ലണ്ടൻ: ചരിത്രം കുറിച്ച് ഇന്ത്യയുടെ ടെന്നീസ് റാണി സാനിയ മിർസ വിംബിൾഡണിലെ പുൽകോർട്ടിൽ വെന്നിക്കൊടി പാറിച്ചു. മുൻ ലോക ഒന്നാം നമ്പറും സ്വിസ് താരവുമായ മാർട്ടിന ഹിഞ്ജിസുമായി ചേർന്നാണ് ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഡബിൾസ് കിരീടം സാനിയ സ്വന്തമാക്കിയത്.

റഷ്യയുടെ എലേന വെസ്‌നിന - എക്കാതറിന മക്കാറോവ സഖ്യത്തെയാണ് സാനിയ-ഹിഞ്ജിസ് സഖ്യം ഫൈനലിൽ പരാജയപ്പെടുത്തിയത്. സ്‌കോർ 5-7, 7-6 (7/4), 7-5. ആദ്യ സെറ്റ് നഷ്ടപ്പെട്ട സാനിയ സഖ്യം അടുത്ത രണ്ട് സെറ്റുകൾ സ്വന്തമാക്കിയാണ് കിരീടം നേടിയത്. ആദ്യമായാണ് സാനിയ ആദ്യ വിംബിൾഡണിൽ മുത്തമിടുന്നത്.

കടുത്ത വെല്ലുവിളി ഉയർത്തിയ റഷ്യൻ സഖ്യത്തിനെതിരെ
മൂന്നാം സെറ്റിൽ തുടർച്ചയായി അഞ്ചു ഗെയിമുകൾ സ്വന്തമാക്കിയാണ് ടോപ് സീഡുകളായ സാനിയയും ഹിഞ്ജിസും കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നഷ്ടമാകുകയും രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്കു നീങ്ങുകയും ചെയ്തപ്പോൾ ഫൈനൽ ദുരന്തം സാനിയക്കു വിനയാകുമോ എന്ന് ആരാധകർ ആശങ്കയിലായി. എന്നാൽ, ശക്തമായി തിരിച്ചടിച്ച് രണ്ടാം സെറ്റു സ്വന്തമാക്കുകയായിരുന്നു ഇന്തോ-സ്വിസ് സഖ്യം.

മൂന്നാം സെറ്റിലും മികച്ച പോരാട്ടം കാഴ്ചവച്ച വെസ്‌നിന-മക്കറോവ സഖ്യം 5-2ന് മുന്നിലെത്തി കിരീടപ്രതീക്ഷ ഉയർത്തിയെങ്കിലും പ്രതീക്ഷ കൈവിടാതെ സാനിയയും ഹിഞ്ജിസും തുടർച്ചയായി അഞ്ചു ഗെയിമുകൾ സ്വന്തമാക്കി കിരീട നേട്ടത്തിൽ എത്തുകയായിരുന്നു.

കരിയറിൽ നാലാം ഗ്രാൻസ്ലാമാണ് സാനിയ സ്വന്തമാക്കിയത്. നേരത്തെ നേടിയ മൂന്നു കിരീടങ്ങളും മിക്‌സഡ് ഡബിൾസിലായിരുന്നു. 2009ലെ ഓസ്‌ട്രേലിയൻ ഓപ്പൺ, 2012ലെ ഫ്രഞ്ച് ഓപ്പൺ, കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പൺ എന്നിവയിലാണ് സാനിയ കിരീടം ചൂടിയത്. 2011ലെ ഫ്രഞ്ച് ഓപ്പൺ വനിതാ ഡബിൾസിൽ റഷ്യൻ കൂട്ടാളിയായിരുന്ന എൽന വെസ്‌നിനയ്‌ക്കൊപ്പം ഫൈനലിൽ കടന്നിരുന്നെങ്കിലും കലാശപ്പോരാട്ടത്തിൽ കാലിടറി.

വിംബിൾഡണിൽ സാനിയ-ഹിഞ്ജിസ് സഖ്യത്തിന്റെ വിജയ നിമിഷങ്ങൾ ഇതാ...

This is the moment Sania Mirza and Martina Hingis won the Ladies' Doubles title at #Wimbledon. http://bit.ly/W15LDF

Posted by Wimbledon on Saturday, 11 July 2015