സിംഗപ്പൂർ: ഡബ്ല്യുടിഎ ചാമ്പ്യൻഷിപ്പിലെ വനിതാ ഡബിൾസ് ടെന്നീസ് കിരീടം സാനിയ മിർസ-മാർട്ടിന ഹിഞ്ജിസ് സഖ്യത്തിന്. ഒരു സെറ്റ് പോലും വഴങ്ങാതെയാണു സാനിയ സഖ്യം ചാമ്പ്യന്മാരായത്.

ഫൈനലിൽ സ്പാനിഷ് സഖ്യമായ മുഗുരുസ- സുവാരസ് നവാരോയെയാണ് സാനിയയും ഹിഞ്ജിസും പരാജയപ്പെടുത്തിയത്. ഈ വർഷം ഇരുവരും നേടുന്ന ഒമ്പതാം കിരീടമാണിത്. സ്‌കോർ: 6-0, 6-3.

തുടർച്ചയായ രണ്ടാം തവണയാണ് സാനിയ ഡബ്ല്യുടിഎ കിരീടം നേടുന്നത്. കഴിഞ്ഞ തവണ കാര ബ്ലാക്കിനൊപ്പമായിരുന്നു സാനിയയുടെ കിരീട നേട്ടം.

ഹിഞ്ജിസിനൊപ്പം തോൽവിയറിയാതെയുള്ള 22-ാം ജയമാണു സാനിയ കുറിച്ചത്. വർഷാന്ത്യത്തിൽ ഡബിൾസിൽ ഒന്നാം റാങ്ക് ഉറപ്പിക്കാനും ഈ വിജയത്തോടെ സാനിയ-ഹിഞ്ജിസ് സഖ്യത്തിനായി.