ആലുവ: എംഡിഎംഎ യും ഹാഷിഷും കൊക്കെയിനുമടക്കം മാരക ലഹരിപദാർത്ഥങ്ങളുമായി പിടിയിലായ കൊച്ചി സ്വദേശി സനീഷ് മയക്കുമരുന്നു വ്യാപാരംഗത്തെ കൊമ്പൻ സ്രാവ്. ചുരുങ്ങിയത് പത്തുകോടിയിലേറെ രൂപയുടെ മയക്കുമരുന്നുകൾ ഇയാൾ അടുത്ത കാലത്ത് വിറ്റഴിച്ചതായിട്ടാണ് എക്‌സൈസ് അധികൃതർ നടത്തിയ പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്. അഭിനേതാക്കൾക്കും അണിയറപ്രവർത്തകരുമടക്കം സിനിമാ മേഖലയിലുള്ളവർക്കും ഡി ജെ പാർട്ടി നടത്തിപ്പുകാർക്കും അറിയപ്പെടുന്ന പ്രമുഖർക്കും വിലകൂടിയ മയക്കുമരുന്നുകൾ എത്തിച്ചുനൽകിയിരുന്ന അന്തർ സംസ്ഥാന മയക്കുമരുന്നു സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ കൊച്ചി കുമ്പളം ബ്ലായിത്തറ സനീഷെന്നാണ് (32)എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ വിലയിരുത്തൽ.

ഇതിനകം താൻ എട്ടുതവണ ഗോവയിൽ നിന്നും കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായിട്ടാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ഇയാളുമായി അടുത്തബന്ധമുള്ളവരെ കണ്ടെത്തി വിതരണ-വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനാണ് അന്വേഷക സംഘത്തിന്റെ നീക്കം. ഗോവയാണ് ഇയാളുടെ പ്രധാന തട്ടകമെന്നും ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുമായി ഇയാൾക്ക് അടുത്തബന്ധമുണ്ടെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. സനീഷിനെയും കൊണ്ട് ഗോവയിൽ തെളിവെടുപ്പിന് പോകാൻ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാവുമെന്ന കാര്യത്തിൽ ഇപ്പോഴും അധികൃതർക്ക് യാതൊരെത്തും പിടിയുമില്ല.

അത്യാധുനിക ആയുധങ്ങളുമായി എന്തിനും മടിയില്ലാത്ത വിദേശികൾ ഉൾപ്പെടെയുള്ളവർ കാവൽ നിൽക്കുന്ന ഗോവയിലെ രഹസ്യകേന്ദ്രങ്ങളിൽ രാത്രികാലങ്ങളിലാണ് മയക്കുമരുന്ന് വ്യാപാരം പൊടിപൊടിക്കുന്നതെന്നാണ് സനീഷിന്റെ വെളിപ്പെടുത്തലുകളിൽ നിന്നും അധികൃതർക്ക് ബോദ്ധ്യമായ വിവരം. നിലവിലെ സാഹചര്യത്തിൽ ഗോവൻ പൊലീസിനുപോലും പേടിസ്വപ്നമായ ഇക്കൂട്ടരുടെ താവളത്തിലെത്തി തെളിവെടുക്കാമെന്ന എക്‌സൈസ് സംഘത്തിന്റെ കണക്കുകൂട്ടൽ മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ പര്യവസാനിക്കാനാണ് സാദ്ധ്യതയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സനീഷ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം പിന്നിട്ടതായിട്ടാണ് അധികൃതരുടെ കണ്ടെത്തൽ. വിൽപ്പനക്കാരനെ കയ്യോടെ പിടികൂടാനായത് നേട്ടമായെങ്കിലും ഇയാളുടെ ഉന്നത ബന്ധം കണ്ടെത്തുന്നതിനുള്ള എക്‌സൈസിന്റെ നീക്കം വിജയിക്കാനിടിയില്ലെന്നതാണ് നിലവിലെ സ്ഥിതി. എക്‌സൈസിന്റെ നാളിതുവരെയുള്ള പ്രവർത്തനത്തിൽ ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതും ആദ്യമാണ്. പിടിച്ചെടുത്ത 300 ഗ്രാമിൽ താഴെയുള്ള മൂന്നിനത്തിൽപ്പെട്ട മയക്കുമരുന്നുകൾക്കുമായി ചില്ലറ വിൽപ്പനയിൽ ഒരു കോടി രൂപവരെ ലഭിക്കുമെന്നാണ് അധികൃതരുടെ കണ്ടെത്തൽ.

