കോഴിക്കോട്: സിനിമാ നിർമ്മാണത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയ കേസിൽ, അടൂരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കോഴിക്കൊട് പറയഞ്ചേരി പള്ളിമലക്കുന്ന് കാര്യത്ത് പനക്കട വീട്ടിൽ സഞ്ജീവ് കുമാർ സംസ്ഥാനത്തുടനീളം നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ്. കോഴിക്കോട് ഇയാളുടെ തട്ടിപ്പിനിരയായി ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. പൊറ്റമ്മൽ സ്വദേശി പട്ടാംകുളങ്ങര താഴത്ത് സുരേഷ് കുമാർ (50) ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ സ്മിത നൽകിയ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

ഇപ്പോൾ ഇയാൾ പിടിയിലായതോടെ പുറത്തുവരുന്ന തട്ടിപ്പുകഥകൾ കേട്ട് ഞെട്ടി നിൽക്കയാണ് പൊലീസ്. കണ്ണൂർ സ്വദേശിയായ ഇയാൾ കോഴിക്കോട് സ്ഥിരതാമസമാക്കുകയും ഈ നഗരം കേന്ദ്രീകരിച്ച് തട്ടിപ്പുകൾ ആസൂത്രണം ചെയ്യകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. തട്ടിപ്പുകൾ നടത്താനായി മാത്രം ഇയാൾ സായാഹ്നം എന്ന പേരിൽ ഒരു പത്രവും ആരംഭിച്ചിരുന്നു. പത്രത്തിന്റെ എഡിറ്ററാണെന്നും പല പ്രധാന വ്യക്തികളുമായും തനിക്ക് പരിചയമുണ്ടെന്നും പറഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. ഇതിനായി മാത്രം പത്രത്തിനായി കോഴിക്കോട് ബീച്ചിനടുത്തായി ഓഫീസും തുടങ്ങി. കുറേക്കാലം ഈ പത്രം നടന്നുവന്നിരുന്നു.

ഇതിനിടെ പ്രസ്‌ക്‌ളബിൽ തന്റെ പത്രത്തിന് ന്യൂസ് ബോക്‌സ് അനുവദിക്കണമെന്നും തങ്ങളുടെ റിപ്പോർട്ടറെ പത്രസമ്മേളനങ്ങളിൽ പങ്കടെുപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രസ്‌ക്‌ളബിനെയും ഇയാൾ സമീപിച്ചിരുന്നു. എന്നാൽ ഇയാൾ ഒരു തട്ടിപ്പുകാരനാണെന്ന് മനസ്സിലാക്കിയ പ്രസ്‌ക്‌ളബ് അധികൃതർ ഇതൊന്നും അനുവദിച്ചില്ല. പത്രം തരക്കേടില്ലാതെ നടന്നുപോവുമ്പോഴായിരുന്നു ഗൃഹനാഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇയാൾ അറസ്റ്റിലാവുന്നത്. ഇതോടെയാണ് സായാഹ്നം എന്ന പത്രം നിന്നുപോയത്. ഇവിടെ ജോലി ചെയ്ത പലരും ഇയാൾ കാരണം വലിയ പ്രയാസങ്ങളായിരുന്നു കുറേക്കാലം നേരിട്ടത്. പലരെയും പൊലീസ് ചോദ്യം ചെയ്യനായി വിളിപ്പിക്കുകയും ചെയ്തു. കോഴിഗ്ലേക്കാട്, കണ്ണൂർ എന്നിവടങ്ങളിൽ നിന്നായിരുന്നു പത്രം പുറത്തിറങ്ങിയത്.

പത്രത്തിന്റെ എഡിറ്ററാണെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പലരെയും ബ്‌ളാക്ക് മെയിൽ ചെയ്യാറുണ്ടായിരുന്നു. ബാങ്ക് മാനേജറടക്കം പലരിൽ നിന്നായി ഇയാൾ കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. ബിസിനസുകാരനായ സുരേഷ് കുമാർ തൊണ്ടയാട് ബൈപാസ് റോഡിൽ 70 ലക്ഷം രൂപയുടെ വീട് വാങ്ങിയിരുന്നു. പത്രമുടമയെന്ന പേരിൽ പരിചയപ്പെട്ട സഞ്ജീവ് കുമാർ എറണാംകുളത്തെ ഭൂമിയുടെ വ്യാജ രേഖ കാണിച്ച് ഇയാളുടെ പണം തട്ടിയെടുക്കുകയായിരുന്നു.

എറണാംകുളത്ത് ഭാവിയിൽ വൻ വില ലഭിക്കുന്ന ഭൂമി കുറഞ്ഞ വിലക്ക് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സുരേഷ് കുമാറിന്റെ കോഴിക്കോട്ടെ വീട് കുറഞ്ഞ വിലക്ക് വിൽപിക്കുകയായിരുന്നു. എറണാംകുളത്തുകൊണ്ടുപോയി ഭൂമി കാണിക്കുകയും വ്യാജ രേഖ നൽകി പണമത്രയും സഞ്ജീവ് കുമാർ കൈക്കലാക്കുകയും ചെയ്തു. ഭൂമിക്ക് യഥാർഥ ഉടമ ഉണ്ടെന്നറിഞ്ഞ സുരേഷ് കുമാർ ആകെയുള്ള സമ്പാദ്യം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ ജീവനൊടുക്കുകയായിരുന്നു. പല സ്ഥലങ്ങളും തന്റെതാണെന്ന് പറഞ്ഞ് ഇയാൾ ഇത്തരത്തിൽ പലരെയും കബളിപ്പിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടതിന്റെ പൂർണ വിവരങ്ങൾ അറിയുന്ന ഭാര്യ സ്മിതയാണ് പൊലീസിൽ പരാതി നൽകിയത്.

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഒരു സിനിമ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാൾ. പത്രം നടത്തിപ്പ് പോലത്തെന്നെ സിനിമാ നിർമ്മാണവും തട്ടിപ്പിനായി ഉപയോഗപ്പെടുത്തുകയായിരുന്നു സഞ്ജീവ് കുമാർ. താൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവാക്കാമെന്നും ലാഭത്തിന്റെ 20 ശതമാനം നൽകാമെന്നും വിശ്വസിപ്പിച്ച് പെരിങ്ങനാട് അമ്മകണ്ടകര അരമനപ്പടി ബഥേൽ കോട്ടേജിൽ അലക്‌സ് ജോണിൽ നിന്ന് പലപ്പോഴായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു. കോഴിക്കൊട് മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ മൂന്നും വളപട്ടണം സ്റ്റേഷനിൽ രണ്ടും കേസുകൾ സഞ്ജീവിനെതിരെയുണ്ട്.

രണ്ടരക്കോടി തട്ടിയ കേസിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഇയാൾ ജാമ്യത്തിലായിരിക്കെയാണ് സിനിമാ നിർമ്മാണത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നത്.കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ അനാവശ്യ വിവാദങ്ങൾ ഉയർത്തി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുന്നത് പ്രതിയുടെ പതിവാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം പേരൂർക്കടയിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അടൂർ എസ്.ഐ കെ എസ്. ഗോപകുമാർ, എ എസ് ഐ റിക്‌സൺ, സി പി ഒ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സഞ്ജീവിനെ പിടികൂടിയത്.