ജിദ്ദ മേഖലയിലെ ശക്തമായ പൊടിക്കാറ്റിൽ രണ്ടു പേർ മരിച്ചു. റോഡ് കൃത്യമായി ദൃശ്യമാകാത്തതിനെ തുടർന്ന് സംഭവിച്ച റോഡപകടത്തിലാണ് രണ്ടുപേരുടെ മരണം സംഭവിച്ചത്. അൽ-സലാമ ജില്ലയിലായിരുന്നു അപകടം നടന്നത്.

പൊടിക്കാറ്റ് രൂക്ഷമായതിനെ തുടർന്നു വിദ്യാലയങ്ങൾ അടയ്ക്കുകയും വിമാനങ്ങളുടെ സമയത്തിൽ ക്രമീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. ജിദ്ദയിലെ കിങ് അബ്ദുലാസിസ് ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങളുടെ സമയക്രമീകരണത്തിൽ മാറ്റമുണ്ടായതായി അധികൃതർ അറിയിച്ചു. പുതിയ സമയ ക്രമീകരണം സംബന്ധിച്ചുള്ള അറിയിപ്പുകൾ എയർലൈനുമായി ബന്ധപ്പെട്ടാൽ ലഭ്യമാകുമെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ തുർക്കി അൽ-സീബ് വ്യക്തമാക്കി.

സ്‌കൂൾ അടയ്ക്കുന്നതു സംബന്ധിച്ചുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പുകളൊന്നും ഇതുവരെ ലഭിക്കാത്തതിനാൽ ആശങ്കയിലാണ് സ്‌കൂൾ അധികൃതർ. രാവിലെ 10.30 നു ശേഷം കാലാവസ്ഥ മോശമായപ്പോൾ രക്ഷിതാക്കൾ കുട്ടികളെ കൊണ്ടുപോയതിനാൽ അധ്യയനം നടന്നില്ലെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നു.

മണിക്കൂറിൽ മുതൽ 60 കിലോമീറ്റർ വരെ വേഗതയിലാണ് ജിദ്ദയിൽ പൊടിക്കാറ്റ് വീശിയടിക്കുന്നത്. ചിലയിടങ്ങളിൽ മരങ്ങളും തൂണികളും കടപുഴകി വീഴുകയും ചെറിയ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുകയും ചെയ്തു.