കായിക ലോകത്തെ പ്രശസ്തായ ജോടികളാണ് ഇന്ത്യൻ ടെന്നീസ് സൂപ്പർ താരം സാനിയാ മിർസയും പാക്കിസ്ഥാന്റെ മുൻ സ്റ്റാർ ക്രിക്കറ്റർ ഷുഐബ് മാലിക്കും. 2010ലാണ് സാനിയ ഷുഐബിന്റെ ജീവിത പങ്കാളിയാവുന്നത്. ഇപ്പോൾ ഇസ്ഹാൻ മിർസ മാലിക്കെന്ന രണ്ടു വയസ്സുകാരനായ മകനും ഇവർക്കുണ്ട്. എന്നാൽ മാലിക്കുമായുള്ള ദാമ്പത്യ ജീവിതത്തിലെ തമാശകളും രസങ്ങളും തുറന്നുപറയുകയാണിപ്പോൾ സാനിയ. സ്പോർട്സ്കീഡക്ക് നൽകിയ അഭിമുഖത്തിലാണ് ദാമ്പത്യജീവിതത്തെക്കുറിച്ച് സാനിയ മനസുതുറന്നത്.

വിവാഹത്തിന് മുമ്പ് ഡേറ്റിംഗിലായിരിക്കുമ്പോഴെ ഞാൻ ഒരു കാര്യം മാലിക്കിനോട് തുറന്നു പറഞ്ഞിരുന്നു. എന്തൊക്കെ സംഭവിച്ചാലും എക്കാലത്തും എന്റെ പിന്തുണ ഇന്ത്യക്കായിരിക്കുമെന്ന്. കാരണം, പലകാരണങ്ങൾ കൊണ്ടും കളിക്കളത്തിൽ ഇന്ത്യക്കെതിരെ ഇറങ്ങുന്നത് ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മാലിക്ക്. ഇന്ത്യക്കെതിരെ അദ്ദേഹത്തിന് മികച്ച റെക്കോർഡുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഞാൻ ഡേറ്റിംഗിലായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തോട് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഞാനിക്കാര്യം പറയുമ്പോഴൊക്കെ അദ്ദേഹം പറയുക, ഇന്ത്യക്കെതിരായ എന്റെ പ്രകടനങ്ങളാണ് നിനക്കുള്ള എന്റെ മറുപടി എന്നാണ്. രാജ്യാന്തര ക്രിക്കറ്റിൽ ദീർഘമായ കരിയറുള്ള താരമാണ് മാലിക്ക്. അദ്ദേഹത്തെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമെയുള്ളു.

കോവിഡ് കാലത്ത് നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ മാലിക്കിന്റെ സംസാരം കണ്ട് തങ്ങളെക്കുറിച്ച് ആരാധകർക്കുള്ള പൊതുധാരണ മാറിയെന്നും സാനിയ പറഞ്ഞു. ഞങ്ങൾ തമ്മിലുള്ള ബന്ധം രസകരമാണ്. ഞങ്ങൾ കാര്യങ്ങൾ വളരെ ലളിതമായി പറയാൻ ആഗ്രഹിക്കുന്നവരാണ്. അന്നത്തെ ഇൻസ്റ്റഗ്രാം ചാറ്റോടെ എന്നെക്കാൾ കൂടുതൽ സംസാരിക്കുന്ന ആളാണ് മാലിക്കെന്ന് ആളുകൾക്ക് മനസിലായി-സാനിയ പറഞ്ഞു.