- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഖാവ് മനസ്സിൽ കൂടിയത് ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ പഠനത്തിനിടെ; പ്രണയം വിവാഹമായത് എല്ലാവരുടേയും അംഗീകാരത്തോടെ; 'ഞാൻ വാങ്ങിയ പിറന്നാൾ ഉടുപ്പ് ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ' എന്ന് പൊട്ടിക്കരഞ്ഞ സുനിത; പിറന്നാളിന് പ്രിയപ്പെട്ടവന് വാങ്ങിയത് മെറൂൺ ഷർട്ട്; ഈ കണ്ണീരിന് ആരു സമാധാനം പറയും
ചങ്ങനാശേരി: അത്രമേൽ സ്നേഹിച്ചൊരാത്മാവിന്റെ പിറന്നാൾ സമ്മാനമായിരുന്നു ആ മെറൂൺ ഷർട്ട്. മകൾക്കൊപ്പമുള്ള ആദ്യ ജന്മദിനാഘോഷത്തിലേക്ക് അവർ നാലുപേരും നടന്നടുക്കുന്നതിന് മണിക്കൂറുകൾമുമ്പായിരുന്നു ആ കൊലപാതകം. പ്രസവാനന്തര ശുശ്രൂഷയ്ക്ക് തൃക്കൊടിത്താനം കുന്നുംപുറത്ത് പ്ലാംപറമ്പിൽ വീട്ടിലായിരുന്നു സുനിത. ജന്മദിനമായ ശനിയാഴ്ച പിറന്നാളിന് എത്താമെന്ന് സന്ദീപ് പറഞ്ഞിരുന്നു. അന്ന് നൽകാൻ കാത്തുവച്ചതായിരുന്നു ആ ഷർട്ട്. ഒടുവിൽ ആ ഷർട്ടണിഞ്ഞ് പ്രിയതമൻ എരിഞ്ഞടങ്ങി.
വ്യാഴാഴ്ച രാത്രി സന്ദീപിന് എന്തോ അപകടം പറ്റിയതായി സുനിത അറിഞ്ഞിരുന്നു. രാത്രിതന്നെ വീട്ടുകാർ മരണവിവരം അറിഞ്ഞെങ്കിലും മകളോട് അത് പറയാൻ അവർക്കായില്ല. അച്ഛൻ പി കെ കുമാരസ്വാമിയും അമ്മ ജ്യോതിയും മരണവിവരം മകളിൽനിന്ന് മറച്ചുവയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 'ഞാൻ വാങ്ങിയ പിറന്നാൾ ഉടുപ്പ് ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ' ആശ്വസിപ്പിക്കാൻ എത്തിയവരെ സുനിത ഇടയ്ക്കിടെ ഓർമിപ്പിച്ചു.
ചങ്ങനാശേരി എൻഎസ്എസ് കോളേജിലാണ് ഇരുവരും ഡിഗ്രി പഠിച്ചത്. എസ്എഫ്ഐ നേതാവായ സന്ദീപുമായുള്ള പരിചയമാണ് വിവാഹത്തിൽ എത്തിയത്. ''എല്ലാർക്കും ഇഷ്ടമായിരുന്നു. ചേട്ടന് ശത്രുക്കൾ ഇല്ലായിരുന്നു, പിന്നെ എന്തിനാണവർ അത് ചെയ്തത്'' സുനിതയുടെ ചോദ്യങ്ങൾക്ക് ആർക്കും ഉത്തരമില്ല. രാവിലെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തി സന്ദീപിന്റെ മൃതദേഹം കണ്ടശേഷമാണ് ചാത്തങ്കേരിയിലെ വീട്ടിലേക്ക് സുനിതയെ കൂട്ടിക്കൊണ്ടുവന്നത്. പൊതുദർശനങ്ങൾക്കുശേഷം വൈകിട്ട് ആറോടെയാണ് സന്ദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളുടെ അന്ത്യാഞ്ജലിക്കുശേഷം ആയിരങ്ങളെ സാക്ഷിനിർത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു.
