ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയുമായി ബന്ധമുള്ള വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുടെ വിദേശത്തേക്ക് കടക്കാനുള്ള നീക്കം അധികൃതർ പൊളിച്ചു. കഴിഞ്ഞമാസം അവസാനം ലണ്ടൻ ഫ്‌ളൈറ്റിൽ കയറാനെത്തിയപ്പോൾ ഭണ്ഡാരിക്ക് യാത്രാനുമതി ന്ിഷേധിക്കുകയായിരുന്നു. ഇൻകംടാക്‌സ് വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചേർന്ന് ഇയാൾക്കെതിരെ അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിലായിരുന്നു നടപടി.

വധേരയ്ക്കുവേണ്ടി ഭണ്ഡാരി വിദേശത്ത് ആഡംബര വസതി വാങ്ങിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഭണ്ഡാരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അധികൃതർ അന്വേഷണം ശക്തമാക്കിയിരുന്നു. ഈ അന്വേഷണത്തോട് സഹകരിക്കാതിരുന്ന ഭണ്ഡാരി ചോദ്യങ്ങൾക്കു മറുപടി പറയാതെ ഒഴിഞ്ഞുമാറിയിരുന്നത് എൻഫോഴ്‌സ്‌മെന്റ് അധികൃതരെ കുഴക്കിയിരുന്നു.

ഇതിനിടയിലാണ് ജൂൺ 29ന് ഡൽഹി എയർപോർട്ടിൽ നിന്ന് ലണ്ടൻ വിമാനത്തിൽ കയറാനൊരുങ്ങിയ ഭണ്ഡാരിയുടെ യാത്ര എയർപോർട്ടിൽ തടഞ്ഞത്. ഇതോടെ ഇയാൾ ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നതായ വിവരങ്ങളാണ് പുറത്തുവരുന്നത്. വിദേശത്തേക്കു കടക്കാനുള്ള നീക്കം തടയുന്നതിന് മുൻകരുതൽ എന്ന നിലയിൽ ഇമിഗ്രേഷൻ നെറ്റ് വർക്കിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് അധികൃതർക്ക് തുണയാകുകയായിരുന്നു. ജൂൺ 29ന് ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിൽ കയറാൻ എത്തിയപ്പോഴാണ് ഇയാളെ തടഞ്ഞത്.

കമ്പ്യൂട്ടറിൽ നിന്നും ഇയാളുമായി ബന്ധപ്പെട്ട ഇ-മെയിൽ സന്ദേശങ്ങളിൽ നിന്നും അനധികൃത ഇടപാടുകളുടെ വിവരംലഭിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ആയുധവ്യാപാരിയും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനുമായ വധേരയുടെ അടുത്ത സുഹൃത്തുമായ ഭണ്ഡാരി എൻഫോഴ്‌സ്‌മെന്റിന്റെയും ഇൻകംടാക്‌സ് വകുപ്പിന്റെയും നോട്ടപ്പുള്ളിയാകുന്നത്.

വധേരയ്ക്കായി ലണ്ടനിൽ ആഡംബര വസതി ഇയാൾ ബിനാമി പേരിൽ വാങ്ങിയതായ സൂചനകൾ ഇതോടൊപ്പം പുറത്തുവന്നതോടെ ഭണ്ഡാരി വാർത്തകളിൽ നിറഞ്ഞു. ഇതേത്തുടർന്ന് ഇയാളുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡുകൾ നടത്തിയ എൻഫോഴ്‌സ്‌മെന്റ് അധികൃതർ നിരവധി രേഖകൾപിടിച്ചെടുത്തു. എന്നാൽ സ്വത്തുവിവരത്തെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാതെയും അന്വേഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെയും ഒഴിഞ്ഞുമാറുകയായിരുന്നു ഭണ്ഡാരി.ഈ സാഹചര്യത്തിലാണ് ഇയാൾ വിദേശത്തേക്ക് കടന്നേക്കുമെന്ന സംശയത്തിൽ അധികൃതർ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

ഇതേത്തുടർന്ന് യാത്ര മുടങ്ങിയതോടെ ഭണ്ഡാരി ചോദ്യങ്ങളോടും അന്വേഷണത്തോടും സഹകരിക്കുന്നതായാണ് അധികൃതർ പറയുന്നത്. ചോദ്യംചെയ്യലിന് ഹാജരായിത്തുടങ്ങിയ സാഹചര്യത്തിൽ രാഷ്ട്രീയക്കാരുമായി ഇയാൾക്കുള്ള ബന്ധങ്ങളും അവർക്കുവേണ്ടി ചെയ്ത ഇടപാടുകളും താമസിയാതെ മറനീങ്ങി പുറത്തുവരുമെന്നാണ് പ്രതീക്ഷ. 2010 ഏപ്രിലിൽ, കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് വധേരയുമായും അദ്ദേഹത്തിന്റെ അസിസ്റ്റൻ മനോജ് അറോറയുമായും ഭണ്ഡാരി ഇ-മെയിൽ വഴി നിരവധി തവണ ബന്ധപ്പെട്ടിരുന്നു. ഇത് എന്തിനായിരുന്നുവെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ലണ്ടനിൽ ബ്ര്യാൻസ്റ്റൺ സ്‌ക്വയറിൽ വാങ്ങിയ ആഡംബര വസതിയിൽ ഏർപ്പെടുത്തുന്ന അലങ്കാരങ്ങളും സജ്ജീകരണങ്ങളും അറിയാൻ വധേര നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് ഭണ്ഡാരിയുടെ ബന്ധു സുമിത് ഛദ്ദ മൊഴി നൽകിയിട്ടുള്ളത്. ഇതെന്തിനായിരുന്നുവെന്നും വസതി വധേരയുടേതാണോ എന്നുമുള്ള സംശയമുണർന്നത് ഈ സാഹചര്യത്തിലായിരുന്നു. വധേര ആദ്യം ചോദ്യംചെയ്യലിൽ ഇ-മെയിൽ അയച്ചത് സ്ഥിരീകരിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ അഭിഭാഷകർ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

വസ്തുവുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്ന നിലപാടിലാണ് ഇപ്പോൾ ഭണ്ഡാരി. ഈ ഇടപാടുമായി ബന്ധപ്പെട്ട് ഇൻകംടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിങ്ങ് യുഎഇ, യുകെ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഏഴുകാര്യങ്ങളാണ് അന്വേഷണത്തിലുള്ളത്. ഇവയുടെ മറുപടി ലഭിച്ചുകഴിഞ്ഞാൽ കേസിന്റെ ചുരളഴിയുമെന്നും സത്യാവസ്ഥ പുറത്തുവരുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭണ്ഡാരിയുടെ ആയുധ ഇടപാടും ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളും അന്വേഷിക്കുന്നുണ്ട്.