- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദീപാനന്ദഗിരിയുടെ ചിത്രം പങ്കിട്ട് കെ.സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത് 'തത്വമസി, അത് നീ തന്നെ ആകുന്നു' എന്ന്; 'ബീഫ് വെട്ടിവിഴുങ്ങിയിട്ട് ഉള്ളിക്കറിയെന്ന് പറഞ്ഞയാളാ, സുരേന്ദ്രൻ അർമാദിക്കട്ടെ, സന്തോഷിക്കട്ടെയെന്ന് സന്ദീപാനന്ദഗിരിയും; തീവെപ്പ് കേസ് അന്വേഷണം അവസാനിക്കുമ്പോൾ വിവാദം ബാക്കി
തിരുവനന്തപുരം: സന്ദീപാനന്ദഗിരി ആശ്രമം കത്തിക്കൽ കേസിലെ അന്വേഷണം ഒരു പ്രതിയെ പോലും പിടികൂടാതെ അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. ഇതോടെ ഈ വിഷയം സൈബറിടത്തിലും സജീവ ചർച്ചാ വിഷയമായി മാറി. ക്രൈംബ്രാഞ്ച് നീക്കം കേസ് തനിക്കെതിരെ തിരിക്കാൻ ആണെന്ന് സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി നേതാക്കൾ അടക്കം ഇക്കാര്യത്തിലേക്ക് വിരൽ ചൂണ്ടി ഫേസ്‌ബുക്കിൽ കുറിപ്പും പങ്കിട്ടു.
'തത്വമസി, അത് നീ തന്നെ ആകുന്നു' എന്നാണ് സന്ദീപാനന്ദഗിരിയുടെ ചിത്രം പങ്കിട്ട് കെ.സുരേന്ദ്രൻ കുറിച്ചത്. ഇതിന് സ്വാമിയുടെ മറുപടി ഇങ്ങനെ.' സുരേന്ദ്രനൊക്കെ മറുപടി കൊടുക്കുക എന്നത് തന്നെ വിഷമമുള്ള കാര്യമാണ്. അദ്ദേഹം ഒരു വിശ്വാസ്യത ഉള്ള ആളാണെന്ന് ഞാൻ കരുതുന്നില്ല. ബീഫ് വെട്ടി വിഴുങ്ങിയിട്ട് ഉള്ളിക്കറി എന്ന് പറഞ്ഞയാളാണ്. സുരേന്ദ്രൻ അർമാദിക്കട്ടെ, സന്തോഷിക്കട്ടെ..' എന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
കുണ്ടമൻകടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിചെന്ന കേസാണ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നത്. പെട്രോളൊഴിച്ച് തീ കത്തച്ചു എന്നതിനപ്പുറം കേസിൽ മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. മുന്നര വർഷത്തെ അന്വേഷണത്തിന് ഒടുവിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനായില്ലെന്നതാണ് വസ്തുത. ആദ്യം സിറ്റിപൊലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. 2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സംഭവം. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു.
കേസ് അന്വേഷണം അവസാനിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിക്കും. എന്നാൽ കേസിലെ തെളിവുകൾ പൊലീസ് നശിപ്പിച്ചെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. കേസിൽ പല തെളിവുകളുമുണ്ടായിരുന്നു. ആശ്രമം കത്തിക്കുന്നതിന് മുമ്പ് ആശ്രമത്തിലേക്ക് മാർച്ച് നടന്നിരുന്നു. ആ സമയത്ത് ആശ്രമത്തിനകത്തെ വണ്ടി മാറ്റിയിടാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വാഹനം മാറ്റിയിട്ടതാണ്. ഒരാഴ്ചയ്ക്ക് ശേഷം വാഹനം കൊണ്ടുവന്നിട്ടതിന് പിന്നാലെ വാഹനം കത്തിക്കുകയായിരുന്നു.
വാഹനം കത്തിച്ചതിനൊപ്പം കൈപ്പടയിലെഴുതിയ മുന്നറിയിപ്പുമായി ഒരു റീത്തും അക്രമികൾ വെച്ചിരുന്നു. ഇത് പൊലീസിനെ അറിയിച്ചെങ്കിലും തെളിവുകളെല്ലാം നശിപ്പിക്കപ്പെടുകയാണ് ഉണ്ടായത്. കൂടാതെ തീയിട്ടത് ഞങ്ങൾ തന്നെയാണെന്ന് വരുത്തി തീർക്കാനാണ് പൊലീസ് ശ്രമം നടത്തുന്നത്. ഇതിൽ തെളിവുകളും നശിപ്പിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ട്. ഇതൊന്നും അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ല-സന്ദീപാനന്ദഗിരി പറയുന്നു.
കേസ് തനിക്കെതിരെ തിരിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമാണ്. തീ വെച്ചത് ഞങ്ങൾ തന്നെയാണെന്ന് വാദിക്കുകയാണെങ്കിൽ അത് കോടതിയിൽ തെളിയിക്കട്ടെയെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേർത്തു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതിൽ സംഘപരിവാർ സംഘടനകളിൽനിന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവം നടന്നദിവസം ആശ്രമത്തിലെത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആശ്രമത്തിലെ സി.സി.ടി.വി. കേടായിരുന്നു. ആശ്രമത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയെങ്കിലും പുറത്തുവിട്ടില്ല. ഇത് പൂഴ്‌ത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു. പൊലീസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയതാണെന്ന ആരോപണവും ഈ കേസിലുണ്ട്. 2018 ഒക്ടോബർ 27ന് പുലർച്ചെയാണു കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമത്തിനു മുന്നിൽ നിർത്തിയിരുന്ന കാറുകൾ പൂർണമായും കത്തിനശിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