കൊച്ചി: ആലുവയ്ക്കു സമീപം സെമിനാരിപ്പടിയിൽ സ്‌കൂട്ടറിൽ നിന്നും വീണ് ലോറി കയറി കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ എത്തുന്ന മകളെയും മരുമകനെയും തടയാൻ സംഘ പരിവാർ പ്രവർത്തകർ സംഘം ചേർന്നു കാത്തു നിൽക്കുന്നതായി റിപ്പോർട്ട്. എളവൂരിലെ വീടിനു സമീപം ആണ് രാവിലെമുതൽ സംഘ പരിവാർ പ്രവർത്തകർ കൂട്ടം ചേർന്നു നിൽക്കുന്നത്. മരിച്ച ദമ്പതികളുടെ രണ്ടു പെൺമക്കളിൽ മൂത്തവൾ മുൻപ് മതം മാറിയതാണ് പ്രശ്‌നത്തിന് കാരണം. ലണ്ടനിൽ ജോലി ചെയ്യവേ ഒപ്പം ജോലി ചെയ്തിരുന്ന ക്രൈസ്തവ വിശ്വാസിയായ യുവാവിനെ വിവാഹം കഴിച്ചപ്പോൾ തുടങ്ങിയായ വിദ്വേഷമാണ് മരണത്തിലുംതീരാത്ത പകയായി തുടരുന്നത്. ഇന്ന് രാത്രിയോടെ സ്ഥലത്ത് എത്തുന്ന ജോർലെറ്റ് എന്ന യുവാവിനെ കൊല്ലുമെന്ന ഭീഷണിയുമായാണ് അവർ നില ഉറപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് എളവൂർ പുത്തൻകാവ് അമ്പലത്തിന് സമീപം അപകടമുണ്ടായത്. സ്‌കൂട്ടർ മറിഞ്ഞ് റോഡിൽ വീണതിനെ തുടർന്ന് പിന്നിൽവന്ന ലോറി കയറി പെരുമ്പിള്ളിൽ വീട്ടിൽ പി.കെ. പരമേശ്വരൻനായർ (58), ഭാര്യ ലളിത (54) എന്നിവർ മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ടോടെ ദേശീയപാതയിൽ ആലുവ സെമിനാരിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലളിതയുടെ സഹോദരൻ അംബുജാക്ഷനെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു ദുരന്തം. പരമേശ്വരനും ലളിതയും സ്‌കൂട്ടറിലും, ഇളയ മകളും ഭർത്താവും 50 മീറ്ററോളം മുന്നിൽ മറ്റൊരു ബൈക്കിലുമാണ് സഞ്ചരിച്ചിരുന്നത്.

ദമ്പതികളുടെ സ്‌കൂട്ടർ മുന്നിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ മുട്ടി നിയന്ത്രണം തെറ്റി വലതുവശത്തേക്ക് മറിഞ്ഞു. പിറകിൽ വന്ന ലോറി ഇരുവരുടെയും ദേഹത്ത് കയറി. ലളിത തൽക്ഷണം മരിച്ചു. പരമേശ്വരനെ തൊട്ടടുത്തുള്ള ദേശം സി.എ. ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴി മധ്യേ മരിച്ചു. ജൈവകർഷകനും പാചകക്കാരനുമാണ് പരമേശ്വരൻ നായർ. എളവൂർ അമ്പാട്ട് കുടുംബാംഗമാണ് ലളിത. മരണമടഞ്ഞ ദമ്പതികളുടെ മൂത്ത മകളാണ് ലണ്ടനിൽ നഴ്‌സായ സൗമ്യ. ഇവർക്ക് സൂര്യ എന്ന മറ്റൊരു മകളുമുണ്ട്.

നഴ്സിങ് പഠിച്ച് ആറുവർഷം മുൻപ് യുകെയിൽ എത്തിയ സൗമ്യയും അവിടെ നിന്നും പരിചയപ്പെട്ടു വിവാഹിതനായ ജോർലെറ്റും വിവാഹ ശേഷം ബന്ധു വീടുകളുമായി അത്ര അടുപ്പത്തിൽ ആയിരുന്നില്ല. സംഘപരിവാർ ബന്ധമുള്ള ബന്ധുക്കൾ വിവാഹ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. സൗമ്യ വിവാഹ ശേഷം മതം മാറി എന്ന ആരോപണവും ബന്ധുക്കൾ ഉന്നയിക്കുന്നുണ്ടായിരുന്നു. മാതാപിതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും ബന്ധുക്കളുമായി അകലത്തിൽ ആയിരുന്നു.

