സിഡ്‌നി: ലോക ഒന്നാം നമ്പർ സാനിയ മിർസ-മാർട്ടിന ഹിഞ്ജിസ് സഖ്യം തുടർച്ചയായ ഡബിൾസ് വിജയങ്ങളുടെ ലോകറിക്കാർഡിനൊപ്പം. സിഡ്‌നി ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ് ക്വാർട്ടർ ഫൈനലിൽ നേടിയ ജയത്തോടെയാണു സഖ്യം തുടർച്ചയായ 28 ജയങ്ങളുടെ റിക്കാർഡിനൊപ്പമെത്തിയത്.

ജിജി ഫെർണാണ്ടസ്-നതാഷ സ്വരേവ സഖ്യത്തിന്റെ തുടർച്ചയായ 28 ജയങ്ങളുടെ റിക്കാർഡിനൊപ്പമാണ് ഇവർ ഇടംപിടിച്ചത്. 1994 കാലഘട്ടത്തിലായിരുന്നു ഇവരുടെ പ്രകടനം. സെമിയിലെത്തിയ മാർട്ടിന-സാനിയ സഖ്യം ഈ വർഷത്തെ രണ്ടാം കിരീടനേട്ടവും റിക്കാർഡുമാണു ലക്ഷ്യമാക്കുന്നത്. ചൈനീസ് സഖ്യമായ ചെൻ ലിയാംഗ്-ഹുവായ് പെംഗ് സഖ്യത്തെയാണ് ഇന്തോ-സ്വിസ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്കു തകർത്തത്. സ്‌കോർ: 6-2, 6-3. സഖ്യത്തിലായശേഷം 10 കിരീടങ്ങളാണ് ഇരുവരും ചേർന്ന് നേടിയത്. കഴിഞ്ഞയാഴ്ച നടന്ന ബ്രിസ്‌ബേൻ ഇന്റർനാഷണൽ ടൂർണമെന്റിൽ മാർട്ടിന-സാനിയ സഖ്യം കിരീടം നേടിയിരുന്നു.