ബ്രിസ്‌ബെയ്ൻ: ബ്രിസ്‌ബെയ്ൻ ഇന്റർനാഷനൽ ടെന്നിസ് വനിതാ വിഭാഗം ഡബിൾസ് കിരീടം സാനിയ മിർസ-ബെഥനി മറ്റെക്ക് സഖ്യത്തിന്. റഷ്യയുടെ ഏകതറീന മകരോവ-എലേന വെസ്‌നിന സഖ്യത്തെയാണ് സാനിയ സഖ്യം തോൽപ്പിച്ചത്. സീസണിൽ സാനിയ സഖ്യത്തിന്റെ ആദ്യ കിരീടമാണിത്. സ്‌കോർ: 6-2, 6-3.

എന്നാൽ, കിരീടം നേടിയെങ്കിലും ഡബിൾസിൽ സാനിയയുടെ ഒന്നാം റാങ്ക് നഷ്ടമായി. പങ്കാളിയായ ബെഥനി മറ്റെക്കാണു സാനിയയെ മറികടന്ന് ഒന്നാം റാങ്കിലെത്തിയത്. ബ്രിസ്‌ബെയ്ൻ ഇന്റർനാഷനൽ ടെന്നിസ് വനിതാ വിഭാഗം ഡബിൾസിൽ കഴിഞ്ഞ വർഷം സ്വിസ് താരം മാർട്ടീന ഹിൻജിസിനൊപ്പം സാനിയ കിരീടം ചൂടിയിരുന്നു.

സിഡ്‌നി ഓപ്പണിലാണു സാനിയ അടുത്തതായി മത്സരിക്കുക. ചെക് റിപ്പബ്ലിക് താരം ബാർബറ സ്‌ട്രൈക്കോവയാണു സാനിയയുടെ പങ്കാളി. അടുത്തയാഴ്ചയാണു മത്സരം ആരംഭിക്കുക. തുടർന്ന് ജനുവരി 16നു തുടങ്ങുന്ന ഓസ്‌ട്രേലിയൻ ഓപ്പണിലും ബാർബറയാണു സാനിയയുടെ ഡബിൾസ് പങ്കാളി.