സന്നിധാനം: നടപ്പന്തിയിലെത്തിയ അമ്പതുകഴിഞ്ഞ സ്ത്രീക്കെതിരെ പ്രതിഷേധം ഉയർന്നത് സംശയത്തിന്റെ പേരിൽ. നടപ്പന്തലിലെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് അവിടെയുണ്ടായിരുന്ന ചിലർക്ക് സംശയം തോന്നിയതാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമായത്. വളരെപ്പെട്ടന്നാണ് സമാധാന അന്തരീക്ഷം മാറി നടപ്പന്തലിൽ പ്രതിഷേധമുയർന്നത്. ശരണം വിളിയുമായി അയ്യപ്പഭക്തർ തടഞ്ഞതോടെ സ്ത്രീയ്ക്ക് ജനനതീയതി പോലും കാട്ടേണ്ടിയും വന്നു. പതിനെട്ടാംപടിക്ക് വളരെ അടുത്ത് വരെ അവർ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശരണം വിളികൾ മുഴക്കി ഒരുകൂട്ടം ഭക്തർ സംഘടിച്ചതും പ്രതിഷേധിച്ചതും. ഒരു യുവതി വലിയ നടപ്പന്തലിൽ എത്തിയെന്ന സംശയത്തെത്തുടർന്നാണ് ഭക്തർ പ്രതിഷേധിച്ചത്.

സ്ത്രീക്ക് അമ്പത് വയസിന് മുകളിൽ പ്രായമുണ്ടെന്ന് പൊലീസ് പറയുകയും അവർ ഐഡി കാർഡ് കാണിച്ചതോടെ പ്രായം സ്ഥിരീകരിക്കുകയും ചെയ്തതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എന്തായാലും പൊലീസ് സുരക്ഷയോടെ മാത്രമാണ് അവർക്ക് പതിനെട്ടാം പടി കയറാനായത്. പ്രകോപന സാധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണവലയം തീർത്തിരുന്നു. തമിഴ്‌നാട് സ്വദേശിനിയായ ലത എന്ന അമ്പത്തിരണ്ടുകാരിക്കാണ് പ്രതിഷേധം നേരിടേണ്ടിവന്നത്. ഭർത്താവിനും മകനുമൊപ്പമാണ് ഇവർ എത്തിയത്. ലത കുമരൻ എന്നാണ് ആധാർ കാർഡിലെ വിവരം. പ്രതിഷേധത്തെ തുടർന്ന് പൊലീസെത്തി. ബിജെപി നേതാവ് വിവി രാജേഷും അവിടെയുണ്ടായിരുന്നു. ലതയുടെ ആധാർ രേഖകൾ പരിശോധിച്ച ശേഷം രാജേഷും കൂട്ടരും ഇവർക്ക് അമ്പത് വയസ്സ് കഴിഞ്ഞെന്ന് ഭക്തരെ അറിയിച്ചു. ഇതോടെയാണ് ഇവരെ മുന്നോട്ട് പോകാൻ ഭക്തർ അനുവദിച്ചത്.

അതിന് ശേഷവും പൊലീസ് അകമ്പടി തുടർന്നു. പതിനെട്ടാംപടി കയറിയ കുടുംബം സോപാനത്തെ എത്തി അയ്യപ്പ ദർശനം നടത്തി. താൻ രണ്ടാം തവണയാണ് സന്നിധാനത്ത് എത്തുന്നതെന്ന് അവർ മറുനാടനോട് പറഞ്ഞു. അമ്പത് കഴിഞ്ഞതോടെ കഴിഞ്ഞ വർഷവും വൃതം നോറ്റ് ലത പതിനെട്ടാം പടി ചവിട്ടിയിരുന്നു. യുവതികളായ പത്തിലധികം പേർ ഇന്ന് ക്ഷേത്രദർശനത്തിനെത്തുമെന്ന അഭ്യൂഹങ്ങളെത്തുടർന്ന് വ്യാപക പ്രചാരണമാണ് ശബരിമലയിൽ നടക്കുന്നത്. ഏതു സമയത്തും പ്രതിഷേധത്തിന് തയ്യാറായാണ് ഭക്തർ എന്ന സൂചനയും സന്നിധാനത്ത് നിന്ന് ലഭിച്ചിരുന്നു. ഇതിനിടെയാണ് യുവതിയെത്തിയെന്ന സന്ദേശം പ്രചരിച്ചതും വലിയ നടപ്പന്തലിൽ ശരണം വിളികൾ ഉയർന്നതും. ആധാർ കാർഡ് കാട്ടാൻ സ്ത്രീയ്ക്ക് കഴിഞ്ഞതു കൊണ്ട് മാത്രമാണ് സംഘർഷത്തിലേക്ക് ഇന്ന് കാര്യങ്ങൾ കടക്കാത്തത്.