പാലക്കാട്: സഞ്ജിത് ധീരനായിരുന്നു... വധിച്ച ജിഹാദികൾ ഭീരുക്കളും... വെറുതേ ഒരോളത്തിന് പറഞ്ഞു പോകുന്നതല്ല.. വ്യക്തമായ കാരണം അതിനുണ്ട്... ഇതിന് മുമ്പ് രണ്ടു തവണ സഞ്ജിത്തിന് നേരെ വധ ശ്രമം ഉണ്ടായി... രണ്ടു തവണയും അവർ പരാജയപ്പെട്ടു... കാരണം അയാൾ തനിച്ചായിരുന്നു... കൊല്ലാൻ വന്നവരെ പ്രതിരോധിച്ചു... പൊരുതി നിന്നു... പഴുതു സൃഷ്ടിച്ച് രക്ഷപ്പെട്ടു... ഈ പഴുതടയ്ക്കാനാണ് സഞ്ജിത്തിനെ ഭാര്യ ഒപ്പമുള്ളപ്പോൾ ആക്രമിച്ചത്... ഭാര്യയെ അക്രമികൾക്കിടയിൽ ഉപേക്ഷിച്ച് അയാൾക്ക് രക്ഷപ്പെടാനാകുമായിരുന്നില്ല... പൊരുതി വീഴുക മാത്രമായിരുന്നു മുന്നിലുള്ള വഴി... അതല്ലാതെ അയാളെ വീഴ്‌ത്താൻ കഴിയില്ലെന്ന് വന്ന ഭീരുക്കളായ ജിഹാദികൾക്ക് അറിയാമായിരുന്നു.. സഞ്ജിത്ത് ധീരനായിരുന്നു... അഭിനവ അഭിമന്യു...- ഈ വികാരം പരിവാറുകാരും ഏറ്റെടുത്തു. സഞ്ജിത്തിന്റെ കുടുംബത്തെ സഹായിക്കാനുള്ള സോഷ്യൽ മീഡിയാ ആഹ്വാനം വലിയ പ്രതികരണമാണുണ്ടാക്കിയത്. ഇതുവരെ ഒരു കോടി 25 ലക്ഷം രൂപയാണ് സഞ്ജിത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലെത്തിയത്.

പരിവാറുകാരിൽ പ്രമുഖനായ പ്രതീഷ് വിശ്വനാഥനാണ് സഞ്ജിത്തിന്റെ കുടുംബത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരണം തുടങ്ങിയത്. ഈ കുടുംബത്തെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന തരത്തിലായിരുന്നു പോസ്റ്റ്. ഭാര്യയുടെ ബാങ്ക് അക്കൗണ്ടാണ് നൽകിയത്. ഇതിലേക്ക് ആദ്യ രണ്ടു ദിവസം കൊണ്ടു മാത്രം ഒരു കോടിക്കപ്പുറത്തേക്ക് സഹായമെത്തി. അത് ഇപ്പോഴും തുടരുന്നു. എസ് ഡി പി ഐ ആക്രമണത്തിലാണ് സഞ്ജിത്തുകൊല്ലപ്പെട്ടത്. ഭാര്യയുടെ കൺമുന്നിൽ വച്ചായിരുന്നു ആക്രമണം.

ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ എസ് ഡി പി ഐക്കാർ കൊലപ്പെടുത്തിയെന്നാണ് പൊലീസും പറയുന്നത്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 5 പേർക്കു പുറമേ 3 പേർ കൂടി പ്രതിപ്പട്ടികയിൽ ഉണ്ച്. പ്രതികൾക്കു കൃത്യം നടത്താനും കടന്നുകളയാനും സഹായം ചെയ്തവരാണിവർ. അറസ്റ്റിലായ ഒന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിമിനൽ ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ, പ്രതികൾക്കു സാമ്പത്തികം ഉൾപ്പെടെ ഇതര സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിലാണ്. ഇക്കാര്യങ്ങളിൽ തെളിവു ലഭിക്കുന്നതോടെ കൂടുതൽ പേർ പ്രതികളായേക്കും. കേസിലെ ഒന്നാം പ്രതിക്കെതിരെ നെന്മാറ പൊലീസ് സ്റ്റേഷനിൽ 2015ൽ 3 കേസുകൾ ഉണ്ട്. മൂർച്ചയേറിയ വലിയ ആയുധങ്ങൾ ഉപയോഗിച്ചു തലയിലും ശരീരഭാഗങ്ങളിലും വെട്ടിയതിനെ തുടർന്നുണ്ടായ ഗുരുതര പരുക്കുകൾ മൂലമാണു സഞ്ജിത്ത് മരിച്ചത്.

തന്റെ പാതി ജീവൻ വെട്ടേറ്റു പിടയുമ്പോൾ ജീവൻ രക്ഷിക്കാനായി നിസഹായയായി കരഞ്ഞു തളർന്ന് മുൻപത്തെ പോലെ തിരിച്ചെത്തുമെന്ന പ്രതീക്ഷ പൊലിഞ്ഞതിന്റെ ആഘാതം വിട്ടുമാറാതെ അർഷിത ഇപ്പോഴും കഴിയുകയാണ്. അഞ്ചു പേർ ചേർന്ന് അർഷിതയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. നാലു പേരെന്നാണ് പൊലീസ് പറഞ്ഞത്. രാവിലെ 8.40ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നും, ഗട്ടർ വന്ന് ബൈക്ക് സ്ലോ ആക്കിയപ്പോൾ കാറിൽ വന്നവർ വെട്ടുകയായിരുന്നുവെന്നും അർഷിത പറയുന്നു.

അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അവരെ ഇനി എപ്പോൾ കണ്ടാലും തിരിച്ചറിയും. ആരും മുഖം മറച്ചിരുന്നില്ല. സജിത്തിന് ഭീഷണിയുണ്ടായിരുന്നു. അതിനാൽ ഒരാഴ്ച മുന്നേ മമ്പറത്തുള്ള തന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തന്നെ വലിച്ച് ചാലിലേക്ക് ഇട്ട ശേഷം, നാട്ടുകാരുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിയതെന്നും അർഷിത പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥത്തേക്ക് കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷിതയ്ക്ക് മുന്നിൽ വച്ച് വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ മുപ്പതോളം വെട്ടുകൾ ഉണ്ടായിരുന്നു. എലപ്പുള്ളിയിലെ വീട്ടിലെ മുറിയിൽ മരവിച്ച അവസ്ഥയിൽ ഒരേ ഇരിപ്പാണ് അർഷിത.