- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെലോഷിപ്പ് തിളക്കവുമായി കരിവെള്ളൂർ മുരളി സെക്രട്ടറി സ്ഥാനത്ത് എത്തിയേക്കും; സൈബർ സഖാക്കളുടെ എതിർപ്പുണ്ടെങ്കിലും എംജി ശ്രീകുമാറിന്റെ പേര് ഇപ്പോഴും സജീവ പരിഗണനയിൽ; പരിവാർ ബന്ധം തള്ളി പറഞ്ഞാൽ ഗായകന് സാധ്യത കൂടും; സംഗീത-നാടക അക്കാദമി നാഥനില്ലാ കളരി
ആലപ്പുഴ: നാഥനില്ലാ കളരിയായ സംഗീത-നാടക അക്കാദമി. ഗായകനായ എംജി ശ്രീകുമാറിനെ നിയമിക്കാനായിരുന്നു സർക്കാരിന്റെ മോഹം. എന്നാൽ എംജി ശ്രീകുമാർ ബിജെപിക്കാരനെന്ന് പറഞ്ഞ് ചിലർ പാരയിട്ടു. സൈബർ സഖാക്കൾ വിഷയം കത്തിച്ചു. ഇതോടെ ആ നിയമനം നടന്നില്ല. ഇതോടെ സർക്കാരും അക്കാദമിയെ മറന്നു.
ആ വിവാദം കഴിഞ്ഞ് വർഷം ഒന്നുകഴിഞ്ഞിട്ടും സംഗീത-നാടക അക്കാദമിക്കു ചെയർമാനുമില്ല, സെക്രട്ടറിയുമില്ല. എം.ജി. ശ്രീകുമാറിനെ ചെയർമാനാക്കാനുള്ള നീക്കം വിവാദമായതിനുശേഷം തുടർനടപടി ഉണ്ടായില്ലെന്നതാണ് വസ്തുത. പകരം ആളിനെ നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടാക്കാത്തതാണ് ഇതിന് കാരണം. സിപിഎം സെക്രട്ടറിയേറ്റിലും പിന്നീട് ഇതേ കുറിച്ച് ചർച്ച നടന്നില്ല. ഇനി തീരുമാനം എടുക്കണമെങ്കിൽ അമേരിക്കയിലുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിൽസ കഴിഞ്ഞ് മടങ്ങി എത്തണം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകാനും സാധ്യതയുള്ളൂ. മെയ് 10-നു പ്രഖ്യാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞങ്കിലും നടന്നില്ല. ഭാരവാഹികളാകാനുള്ള ഇടതുസഹയാത്രികരുടെ കൂട്ടയിടിയും നിഷ്പക്ഷരുടെ താത്പര്യക്കുറവും തൃക്കാക്കര തിരഞ്ഞെടുപ്പും കാരണം തീരുമാനം നീണ്ടു. എംജി ശ്രീകുമാറിനെ തന്നെ നിയമിക്കുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇനി ശ്രീകുമാർ സ്ഥാനം ഏറ്റെടുക്കുമോ എന്നതും ചോദ്യമായി ഉയരുന്നു.
ചെയർമാൻ സ്ഥാനത്തേക്കു മട്ടന്നൂർ ശങ്കരൻകുട്ടി ഉൾപ്പെടെ പലരുടെയും പേര് ഉയർന്നിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.പി.എ.സി. ലളിതയായിരുന്നു ചെയർപേഴ്‌സൺ. ഇത്തവണ നിഷ്പക്ഷരാകണമെന്ന നിലപാടിലാണ് ഗായകൻ എം.ജി. ശ്രീകുമാറിന്റെ പേര് മന്ത്രിയുടെ മുന്നിലെത്തിയത്. എന്നാൽ, ശ്രീകുമാർ സംഘപരിവാർ സഹയാത്രികനാണെന്ന വാദമുയർന്നതോടെ നിയമനം മരവിപ്പിച്ചു. സിപിഎം ചർച്ച ചെയ്‌തെടുത്ത തീരുമാനമാണ് വേണ്ടെന്ന് വച്ചത്.
പകരം പല ജില്ലകളിൽനിന്നും നിർദ്ദേശങ്ങളെത്തി. ഇതെല്ലാം പരിശോധിച്ച് ചില പേരുകൾ മുഖ്യമന്ത്രിക്കു കൈമാറിയിരിക്കുകയാണ്. സെക്രട്ടറി സ്ഥാനത്തേക്കു കരിവെള്ളൂർ മുരളിയുടെ പേര് ഏതാണ്ട് ഉറച്ച മട്ടാണ്. ഇടതു സഹയാത്രികനും നാടകകൃത്തും കവിയുമാണ് അദ്ദേഹം. നിലവിൽ സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി ജനാർദനനാണ് സെക്രട്ടറിയുടെ ചുമതല. എന്നാൽ പ്രസിഡന്റിൽ തീരുമാനം വൈകുകയാണ്. ഉറച്ച സിപിഎം അനുഭാവിയെ സെക്രട്ടറിയാക്കി എംജി ശ്രീകുമാറിനെ പ്രസിഡന്റാക്കാനുള്ള ഫോർമുലയും ആലോചനകളിലുണ്ട്. കഴിഞ്ഞ വർഷത്തെ ഫെലോഷിപ്പും നേടിയ വ്യക്തിയാണ് കരിവെള്ളൂർ മുരളി.
എം.ജി ശ്രീകുമാറിനെ നിയമിക്കാൻ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങളും എതിർപ്പും ഉയർന്ന സാഹചര്യത്തിൽ അത് നേരത്തെ വേണ്ടെന്ന് വച്ചതുമാണ്. സംഘ് പരിവാർ അനുഭാവം പരസ്യമായി പ്രകടിപ്പിക്കുകയും ബിജെപി സ്ഥാനാർത്ഥിക്കു വേണ്ടി പ്രചരണത്തിനിറങ്ങുകയും ചെയ്ത എം.ജി ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ഇടതുപക്ഷ രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകർ വലിയ പ്രതിഷേധം പങ്കുവെച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനൊപ്പം എം.ജി ശ്രീകുമാർ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എം.ജി ശ്രീകുമാറായിരുന്നു. 2016ൽ കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന വി മുരളീധരന് വേണ്ടി പ്രചാരണം നടത്തിയ എംജി ശ്രീകുമാർ പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തുകയും ചെയ്തിരുന്നു. ഇതെല്ലാം തള്ളി പറഞ്ഞാൽ എംജി ശ്രീകുമാറിനെ അക്കാദമി ചെയർമനാകാൻ കഴിയും. എന്നാൽ അതിന് ഗായകൻ തയ്യാറല്ല. ഈ ആവശ്യമില്ലെന്ന നിലപാടിലാണ് ശ്രീകുമാർ എന്നും സൂചനയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