ലണ്ടൻ: വിംബിൾഡൺ ടെന്നിസ് മിക്സ്ഡ് ഡബിൾസിൽ സാനിയ മിർസ- മേറ്റ് പാവിച്ച് സഖ്യം സെമിയിൽ കടന്നു. ക്വാർട്ടറിൽ നാലാം സീഡായ
ജോൺപിയേർസ്, ഗബ്രിയേല സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പാരാട്ടത്തിലാണ് ആറാം സീഡായ സാനിയ സഖ്യം തോൽപ്പിച്ചത്. സ്‌കോർ 6-4, 3-6, 7-5. വിംബിൾഡണിൽ സാനിയയുടെ ഏറ്റവും മികച്ചപ്രകടനമാണ് ഇത്. ആദ്യമായാണ് സാനിയ വിംബിൾഡൺ സെമിയിലെത്തുന്നത്. 2011, 13, 15 വർഷങ്ങളിൽ സാനിയ ക്വാർട്ടറിൽ പുറത്തായിരുന്നു.

വിംബിൾഡൺ ജയിച്ചാൽ സാനിയക്ക് കരിയർസ്ലാം പൂർത്തിയാക്കാം. നേരത്തെ മഹേഷ് ഭൂപതിക്കൊപ്പം 2009ൽ ഓസ്ട്രേലിയൻ ഓപ്പണും 2012ൽ ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയിരുന്നു. 2014ൽ യുഎസ് ഓപ്പൺ ബ്രസീലിന്റെ ബ്രൂണോ സോറസിനൊപ്പവും നേടിയിരുന്നു.

അതേസമയം വിംബിൾഡൺ ടെന്നിസ് സെമി തേടി നൊവാക് ജോക്കോവിച്ച് ഇന്നിറങ്ങും. പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ജോക്കോവിച്ച്, ഇറ്റാലിയൻ താരം യാനിക് സിന്നറെ നേരിടും. ജോക്കോവിച്ച് ടോപ് സീഡും സിന്നർ പത്താം സീഡുമാണ്. പ്രീ ക്വാർട്ടറിൽ സ്പാനിഷ് താരം കാർലോസ് അൽക്കാറാസിനെ സിന്നർ അട്ടിമറിച്ചിരുന്നു. നിലവിലെ ചാംപ്യനായ ജോക്കോവിച്ച്, പുൽക്കോർട്ടിൽ കഴിഞ്ഞ 25 മത്സരത്തിലും തോറ്റിട്ടില്ല.

സിന്നറിനെതിരെ കരിയറിൽ ഇതിന് മുൻപ് നേർക്കുനേർ വന്നപ്പോൾ, ജോക്കോവിച്ചാണ് വിജയിച്ചത്. ഇന്നത്തെ മറ്റൊരു ക്വാർട്ടറിൽ ഒൻപതാം സീഡ് കാമറൂൺ നോറിയും സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ച് താരം ഡേവിഡ് ഗോഫിനും ഏറ്റുമുട്ടും.വിംബിൾഡൺ ടെന്നിസിൽ രണ്ടാം സീഡ് റാഫേൽ നദാൽ ക്വാർട്ടറിൽകടന്നു. പ്രീക്വാർട്ടറിൽ ഡച്ച് താരം ബോട്ടിച്ചിനെ നദാൽ മറികടന്നു. സ്‌കോർ സ്‌കോർ 6-4, 6-2, 7-6. 22 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ റാഫേൽ നദാൽ വിംബിൾഡണിൽ രണ്ട് തവണ ചാംപ്യനായിട്ടുണ്ട്. ഓസ്ട്രേലിയയുടെ നിക് കിർഗ്യോസ്, ചിലെയുടെ ക്രിസ്റ്റിയാൻ ഗാരിൻ, അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സ് എന്നിവരും ക്വാർട്ടർ ഫൈനലിൽ കടന്നു.