- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂരജിന് പാമ്പിനെ വിറ്റയാളെ മാപ്പു സാക്ഷി ആക്കേണ്ട കാര്യം എന്തായിരുന്നു? സർക്കാർ മറുപടി പറയണം; ശിക്ഷ ഇരട്ട ജീവപര്യന്തത്തിൽ ഒതുങ്ങിപ്പോയതിൽ വിഷമം; അപ്പീൽ നൽകി പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പുവരുത്തണം; സുരേഷിനെ വിട്ടയച്ചതിന് എതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ
തിരുവനന്തപുരം: ഉത്രകൊലക്കേസിൽ സൂരജിനെ സഹായിച്ച പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷി ആക്കിയതിന് എതിരെ വിമർശനം ഉയരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ കുറ്റപ്പെടുത്തിയത്. മറ്റെല്ലാ തെളിവുകളും ശക്തമായി ഉള്ള കേസിൽ സൂരജിന് പാമ്പിനെ വിറ്റയാളെ മാപ്പു സാക്ഷിയാക്കേണ്ട കാര്യമെന്തായിരുന്നുവെന്നും, സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്രയെ കൊലപ്പെടുത്തിയത് അപൂർവ്വങ്ങളിൽ അത്യപൂർവ്വ കുറ്റകൃത്യമല്ലെങ്കിൽ മറ്റെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. ശിക്ഷ ഇരട്ട ജീവപര്യന്തത്തിലൊതുങ്ങിപ്പോയതിൽ സങ്കടമുണ്ടെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. കേസിൽ അപ്പീൽ നൽകി പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാമ്പുപിടിത്തക്കാരനായ സുരേഷിൽ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. ആദ്യം അണലിയേയും പിന്നീട് മൂർഖനെയും ഇയാൾ സൂരജിന് നൽകുകയായിരുന്നു. അടൂർ പറക്കോട്ടുള്ള തന്റെ വീട്ടിൽ വച്ച് അണലിയെക്കൊണ്ട് ഉത്രയെ സൂരജ് കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം. കേസിൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
വിഷപ്പാമ്പിനെ വിലകൊടുത്തു വാങ്ങി കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് സൂരജ് . ഉത്രയെ കൊലപ്പെടുത്തിയത് അപൂർവ്വങ്ങളിൽ അത്യപൂർവ്വ കുറ്റകൃത്യമല്ലെങ്കിൽ മറ്റെന്താണ് ? ശിക്ഷ ഇരട്ട ജീവപര്യന്തത്തിലൊതുങ്ങിപ്പോയതിൽ വ്യസനമുണ്ട്. അപ്പീൽ നൽകി പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പുവരുത്തേണ്ടതുണ്ട് . ഒരു ദയയും അയാൾ അർഹിക്കുന്നില്ല . മറ്റെല്ലാ തെളിവുകളും ശക്തമായി ഉള്ള കേസിൽ സൂരജിന് പാമ്പിനെ വിറ്റയാളെ മാപ്പു സാക്ഷിയാക്കേണ്ട കാര്യമെന്തായിരുന്നു എന്നതിന് സർക്കാർ മറുപടി പറയണം .
അതേസമയം, ഉത്രക്കേസിൽ സൂരജിനെ സഹായിച്ച പാമ്പുപിടിത്തക്കാരനെതിരെ വാവ സുരേഷും രംഗത്തെത്തി. അയാൾ പാമ്പുപിടുത്തക്കാർക്ക് പോലും അപമാനമാണ്. പമ്പാട്ടി സുരേഷിനെ വെറുതെ വിടാൻ പാടില്ലായിരുന്നുവെന്നും വാവ സുരേഷ്. ഉത്രവധക്കേസ് വിധി ദിനത്തിൽ മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കേസിനെക്കുറിച്ചും കേസന്വേഷണത്തിലെ അനുഭവങ്ങളെക്കുറിച്ചും വാവാസുരേഷ് മനസ്സുതുറന്നത്.
അയാൾ നൂറുശതമാനം അറിഞ്ഞുകൊണ്ടാണ് കൊലപാതക ശ്രമത്തിൽ ഭാഗവാക്കായത്.എന്തുകൊണ്ട് അയാളെ വെറുതെ വിട്ടുവെന്നാണ് ഇപ്പോഴും ഞാൻ ചിന്തിക്കുന്നത്.ആദ്യം പാമ്പിനെക്കൊടുത്ത് ശ്രമം പാളിയതിനെപ്പറ്റിയൊക്കെ അറിഞ്ഞിട്ടും രണ്ടാമതും ഇതേ ആൾ തന്നെ പാമ്പിനെ കൊടുത്തുവെന്നിടത്താണ് അയാൾ കുറ്റക്കാരനാകുന്നത്.എങ്കിലും ഫോറസ്റ്റിന്റെ കേസിൽ അയാൾ പ്രതിയാകുമെന്നാണ് പ്രതീക്ഷ.തങ്ങളുടെ മേഖലയ്ക്ക് തന്നെ കളങ്കമായേക്കാവുന്ന കേസിലാണ് ഇന്ന് വിധി വന്നത് വാവസുരേഷ് പറഞ്ഞു.
ആവണി ഗോപാല് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്