കൊച്ചി: വാഹനാപകടത്തിൽ പരുക്കേറ്റ ബിജെപി നേതാവ് ശങ്കു.ടി.ദാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഉച്ചകഴിഞ്ഞ് 2.10 ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനും ഈ സൂചനയാണ് നൽകുന്നത്.

അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ശങ്കു ടി ദാസിന്റെ രക്തസമ്മർദ്ദം നിയന്ത്രണ വിധേയമായിട്ടില്ല. നിരന്തരമായ ശ്രദ്ധയും പരിചരണവും നൽകി കൊണ്ടിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ ആരോഗ്യനില സങ്കീർണമായി തുടരുകയാണ്. രക്തസമ്മർദ്ദം കുറഞ്ഞ നിലയിൽ തുടരുന്നതിനാൽ, അദ്ദേഹത്തിന് ഐനോട്രോപിക് സപ്പോർട്ട് നൽകി. ശ്വാസ കോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ, ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കുകയും, വെന്റിലേറ്റർ സപ്പോർട്ട് തുടരുകയും ചെയ്യുന്നുണ്ട്.

ഒന്നിലധികം അവയവങ്ങൾ പ്രവർത്തനരഹിതമായതിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാലും, ബിപി കുറഞ്ഞ സാഹര്യം ആവർത്തിച്ചതിനാലും, സിടി സ്‌കാൻ വീണ്ടും ചെയ്ത് രക്തസ്രാവം ഇല്ലെന്ന് ഉറപ്പുവരുത്തി. അവയവങ്ങളുടെ പരാജയലക്ഷണം തുടരുന്നതിനാൽ, അദ്ദേഹത്തെ തുടർച്ചയായ റീനൽ റീപ്ലേസ്‌മെന്റ് തെറാപ്പിക്കും വിധേയനാക്കുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

റോഡപകടത്തെ തുടർന്ന് കരളിൽ രക്തസ്രാവവും, നിയന്ത്രണ വിധേയമല്ലാത്ത രക്തസമ്മർദ്ദവുമായി വെള്ള്ിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസ്രാവം തടയുന്നതിന് ഇന്നലെ അദ്ദേഹത്തെ ആൻജിയോ എംബൊളൈസേഷന് വിധേയമാക്കിയെന്നും ബുള്ളറ്റിനിൽ പറയുന്നു.

വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂർ ചമ്രവട്ടം പാലത്തിന് സമീപത്ത് വച്ചാണ് അപകടം. ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്ന ഉടൻ നാട്ടുകാർ ശങ്കുവിനെ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് കോട്ടയ്ക്കൽ മിംസിലേക്ക് എത്തിച്ച് സ്‌കാനിങ് ഉൾപ്പെടെ പരിശോധനകൾ നടത്തി. പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്കു മാറ്റി.
ബാർ കൗൺസിൽ അംഗമായ ശങ്കു ടി ദാസ് തൃത്താലയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

ശങ്കുവിന്റെ ആരോഗ്യനിലയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരണവുമായി എത്തി. വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിൽ കഴിയുന്ന പ്രിയ സഹപ്രവർത്തകൻ ശങ്കുവിന്റെ ആരോഗ്യനില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ കാലത്തുമുതൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു.

സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നാണ് ഇന്നു കാലത്തും ഡോക്ടർമാർ പറയുന്നത്. അദ്ദേഹം എത്രയും വേഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാൻ എല്ലാവരുടേയും പ്രാർത്ഥനകളുണ്ടാവണം...-എന്ന് സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു. ശങ്കുവിന്റെ അപകടത്തെ പറ്റിയുള്ള ദുരൂഹതയും മാറിയിട്ടില്ല.