ആഞ്ഞിലിപ്പറമ്പ് പാടത്തിനു നടുവിലെ കലുങ്ക് സന്ദീപിന് പ്രിയപ്പെട്ട ഇടമാണ്. ഏവർക്കും അറിയാവുന്ന വസ്തുത. വീട്ടിൽ മൊബൈൽ ഫോണിനു റേഞ്ച് ഇല്ലാത്തതിനാൽ ഇവിടെയിരുന്നാണ് അത്യാവശ്യ ഫോൺ വിളികളൊക്കെ നടത്തുന്നത്. അങ്ങനെ ഒരു ഫോൺ വിളിക്കിടെയാണ് മരണം എത്തിയത്. സന്ദീപിനേക്കാൾ 10 വയസ്സു കുറവാണ് കൊലപാതകത്തിൽ അറസ്റ്റിലായ ജിഷ്ണുവിന്. അടുത്തടുത്ത താമസക്കാർ. എന്നും കാണുന്നവർ. ഏറെ നാളായി ഇരുവരും തമ്മിൽ പ്രശ്നമുണ്ട്.
രാഷ്ട്രീയമായി ഇരു ചേരികളിലായതിനാൽ തമ്മിലുള്ള ഉരസൽ ഇടയ്ക്കിടെ ഉണ്ടായിരുന്നു. ഭ്രാന്തു പിടിച്ച മനസുമായി ജിഷ്ണു കൂട്ടാളികളുമൊത്തു വരുമ്പോൾ അതൊരു കൊലപാകമാകുമെന്ന് സന്ദീപ് കരുതിക്കാണില്ല. എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ജിഷ്ണു ക്രൂരനായി. ബൈക്ക് ഉൾപ്പടെ സന്ദീപിനെ പത്ത് അടി താഴ്ചയുള്ള പാടത്തെ ചെളിയിലേക്ക് ജിഷ്ണു തള്ളിയിട്ടു. അരിശം തീരുംവരെ സന്ദീപിനെ കുത്തി. ഒപ്പം കൂട്ടാളികൾ കരയിലും വെള്ളത്തിലുമുണ്ടായിരുന്നു.
വടിവാളും കഠാരയും എപ്പോഴും കയ്യിൽ കരുതുന്നവരാണ് ജിഷ്ണുവിന്റെ ക്വട്ടേഷൻ സംഘം. ഇതേ സംഘം ഈ വർഷം ഇത് മൂന്നാമത്തെ ക്രിമിനൽ കേസാണ് ഈ കുട്ടരുടേയും. ജിഷ്ണുവിന്റെ ബന്ധുവും സന്ദീപിന്റെ സന്തത സഹചാരിയുമായ രാകേഷാണ് ആദ്യം രക്ഷയ്ക്ക് എത്തിയത്. സംഘത്തിലൊരാൾ കൊടുവാളുമായി രാകേഷിനു നേരെ നീങ്ങിയപ്പോൾ ജിഷ്ണു തടഞ്ഞു. അതെന്റെ ബന്ധുവാണ്, കൊല്ലരുതെന്നു പറഞ്ഞു.
ദാ അവിടെ വെട്ടിയിട്ടിട്ടുണ്ട്, വേണേൽ എടുത്തോണ്ടു പൊയ്ക്കോ, എന്ന് രാകേഷിനോടു പറഞ്ഞ ശേഷമാണ് ജിഷ്ണുവും സംഘവും കരുവാറ്റയിലേക്കും മറ്റ് ഒളിസങ്കേതങ്ങളിലേക്കും പോയത്. ബൈക്കിലാണ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. മൊത്തം 18 മുറിവാണ് ശരീരത്തിലുള്ളത്. സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ ആർഎസ്എസ്- ബിജെപി ക്രിമിനൽ സംഘം കൊലപ്പെടുത്തിയത് നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. പത്തനംതിട്ടയിൽ ബിജെപിയിൽ നിന്ന് പ്രവർത്തകർ കൊഴിഞ്ഞുപോകുന്നത് തടയുന്നതിന് അരാജത്വം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊല എന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