തിരുവനന്തപുരം: ക്രിക്കറ്റർ സഞ്ജു വി സാംസൺ വിവാഹിതനായി. മാർ ഇവാനിയസ് കോളേജിലെ പ്രണയത്തിനാണ് സാക്ഷാത്കാരം ആവുന്നത്. തിരുവനന്തപുരം ഗൗരീശ്വപട്ടം സ്വദേശി ചാരുലതയാണ് സഞ്ജുവിന്റെ ജീവിത സഖി. ചാരുലതയുമായിട്ടുള്ള കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് നടന്നത്. രാവിലെ വിവാഹം രജിസ്റ്റർ ചെയ്തതിന് ശേഷം ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയാക്കി. വൈകീട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിപുലമായ സൽക്കാരവും ഒരുക്കിയിട്ടുണ്ട്. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

വളരെ ലളിതമായ ചടങ്ങ് മാത്രമായിരുന്നു. അടുത്തബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങ്. മുപ്പതിൽ താഴെ ആള് മാത്രമെ വിവാഹത്തിൽ പങ്കെടുത്തുള്ളു. എന്നാൽ വൈകിട്ട് വിപുലമായ ചടങ്ങാണ് ഒരുക്കിയിരിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സഞ്ജുവിന്റെ കൂടെ കളിച്ചവരും ചടങ്ങിൽ പങ്കെടുക്കും. എന്നാൽ രഞ്ജി ട്രോഫിയിൽ ഓസ്‌ട്രേലിയൻ പര്യടനവും നടക്കുന്നതിനാൽ എത്രത്തോളം ക്രിക്കറ്റ് താരങ്ങൾ ചടങ്ങിനെത്തുമെന്ന് ഉറപ്പായിട്ടില്ല. എങ്കിലും ഐപിഎൽ ക്ലബ് രാജസ്ഥാൻ റോയൽസിനെ താരങ്ങളെത്തുമെന്ന് സഞ്ജു പറഞ്ഞു. വീട്ടുകാരെല്ലാം സമ്മതിച്ചതിലും സന്തോഷമെന്ന് വധു ചാരുലതയും വ്യക്തമാക്കി. മാർ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്.

ഗൗരീശപട്ടം സ്വദേശിയായ ചാരുവുമായുള്ള വിവാഹത്തിന് വീട്ടുകാർ പച്ചക്കൊടി കാട്ടിയെന്ന് സഞ്ജു രണ്ട് മസാം മുമ്പാണ് അറിയിച്ചത്. 2013 ഓഗസ്റ്റ് 13നാണ് പ്രണയം തുടങ്ങിയതെന്നും ഒരുമിച്ചുള്ള ജീവിതത്തിന് രണ്ട് വീട്ടുകാരും സമ്മതം മൂളിയെന്നും സഞ്ജു പോസ്റ്റ് ചെയ്തതോടെയാണ് പ്രണയം പരസ്യമായത്. ഗൗരിശപട്ടം സ്വദേശിയായ ചാരുലതയും സഞ്ജുവും തമ്മിലെ പ്രണയം തുടങ്ങുന്നത് മാർ ഇവാനിയസ് ക്യാമ്പസിൽ നിന്നാണ്. വ്യത്യസ്ത മതവിഭാഗക്കാരായതു കൊണ്ട് തന്നെ വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരിക്കുകയായിരുന്നു. മത ചടങ്ങുകൾ ഒഴിവാക്കിയുള്ള വിവാഹമാണ് നടന്നത്. ശ്രീശാന്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച മലയാളിയാണ് സഞ്ജു. ടിനു യോഹന്നാനും ശ്രീശാന്തിനും സഞ്ജുവിനും മാത്രമേ കേരളത്തിൽ നിന്നും ഇന്ത്യൻ ടീമിൽ എത്താൻ കഴിഞ്ഞിട്ടുള്ളൂ.

2013 ഓഗ്സറ്റ് 22നാണ് ചാരുവിനോട് ആദ്യമായി ഹായ് എന്ന് പറയുന്നത്. അന്ന് മുതൽ ഇന്ന് വരെ അഞ്ച് കൊല്ലം എല്ലാം രഹസ്യമാക്കി വച്ചുവെന്ന് സഞ്ജു തന്നെ ഫെയ്‌സ് ബുക്കിൽ സമ്മതിച്ചിരുന്നു. വളരെ പ്രത്യേകതയുള്ള പെൺകുട്ടിയെയാണ് താൻ ഇഷ്ടപ്പെട്ടതെന്നും സഞ്ജു വിശദീകരിക്കുന്നു. ഇതിന് സമ്മതം മൂളിയതിന് രണ്ട് വീട്ടുകാരോടും ഒരുപാട് നന്ദിയുണ്ടെന്നും സഞ്ജു ഫേസ്‌ബുക്കിലൂടെ വിശദീകരിച്ചു. എല്ലാവരുടേയും പിന്തുണയും സഞ്ജു ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും സഞ്ജു പുറത്തുവിട്ടിട്ടുമില്ല. നിലവിൽ കേരളാ ക്രിക്കറ്റ് ടീമിനൊപ്പമാണ് സഞ്ജുവുള്ളതെന്നാണ് സൂചന.

മാതൃഭൂമി തിരുവനന്തപുരത്ത് ചീഫ് ന്യൂസ് എഡിറ്റർ ബി രമേശ് കുമാറിന്റെ മകളാണ് ചാരുലത. അമ്മ എൽഐസി ജീവനക്കാരിയാണ്. സഞ്ജുവിന്റെ അച്ഛൻ സാംസൺ ഡൽഹി പൊലീസിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. ഫുട്ബോൾ താരമായിരുന്ന അച്ഛന്റെ പ്രേരണയിലാണ് സഞ്ജു ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്. മകന്റെ കായിക ജീവിതത്തിനായി കേരളത്തിലേക്ക് മാറിയ സാംസണിന്റെ തീരുമാനം ശരിവയ്ക്കും വിധം സഞ്ജു ഇന്ത്യൻ താരമായി വളരുകയായിരുന്നു. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് സഞ്ജു

കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇതിനോടകം തന്നെ കരസ്ഥമാക്കാൻ സഞ്ജുവിനു കഴിഞ്ഞു. വളരെ ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റ് മേഖലയിലേക്ക് വരവറിയിച്ച ഒരു കളിക്കാരനാണ് സഞ്ജു.കാൽപന്തു കളിയിൽ ശ്രദ്ധയാർന്ന ഒരു സംസ്ഥാനത്തുനിന്നും ഉദിച്ചുയർന്ന ഒരു യുവപ്രതിഭ എന്നാ നിലയിൽ സഞ്ജു ഏറെ ശ്രദ്ധ ആകർഷിക്കുന്നു. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്ന് തന്നെ പഠിച്ചു.ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു.പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012-ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു.

ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി പ്രശസ്തി ആർജിച്ചു.തന്റെ നാലാം മത്സരത്തിൽ പുണെ വാരിയെർസിനെതിരെ അതി സമ്മർദ്ദ ഘട്ടത്തിൽ നിന്നും ടീമിനെ രക്ഷപെടുത്തി. രാഹുൽ ദ്രാവിഡിന്റെ ഇഷ്ട താരങ്ങളിലൊരാളാണ് സഞ്ജു. ട്വന്റി ട്വന്റിയിൽ ഇന്ത്യയ്ക്കായി കളിച്ചു. നിലവിൽ ഇന്ത്യാ എ ടീമിലെ സ്ഥിര സാന്നിധ്യമാണ് സഞ്ജു.