കൊച്ചി: കഴിഞ്ഞ ദിവസം ലോറിക്കടിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കാക്കനാട് സ്വദേശി അൻവറാണു ഷാഡോ പൊലീസിന്റെ പിടിയിലായത്.

കൊല്ലപ്പെട്ട സന്ധ്യയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതി മൊഴി നൽകി. വിവാഹം ചെയ്യണമെന്ന സന്ധ്യയുടെ ആവശ്യം പ്രതി നിരസിച്ചിരുന്നു. തുടർന്ന് ഒരുമിച്ച് ജീവനൊടുക്കാൻ സന്ധ്യ നിർബന്ധിച്ചു.

ഇതേതുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അൻവർ മൊഴി നൽകി. സ്വകാര്യബസ് കണ്ടക്ടറാണ് അൻവർ. ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ സന്ധ്യയെ ഇന്നലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത്. 14 പവൻ സ്വർണം കാണാതായിരുന്നു.

കൊച്ചി ബി.ഒ.ടി പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫോർട്ട്‌കൊച്ചി അമരാവതിയിൽ താമസിക്കുന്ന അജിത്തിന്റെ ഭാര്യയാണു സന്ധ്യ (36).

മൃതദേഹം കണ്ടെത്തിയത്. തോപ്പുംപടിയിൽ തുറമുഖ ട്രസ്റ്റിലേക്കുള്ള ലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ്. ചേർത്തലയിലെ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സന്ധ്യ ആറരയ്ക്കു ജോലി കഴിഞ്ഞ് ഇറങ്ങിയതാണ്. എട്ടരയോടെ തോപ്പുംപടിയിലെത്തുമെന്നു തിങ്കളാഴ്ച രാത്രി 8 മണിക്ക് സന്ധ്യ ഭർത്താവ് അജിത്തിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരനാണ് അജിത്ത്. പറഞ്ഞ സമയം കഴിഞ്ഞും സന്ധ്യ എത്താതിരുന്നതോടെ ബന്ധുക്കൾ രാത്രിയിൽ തോപ്പുംപടിയിലും കൊച്ചിയിലും അന്വേഷണം നടത്തി. രാവിലെ ലോറിക്കടിയിൽ മൃതദേഹം കണ്ട നാട്ടുകാരാണു പൊലീസിൽ വിവരമറിയിച്ചത്. മൃതദേഹത്തിൽ പുറമേ പരുക്കുകളില്ല.

ഇതിനിടെ ഒരു യുവാവിനൊപ്പം സന്ധ്യയെ കാറിൽ കണ്ടിരുന്നതായും വാർത്തകൾ വന്നു. സന്ധ്യയുടെ ശരീരത്തിലുണ്ടായിരുന്ന 14 പവൻ സ്വർണവും രണ്ടു മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും നഷ്ടമായതായി ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ശ്വാസതടസത്തെ തുടർന്നാണ് മരണമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.