പാലക്കാട്: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തുകൊല്ലപ്പെട്ട കേസ് സിബിഐക്ക് വിടണമെന്ന ഹരജി ഹൈക്കോടതി തള്ളി. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക സമർപ്പിച്ച ഹരജി ജസ്റ്റിസ് കെ. ഹരിപാൽ ആണ് പരിഗണിച്ചത്. അന്വേഷണത്തിന് പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും അന്വേഷണം അയൽ സംസ്ഥാനങ്ങളിലേയ്ക്കടക്കം വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. എന്നാൽ കേസ് സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

2021 നവംബർ 15നാണ് ഭാര്യ അർഷികയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ പോപുലർ ഫ്രണ്ട് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിന്റെ തുടർച്ചയായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എലപ്പുള്ളി പാറ യൂണിറ്റ് പ്രസിഡന്റ് സുബൈറിനെ ആർ.എസ്.എസ് സംഘം കൊലപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം ആർഎസ്എസ് നേതാവ് ശ്രീനിവാസനെ പോപുലർഫ്രണ്ട് സംഘവും കൊലപ്പെടുത്തി.

സുബൈറിനെ വധിക്കാൻ സഞ്ജിത്തിന്റെ കാറിലാണ് പ്രതികളായ ആർ.എസ്.എസ് പ്രവർത്തകർ എലപ്പുള്ളി പാറ കള്ളിമുള്ളി പാറുക്കുട്ടി നിവാസിൽ രമേശ് (42), മേനോൻപാറ കരിമണ്ണ് എടുപ്പുകുളം ആറുമുഖൻ (ആറു-27), കല്ലേപ്പുള്ളി ആലമ്പള്ളം കുറുപ്പത്ത് വീട്ടിൽ ശരവണൻ (33) എന്നിവർ എത്തിയത്. സഞ്ജിത്ത് വധക്കേസിൽ ഇതുവരെ 21 പേർ അറസ്റ്റിലായി. മുഖ്യപ്രതികൾ ഉപയോഗിച്ച ബൈക്കുകൾ പൊളിച്ചതിന് ആക്രിക്കട ഉടമയാണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത്.

സുബൈർ വധക്കേസിൽ മുഖ്യപ്രതികൾ അടക്കം ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്. ആർഎസ്എസ് നേതാവ് ശ്രീനിവാസൻവധക്കേസിൽ 21 പേരാണ് ഇതുവരെ അറസ്റ്റിലായത്. ശ്രീനിവാസനെ കൊലപ്പെടുത്താൻ പ്രതികൾ എത്തിയ രണ്ട് ബൈക്കുകൾ പൊളിച്ചുനീക്കിയതിന് സഹായിച്ച പട്ടാമ്പി ഓങ്ങല്ലൂരിലെ ആക്രിക്കട ഉടമ ഷാജിദ് ആണ് ഒടുവിൽ അറസ്റ്റിലായത്.