കൊച്ചി: ജാതി അധിക്ഷേപത്തെ തുടർന്ന് കൊച്ചിയിൽ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അടക്കം മൂന്ന് പേർ അറസ്റ്റിൽ. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യംചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. രമണിയെയും, മനീഷയെയും കുന്നംകുളത്തെ വീട്ടിൽ നിന്ന് വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ ഒളിവിലായിരുന്ന സുമേഷ് സെൻട്രൽ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ജൂൺ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2020 ലായിരുന്നു സുമേഷിന്റെയും സംഗീതയുടെയും വിവാഹം. സംഗീതയെ ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാർ ആരോപിച്ചിരുന്നു.

ഭർതൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ച് സംഗീതയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവിനേയും ഭർതൃവീട്ടുകാരേയും പൊലീസ് അറസ്റ്റ് ചെയ്തത്. .

വിവാഹശേഷം കുന്നംകുളത്തെ സുമേഷിന്റെ വീട്ടിൽ കുടുംബാംഗങ്ങളിൽ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നു. പ്രതീക്ഷിച്ചത്ര സ്ത്രീധനം കിട്ടിയില്ലെന്നതായിരുന്നു പീഡനങ്ങളുടെ ആദ്യ കാരണം.