യുകെയിൽ എത്തിയെങ്കിലും റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ ചതിയിൽ പെട്ട് വർക് പെർമിറ്റ് ശരിയാക്കാൻ കഴിയാതെ നരകിക്കുകയായിരുന്നു ഇരുവരും. മൂന്നു ഏജന്റുമാരായി 25 ലക്ഷത്തോളം രൂപയാണ് അടിച്ചു മാറ്റിയത്. എന്നാൽ ജോലി ചെയ്യാനുള്ള പെർമിറ്റ് ഇതുവരെ ലഭിച്ചതുമില്ല. അതുകൊണ്ടു ചെലവിനുള്ള പൈസ പോലും ഇവർക്ക് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വിവരങ്ങൾ ഒക്കെ ഇരുവരും ബന്ധുക്കളിൽ നിന്നും മറച്ചു വച്ചിരിക്കുക ആയിരുന്നു. അതിനിടയിൽ ആണ് ദുരന്തം ഉണ്ടായത്. മാതാപിതാക്കളെ ഒരു നോക്ക് കാണാൻ ആഗ്രഹിച്ച ഇവർ മറുനാടന്റെ സഹോദര സ്ഥപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് സഹായം അഭ്യർത്ഥിച്ചു കൊണ്ട് കത്ത് നൽകി.

ചാരിറ്റി ഫണ്ടേഷൻ രണ്ടുപേരിൽ നിന്നും രേഖാമൂലം അപേക്ഷ വാങ്ങിയ ശേഷം ഫണ്ട് ശേഖരിച്ചു ടിക്കറ്റ് എടുത്തു നൽകി ഇരുവരെയും ഇന്നലെ രാത്രി നാട്ടിലേക്കു വിമാനം കയറ്റി വിട്ടു. ഇവർക്കിനി യുകെയിലേക്കു മടങ്ങാൻ സാധിക്കാത്തതിനാൽ പത്തു ലക്ഷത്തോളം രൂപ ഇവരുടെ കടബാധ്യതകൾ തീർക്കാനായി നൽകാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഇവർ നാട്ടിൽ എത്തുന്നതറിഞ്ഞ് സംഘപരിവാർ അക്രമത്തിനു തയ്യാറെടുക്കുന്ന വിവരം പുറത്തറിയുന്നത്. വിവരം തിരക്കാൻ ചെന്ന മറുനാടൻ ലേഖകൻ അർജുൻ സി വനജിനെയാണ് ഇവർ മണിക്കൂറുകളോളം തടഞ്ഞു വച്ചതും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും.

സൗമ്യയുടെ അനുമതിയില്ലാതെ ചാരിറ്റി ഫൗണ്ടേഷൻ അവർക്കു സഹായം ചെയ്തത് മതപരിവർത്തനത്തിന് നൽകിയ കൂലിയാണ് എന്നാരോപിച്ചായിരുന്നു കയ്യേറ്റശ്രമം. മറുനാടൻ എഡിറ്ററെ സ്ഥലത്തെത്താൻ വിടില്ല എന്ന വാശിയിൽ ആയിരുന്നു പരിവാർ സംഘം. സൗമ്യ അപേക്ഷ നൽകിയ ശേഷമാണ് പണം നൽകിയതെന്ന് അർജുൻ പറഞ്ഞെങ്കിലും അവർക്കു വിശ്വാസം ഇല്ലായിരുന്നു. ജോർലറ്റിനെ തങ്ങൾ കൊല്ലുമെന്നും ഇവർ ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. അവനിങ്ങെത്തട്ടെ അവനെ കാണിച്ചുകൊടുക്കാമെന്നും അവനെ ശരിയാക്കിക്കോളാമെന്നുമായിരുന്നു ആക്രോശങ്ങൾ. ഹിന്ദുമതത്തിൽ നിന്നും മാറാൻ കൂട്ടുനിൽക്കുന്ന ഒരുത്തനെയും വെറുതെ വിടില്ല എന്നു പറഞ്ഞുകൊണ്ടാണ് കൊണ്ടാണ് ബജ്രംഗ്ദൾ സൗത്ത് ഇന്ത്യൻ കോ-ഓർഡിനേറ്റർ എന്ന് സ്വയം പരിചയപ്പെടുത്തിയ അനീഷ് രാമചന്ദ്രൻ എന്നയാളുടെ നേതൃത്വത്തിൽ കൊലവിളി നടത്തിയത്.

തുടർന്ന് അങ്കമാലി പൊലീസ് സ്ഥലത്തെത്തി അർജുനെയും കൂടിനിന്നവരെയും സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ ഇരിക്കാൻ അനുവദിക്കാതെ സർക്കിൾ ഇൻസ്പെക്ടർ അധിക്ഷേപിച്ചു. എറണാകുളം റൂറൽ എസ്‌പി എവി ജോർജിനെ വിവരം ധരിപ്പിച്ചതിന് തുടർന്നാണ് പൊലീസ് കാര്യമായ ഇടപെടൽ നടത്തിയത്. എന്നിട്ടും കയ്യേറ്റത്തിന് നേതൃത്വം നല്കിയവർക്കെതിരെ പൊലീസ് കേസെടുത്തില്ല.

അനീഷ് രാമചന്ദ്രനും കണ്ടാൽ അറിയാവുന്ന സംഘത്തിനും എതിരെ വധഭീഷണി അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുക്കണം എന്നാവശ്യപ്പെട്ടു അർജുൻ എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം, അനീഷ് രാമചന്ദ്രന് ബജ്രംഗ്ദളുമായി ഒരു ബന്ധവുമില്ലെന്ന് വിഎച്ച്പി സംസ്ഥാന കാര്യാലയം അറിയിച്ചു.