിദ്ധാന്ത് (12)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവർസഞ്ചരിച്ചിരുന്ന കാറുംകണ്ടെടുത്തു.

70 പേരടങ്ങുന്ന രക്ഷാ സംഘം ദിവസങ്ങൾ രാപകലില്ലാതെ രക്ഷാപ്രവർത്തനം നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയിലും വിശ്രമമില്ലാത്ത രക്ഷാപ്രവർത്തനം നടന്നു. ആറടി താഴ്ന്ന നിലയിലായിരുന്നു കാർ കണ്ടെത്തിയത്. നദിയിലെ വെള്ളം താഴ്ന്നപ്പോൾ സൗമ്യയുടെ മൃതദേഹം ആദ്യം കണ്ടെത്തുകയായിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസമാണ് കാറ് കണ്ടെത്തിയത്. കാറിനുള്ളിൽ നിന്നാണ് പെൺകുട്ടി സാച്ചിയുടെയും പിതാവ് സന്ദീപിന്റെയും മൃതദേഹം ലഭിച്ചത്. മകളെ രക്ഷിക്കാനായി ഡോർ തുറക്കാൻ ശ്രമിക്കുന്ന രീതിയിലാണ് ഇരിക്കുന്ന സന്ദീപിന്റെ മൃതദേഹം. കാറിന്റെ ചില്ലുകൾ തകർക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. പിന്നീട് മകന്റെ മൃതദേഹവും കിട്ടി.

കാർ ഒഴുക്കിൽപ്പെട്ടത്, തൊട്ടുപിറകിലുണ്ടായിരുന്ന പ്രൊഫസറും കുടുംബവും നേരിൽ കണ്ടിരുന്നു. സംഭവം കണ്ടയുടൻ അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനെ പൊലീസും ഹെലികോപ്ടറും എത്തി ഈൽ നദിയിൽ ഒരുപാട് നേരം നിരീക്ഷണ പറക്കൽ നടത്തിയെങ്കിലും കൂടുതൽ വിവരം ലഭിക്കാനോ കാർ കിടന്ന സ്ഥലം കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കുടുംബം അപകടത്തിൽപ്പെട്ടതിന്റെ ലക്ഷണമൊന്നും ആദ്യം അവർക്ക് ലഭിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിൽ സൗമ്യയുടെ ഹാൻഡ് ബാഗാണ് ആദ്യം ലഭിച്ചത്. അതിൽ പേര് കുത്തിയ വിവാഹമോതിരം മറ്റും ഉണ്ടായിരുന്നു. ഇതോടെയാണ് തെരച്ചിൽ തുടങ്ങിയത്. കാർ കണ്ടെടുക്കുമ്പോൾ നദിയിലെ ചെളിയിൽ പൂണ്ട നിലയിലായിരുന്നു.

കണ്ടെത്തിയ മൃതദേഹങ്ങളുടെ അവസ്ഥ മോശമായതിനാൽ ഇന്ത്യയിലെത്തിക്കാൻ കഴിയില്ലെന്ന് ബന്ധുക്കൾ മുഖേന നാട്ടിൽ അറിയിച്ചു. മൃതദേഹങ്ങൾ 15 ദിവസത്തിൽ കൂടുതൽ മോർച്ചറിയിലും സൂക്ഷിക്കാൻ കഴിയില്ല. അതിനാൽ അവിടെ തന്നെ സംസ്‌കാരിക്കും. ഈ മാസം ആറാം തീയതി മുതലാണ് സന്ദീപിനേയും കുടുംബത്തേയും കാണാതായത്. പോർട്‌ലാൻഡിൽ നിന്ന് സാൻജോസിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച വാഹനം റോഡിനോടു ചേർന്നു കരകവിഞ്ഞൊഴുകിയ ഈൽ നദിയിലേക്ക് മറിയുകയായിരുന്നു. ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ കാണാൻ പോകുന്നതിനിടെയായിരുന്നു ദുരന്തം.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഏഴു മൈൽ അകലെ നിന്ന് സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. ഗുജറാത്തിലെ സൂററ്റിൽ അമേരിക്കയിലെത്തിയ സന്ദീപ് 15 വർഷം മുൻപാണ് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. കൊച്ചി പടമുകൾ സ്വദേശിയാണ് സൗമ്യ.