കോഴിക്കോട്: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുനേരെ വീണ്ടും മതമൗലിക ശക്തികളുടെ ഭീഷണി. എഴുത്തുകാരനും മനോരമ ന്യൂസിലെ അവതാരകനുമായ പ്രമോദ് രാമനുനേരെയാണ് കഥയെഴുതിയ്തിന്റെപേരിൽ സംഘപരിവാർ അനുകൂലികളുടെ ഭീഷണി ഉണ്ടായത്. സമകാലിക മലയാളം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച 'ഇന്ത്യാ പസിൽ' എന്ന ചെറുകഥ വന്നതിന് ശേഷമാണ് ഭീഷണി.

ഇതുസംബന്ധിച്ച് പ്രമോദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

നേരത്തെ ഇട്ടത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് തോന്നുന്നു. കാര്യം ഇതാണ്. പുതിയ കഥയിൽ ഇന്ത്യയുടെ ഭൂപടം നടി വിദ്യാബാലന്റെ ശരീരത്തോട് ഉപമിച്ചുവെന്നും അത് തന്റെ ദേശസ്നേഹത്തെ മുറിവേല്പിച്ചുവെന്നും പറഞ്ഞു ഒരാൾ വിളിച്ചു. കുഞ്ഞുമുഹമ്മദിനെ (കഥാപാത്രം) കണ്ടാൽ വിവരം പറഞ്ഞേക്കാമെന്ന് പറഞ്ഞു വച്ചു. സംഘ്പരിവാർ പ്രവർത്തകനാണ്. ഇക്കാര്യത്തിൽ അവരെ അഭിനന്ദിക്കണം. എത്ര പെട്ടെന്നാ കഥയൊക്കെ വായിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ എന്തെങ്കിലും ഉണ്ടോന്ന് അന്വേഷിക്കുന്നത്. - പ്രമോദ് രാമൻ വ്യക്താമാക്കി.

സമകാലിക ഇന്ത്യൻ അവസ്ഥയിൽ സർക്കാരിനെ, സംഘ്പരിവാർ രാഷ്ട്രീയത്തെ വിമർശനാത്മകമായി സമീപിക്കുന്നതാണ് പ്രമോദ് രാമന്റെ ഇന്ത്യാ പസിൽ എന്ന കഥ. നിരവധി രാഷ്ട്രീയ വായനകൾക്ക് സാധ്യതയുള്ള കഥാപരിസരവും കഥാപാത്രങ്ങളെയുമാണ് ഇന്ത്യാ പസിലിലൂടെ അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്.കഥയിലെ പ്രധാന കഥാപാത്രങ്ങൾ മുസ്ലിം സ്വത്വത്തിൽ പെടുന്നവരാണ്. ഇന്ത്യൻ ഭൂപടത്തിന്റെ മാതൃകയിലുള്ള പസിൽ വെച്ച് കളിക്കുന്ന കുഞ്ഞു എന്ന് വിളിക്കുന്ന (കുഞ്ഞുമുഹമ്മദ്) മൾട്ടിപ്പിൾ ഡിസോർഡറായ 17 വയസുള്ള കുട്ടി, കുഞ്ഞുവിനെ ശുശ്രൂഷിക്കാനായി നിൽക്കുന്ന ശോശ എന്ന യുവതി, കുഞ്ഞുവിന്റെ മാതാപിതാക്കളായ അമ്മു എന്നുവിളിപ്പേരുള്ള അസ്മാബി, കുട്ടികളുടെ ഡോക്ടറായ പിതാവ് ഡോ.കഫീൽ എന്നിവരിലൂടെ വികസിക്കുന്ന കഥ മോദികാലത്തെ ഇന്ത്യയുടെ അവസ്ഥയെ വിമർശനാത്മകമായി സമീപിക്കുകയാണ്.

ഉത്തർപ്രദേശിലെ ഗോരഖ്പൂർ ബിആർഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ.കഫീൽഖാന്റെ പേരിനോട് സാമ്യമുള്ളതാണ് കഥയിലെ ഡോ. കഫീൽ. ഇന്ത്യയുടെ ഭൂപടത്തെ നടി വിദ്യാബാലന്റെ ശരീരത്തോട് കഥാപാത്രമായ കുഞ്ഞു ഉപമിക്കുന്നുണ്ട്. ഇതിനെതിരെയാണ് സംഘപരിവാർ പ്രവർത്തകന്റെ ഭീഷണി രൂപത്തിലുള്ള ഫോൺവിളി എത്തിയത്.

നേരത്തെ എസ് ഹീരഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ മീശ എന്ന നോവലിനെതിരെയും കടുത്ത സംഘപരിവാർ ആക്രമണം നടന്നിരുന്നു. അതുപോലെ ഇസ്ലാമിക തീവ്രാവാദികളുടെ സമ്മർദത്തെത്തുടർന്ന് റഫീക്ക് മംഗലശ്ശേരിയുടെ നാടകം കിത്താബ് സംസ്്ഥാന സ്‌കൂൾ കലോൽസവത്തിൽനിന്ന് പിൻവലിച്ചതും ഈയിടെ ആയിരുന്നു.