- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച തുടക്കത്തോടെ ആവേശം കൊള്ളിച്ചെങ്കിലും കാൻബറയിലും ആരാധകരെ നിരാശയിലാഴ്ത്തി സഞ്ജു സാംസൺ; കരിയറിൽ ചേർക്കാനായത് 15 പന്തിൽ നിന്ന് ഓരോ സിക്സും ഫോറുമടക്കം 23 റൺസ്; ടീമിൽ സ്ഥാനമുറപ്പിക്കാൻ ഈ പ്രകടനം മതിയാകുമോ എന്ന് ആരാധകരുടെ ആശങ്ക
കാൻബറ: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ മികച്ച തുടക്കത്തോടെ ആവേശം കൊള്ളിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസന്റെ പ്രകടനം കാൻബറയിലും ആരാധകരെ നിരാശയിലാഴ്ത്തി. തകർത്തടിച്ച് തുടങ്ങിയ സഞ്ജുവിനെ 12-ാം ഓവറിലെ ആദ്യ പന്തിൽ മോയസ് ഹെന്റിക്വസ് മടക്കുകയായിരുന്നു. 15 പന്തിൽ നിന്ന് ഒന്ന് വീതം സിക്സും ഫോറുമടക്കം 23 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. സഞ്ജു സാംസണാണ് മധ്യനിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയതെങ്കിലും ടീമിലെ സ്ഥാനമുറപ്പിക്കാൻ ഈ പ്രകടനം മതിയാകുമോ എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നു.
ശ്രേയസ് അയ്യരെ തഴഞ്ഞാണ് ഒന്നാം ട്വന്റി20യിൽ ഇന്ത്യ സഞ്ജുവിന് അവസരം നൽകിയത്. ഇന്ത്യൻ നിരയിൽ കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ എന്നിവർക്കു പിന്നിൽ കൂടുതൽ റൺസ് നേടിയ താരമായെങ്കിലും, ആരാധകർ കാത്തിരുന്ന ഇന്നിങ്സ് സഞ്ജുവിൽനിന്ന് ഉണ്ടായില്ല. അതേസമയം, പിന്നീട് ഫീൽഡിൽ മത്സരഫലം നിർണയിക്കുന്നൊരു ഉജ്വല ക്യാച്ചും സഞ്ജു സ്വന്തമാക്കി. ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനാണ് സഞ്ജു തകർപ്പൻ ക്യാച്ചെടുത്തത്. ഒൻപതു പന്തിൽ ഒരു സിക്സ് സഹിതം 12 റൺസെടുത്ത സ്മിത്ത് മടങ്ങിയത് ഓസീസിന്റെ സാധ്യതകളെ ബാധിച്ചെന്ന് വ്യക്തം.
ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 11 റൺസിനാണ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഒസ്ട്രേലിയക്ക് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
ബൗളർമാരുടെ കരുത്തിലായിരുന്നു ഇനത്യൻ വിജയം. അരങ്ങേറ്റം ഗംഭീരമാക്കിയ ടി. നടരാജനും കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ യൂസ്വേന്ദ്ര ചാഹലും ചേർന്നാണ് ഓസീസിനെ തകർത്തത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.നടരാജൻ നാല് ഓവറിൽ 30 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ചാഹൽ നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബാറ്റിങ്ങിനിടെ തലയ്ക്ക് പന്ത് തട്ടിയ രവീന്ദ്ര ജഡേജയ്ക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായാണ് ചാഹൽ കളത്തിലിറങ്ങിയത്. സീനിയർ താരം മുഹമ്മദ് ഷമി നിരാശപ്പെടുത്തി.
162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഓപ്പണർമാരായ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഡാർസി ഷോർട്ടും മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 56 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 26 പന്തിൽ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 35 റൺസെടുത്ത ഫിഞ്ചിനെ പുറത്താക്കി യൂസ്വേന്ദ്ര ചാഹലാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.പിന്നാലെ 12 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ചാഹൽ മടക്കി. സഞ്ജു സാംസന്റെ തകർപ്പൻ ക്യാച്ചിലാണ് സ്മിത്ത് പുറത്തായത്. 11-ാം ഓവറിൽ അപകടകാരിയായ ഗ്ലെൻ മാക്സ്വെല്ലിനെ മടക്കി ടി. നടരാജൻ ഓസീസിനെ പ്രതിരോധത്തിലാക്കി.
നടരാജന്റെ ട്വന്റി 20 കരിയറിലെ ആദ്യ വിക്കറ്റായിരുന്നു ഇത്. തുടർന്ന് നിലയുറപ്പിച്ച് കളിച്ചിരുന്ന ഡാർസി ഷോർട്ടിനെയും നടരാജൻ പുറത്താക്കി. 38 പന്തിൽ നിന്ന് 34 റൺസെടുത്ത ഷോർട്ട് 15-ാം ഓവറിലാണ് നടരാജനു മുന്നിൽ വീണത്. മിച്ചൽ സ്റ്റാർക്കായിരുന്നു നടരാജന്റെ മൂന്നാമത്തെ ഇര.മാത്യു വെയ്ഡ് (7) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 20 പന്തിൽ 30 റൺസെടുത്ത ഹെന്റിക്വസ് 18-ാം ഓവറിൽ വീണതോടെ ഓസ്ട്രേലിയയുടെ പോരാട്ടം അവസാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ കെ.എൽ രാഹുലാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. 40 പന്തിൽ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 51 റൺസെടുത്താണ് രാഹുൽ പുറത്തായത്.അവസാന ഓവറുകളിൽ തകർത്തടിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ സ്കോർ 161-ൽ എത്തിച്ചത്. 23 പന്തുകൾ നേരിട്ട ജഡേജ ഒരു സിക്സും അഞ്ചു ഫോറുമടക്കം 44 റൺസുമായി പുറത്താകാതെ നിന്നു.രാഹുൽ നൽകിയ മികച്ച തുടക്കം മധ്യനിരയ്ക്ക് മുതലാക്കാൻ സാധിക്കാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
മറുനാടന് ഡെസ്ക്