- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരാമ്പ്രയിൽ മത്സ്യവിൽപ്പനയുടെ പേരിലുള്ള സിപിഎം-ലീഗ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ: സിപിഎം ലോക്കൽ സെക്രട്ടറിയുടെ വാക്കുകൾ ആഘോഷമാക്കി സംഘ പരിവാർ; ആർ എസ് എസുകാർ മാർക്കറ്റിൽ മീൻ വിറ്റപ്പോൾ തടയാൻ ലീഗുകാർക്ക് ചങ്കൂറ്റമുണ്ടായില്ലല്ലോ? എന്താ പറ്റാത്തത്, അതിനുള്ള ചങ്കൂറ്റമൊന്നും അവർക്കില്ലല്ലെന്ന് ലോക്കൽ സെക്രട്ടറി; പോരട്ടങ്ങനെ പോരട്ടെ, ബിജിഎം ഇട് എന്ന് പറഞ്ഞ് കാവിക്കൊടി ഉയർന്ന് സംഘപരിവാർ ഗ്രൂപ്പുകളിൽ ആഘോഷ വീഡിയോ
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പേരാമ്പ്രയിൽ സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ ഏറ്റുമുട്ടിയത് ഇന്നലെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഘർഷത്തെക്കുറിച്ചുള്ള സി പി എം ലോക്കൽ സെക്രട്ടറിയുടെ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പേരാമ്പ്ര മത്സ്യ മാർക്കറ്റ് ലീഗും എസ് ടി യു വും കുത്തകയാക്കി വെക്കുന്ന എന്നാരോപിച്ച് സി ഐ ടി യു പ്രവർത്തകർ മത്സ്യം വിൽക്കാനെത്തിയപ്പോഴാണ് ഇന്നലെ സംഘർഷം ഉടലെടുത്തത്. സി പി എം, സി ഐ ടി യു പ്രവർത്തകർ ഒരു വശത്തും ലീഗ്, എസ് ടി യു പ്രവർത്തകർ മറുഭാഗത്തും നിന്ന് നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഘർഷത്തെക്കുറിച്ച് സി പി എം പേരാമ്പ്ര വെസ്റ്റ് ലോക്കൽ സെക്രട്ടറിയും പേരാമ്പ്ര പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ വി കെ പ്രമോദ് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഘപരിവാർ പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നത്. മൂന്നോ നാലോ വർഷം മുമ്പ് മാർക്കറ്റിൽ ആർ എസ് എസുകാർ വന്ന് കച്ചവടം നടത്തി പോയിട്ടില്ലേ. ലീഗിൽ ചങ്കൂറ്റമുള്ള ഏതെങ്കിലും ഒരുത്തന് അവരെ അക്രമിക്കാൻ പോയിക്കൂടായിരുന്നോ. എന്താ പറ്റാത്തത്. അതിനുള്ള ചങ്കൂറ്റമൊന്നും അവർക്കില്ല - വി കെ പ്രമോദിന്റെ ഈ വാക്കുകളാണ് സംഘ പരിവാർ ഗ്രൂപ്പുകൾ ആഘോഷമാക്കുന്നത്. പോരട്ടങ്ങനെ പോരട്ടെ ... എല്ലാമിങ്ങ് പോരട്ടെ, ബി ജി എം ഇട് ... എന്ന് പറഞ്ഞ് ആർഎസ്എസ് റാലി ഉൾപ്പെടെ എഡിറ്റ് ചെയ്ത് ചേർത്താണ് സംഘ പരിവാർ പ്രമോദിന്റെ വീഡിയോ പ്രചരിപ്പിക്കുന്നത്.
നേരത്തെ മത്സ്യ മാർക്കറ്റിൽ കച്ചവടം ചെയ്യാൻ ആർഎസ്എസ് പ്രവർത്തകർ എത്തിയപ്പോൾ ലീഗ് പ്രവർത്തകർ അവരെ തടഞ്ഞിരുന്നില്ല. അവർ കച്ചവടം ആരംഭിക്കുകയും ചെയ്തു. മത്സ്യത്തിന് പരമാവധി വില കുറച്ചു വിറ്റ് ആർ എസ് എസുകാരെ പ്രതിസന്ധിയിലാക്കിയാണ് ലീഗ് അന്നവരെ നേരിട്ടത്. വലിയ തോതിൽ വില കുറച്ചു വിൽക്കാൻ കഴിയാതെ വന്നപ്പോൾ ആർ എസ് എസുകാർ കച്ചവടം നിർത്തി പോവുകയായിരുന്നു. എന്നാലിപ്പോൾ സി ഐ ടി യു പ്രവർത്തകർ കച്ചവടത്തിന് വന്നപ്പോൾ കായികമായി തന്നെ നേരിടുകയായിരുന്നു ലീഗുകാർ.
ആർ എസ് എസിനെ നേരിടാൻ ലീഗിന് പേടിയാണെന്നും തങ്ങളായതു കൊണ്ടാണ് അക്രമിച്ചതെന്നുമാണ് പ്രമോദിന്റെ വാക്കുകളിൽ ഉള്ളത്. ഇതാണിപ്പോൾ സംഘപരിവാർ ഉയർത്തിപ്പിടിക്കുന്നത്. സി പി എം പ്രവർത്തകർ പ്രമോദിനെ ശക്തമായി എതിർത്ത് രംഗത്തു വരുന്നുണ്ട്. ആർ എസ് എസിനെ വലിയ സംഭവമായി ചിത്രീകരിക്കുകയാണ് പ്രമോദ് ചെയ്തത്. ഇത് പാർട്ടി പ്രവർത്തകരുടെ ആത്മധൈര്യം ഇല്ലാതാക്കുന്ന സംസാരമായിപ്പോയെന്നാണ് വിമർശനം.
നേരത്തെ റേഷൻ കടകളിൽ അരിയെത്തിയപ്പോൾ പ്രമോദ് സി പി എം ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശം ആരോ പുറത്ത് പ്രചരിപ്പിച്ചിരുന്നു. റേഷൻ കടകളിൽ അരിയെത്തിയിട്ടുണ്ട്. നാളെ മുതൽ വിതരണം ആരംഭിക്കും. ആർ ആർ ടി വളണ്ടിയർമാർ എന്നു പറഞ്ഞ് പഞ്ചായത്തിൽ എല്ലാ പാർട്ടിക്കാരും ഉള്ള സംവിധാനം ഉണ്ട്. അവരെ ഏൽപ്പിച്ചു കഴിഞ്ഞാൽ ചില ആളുകൾ കയറി ഗോളടിക്കുന്ന സ്ഥിതിയുണ്ടാകും. അതുണ്ടാവാതിരിക്കാൻ സഖാക്കൾ എല്ലാ വീടുകളിലും പോയി കാർഡുകൾ ശേഖരിച്ച് വേഗം അവർക്കെല്ലാം അരിയെത്തിച്ചു കൊടുക്കണം എന്നായിരുന്നു പ്രമോദ് പറഞ്ഞത്. ഇതും പേരാമ്പ്രയിൽ വലിയ ചർച്ചയായിരുന്നു. ഇന്നലെ സി ഐ ടി യു പ്രവർത്തകർ ഗുഡ്സ് ഓട്ടോറിക്ഷയിൽ മത്സ്യവുമായി മാർക്കറ്റിൽ മത്സ്യവിൽപ്പനക്കെത്തിയപ്പോൾ എസ് ടി യു പ്രവർത്തകർ തടയുകയായിരുന്നു. ഇതാണ് പിന്നീട് കൂട്ടത്തല്ലിൽ കലാശിച്ചത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.