ക്രിസ്റ്റൽ രൂപത്തിലുള്ള 47 ഗ്രാം എം ഡി എം എ, മൂന്നുഗ്രാം ദ്രവരൂപത്തിലുള്ള എം ഡി എം എ, പതിനൊന്നുഗ്രാം കൊക്കെയിൻ, 230 ഗ്രാം ഹാഷിഷ് , ഇവ തൂക്കാനുപയോഗിക്കുന്ന മൊബൈൽ രൂപത്തിലുള്ള ത്രാസും അനുബന്ധ ഉപകരണങ്ങളും12,600 രൂപയും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി ഐ സജി ലക്ഷമണന്റെ നേതൃത്വത്തിള്ള സംഘം ഇയാളിൽ നിന്നും കണ്ടെടുത്തിരുന്നു.സനീഷ് സഞ്ചരിച്ചിരുന്ന പതിനഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ഹുണ്ടായ് ക്രേറ്റ കാറും അധികൃതർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡി ജെ പാർട്ടികളിൽ പങ്കെടുക്കുകയും എം ഡി എം എ ഉപയോഗിക്കുകയും ചെയ്തിരുന്ന യുവാക്കളിൽ ചിലരെ രണ്ടാഴ്ചയോളം നീരീക്ഷിച്ചശേഷം ഇവരിൽ ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ഇയാളെക്കൊണ്ട് സനീഷിനെ വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നെന്നാണ് എക്‌സൈസ് സംഘത്തിന്റെ വെളിപ്പെടുത്തൽ.

കൊക്കെയിനും ഹാഷീഷും ഗ്രാമിന് 5000 മുതൽ 6000 രൂപവരെയാണ് ചില്ലറ വിൽപ്പനക്കാർ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. ക്രിസ്റ്റൽ രൂപത്തിലുള്ള എം ഡി എം എ 100 മില്ലിഗ്രാമിന് 5000 മുതൽ 6500 രൂപവരെ ഇയാൾ ഈടാക്കിയിരുന്നെന്നും ഇതേ അളവിന് മോഹവില 11, 000 രൂപവരെ ഉണ്ടെന്നും ചെറിയ പഞ്ചസാരക്കട്ടയിൽ ഒരുതുള്ളി ദ്രവരൂപത്തിലുള്ള എം ഡി എം എ ഒഴിച്ചു നൽകുമ്പോൾ ഇയാൾ 1500 രൂപവരെ വാങ്ങിയിരുന്നെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ. ഇതിനു പുറമേ ഡി ജെ പാർട്ടികളിൽ ഉപയോഗിക്കുന്ന എൽ എസ് ബി യും ഇയാൾ വിറ്റഴിച്ചിരുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ക്രിസ്റ്റൽ -ദ്രവരൂപത്തിലുള്ള എം ഡി എം എ കുറഞ്ഞ അളവിൽ ഒരുതവണ ഉപയോഗിച്ചാൽ കെട്ടുവിടാൻ മൂന്നു ദിവസമെങ്കിലും വേണ്ടിവരും. ഈ ഇനത്തിൽപ്പെട്ട മയക്കുമരുന്നുകളിൽ ചിലത് മണിക്കൂറുകളോളം ലൈംഗിക വേഴ്ചയിലേർപ്പെട്ടാലും ഊർജ്ജസ്വലത നഷ്ടപ്പെടാതെ നിലനിർത്തുമെന്നും യുവാക്കളിൽ ഒരുവിഭാഗം ഇതിന്റെ ഉപഭോക്താക്കളായി മാറാൻ പ്രധാന കാരണം ഇതാണെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എം ഡി എം എ ഉപയോക്താക്കൾ ഏറെയും ഉന്നത സാമ്പത്തിക നിലവാരത്തിൽ കഴിയുന്നവരാണെന്നും സിനിമാ ഷൂട്ടിങ് ലൊക്കേഷനുകൾ ഇയാളുടെ പ്രധാന വൽപ്പനകേന്ദ്രമായിരുന്നെന്നും ഉദ്യോഗസ്ഥ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും കയ്യോടെ പിടികൂടുന്നതിന് ഇത്തരം കേന്ദ്രങ്ങൾ ശക്തമായി നിരീക്ഷിക്കുന്നതിനും അധികൃതർ കർമ്മപദ്ധതി തയ്യാറാക്കിയെന്നാണ് സൂചന.