എത്ര നിസ്സാരമാണല്ലേ കാര്യങ്ങൾ

ബഡ്ജറ്റ് ചോർന്നാലിപ്പോ എന്താ?
അതിനു മാത്രം അതിലെന്താ ഉള്ളേ?
ആരിതൊക്കെ ഇത്ര ഗൗരവമായെടുക്കുന്നു?
ലളിതയുക്തികളുടെ ഘോഷയാത്രയാണ്.

ബജറ്റ് ധനമന്ത്രിയുടെ ഔദാര്യമല്ല.
സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.
കാരണമൊരു പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ സംസ്ഥാന ഖജനാവിന്റെ നിയന്ത്രണാധികാരം സർക്കാരിനല്ല, നിയമസഭയ്ക്കാണ്.

അതിനാൽ തന്നെ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ഖജനാവിലേക്കുള്ള വരവുകളുടേയും ഖജനാവിൽ നിന്നുള്ള ചിലവുകളുടേയും കണക്ക് രേഖാമൂലം നിയമസഭയെ ബോധ്യപ്പെടുത്തി അതിന് അംഗീകാരം നേടിയെടുക്കാൻ സർക്കാർ കടമപ്പെട്ടിട്ടുമുണ്ട്.

ഭരണഘടനയുടെ അനുച്ഛേദം 202, ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ ബജറ്റ് എന്ന് പൊതുവേ നാം വിളിക്കുന്ന 'വാർഷിക സാമ്പത്തിക പ്രസ്താവന' (Annual Financial Statement), നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കാൻ സംസ്ഥാന ഗവർണ്ണറെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ഗവർണ്ണറുടെ പ്രതിനിധിയായി മാത്രമാണ് സംസ്ഥാന ധനമന്ത്രി ആ ഉത്തരവാദിത്വം നിർവഹിക്കുന്നത്.
അത്തരമൊരു സംവിധാനം ഇല്ലെങ്കിൽ സർക്കാരിന് തന്നിഷ്ടപ്രകാരം നികുതി പിരിക്കുകയും ചെലവ് നടത്തുകയും കടമെടുക്കുകയും കടം കൊടുക്കുകയും ഒക്കെ ചെയ്യാവുന്നൊരു സാഹചര്യമുണ്ടാവും.

അതൊഴിവാക്കാനാണ് ഭരണഘടന തന്നെ സാമ്പത്തിക കാര്യങ്ങളിലുള്ള ജനപ്രതിനിധി സഭയുടെ അധികാരം ഉറപ്പ് വരുത്തി കൊണ്ട് ബജറ്റ് അവതരണമെന്ന കർത്തവ്യം സൃഷ്ടിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ വാർഷിക സാമ്പത്തിക പ്രസ്താവന ആദ്യം കേൾക്കുക എന്നത് നിയമ സഭയ്ക്ക് മാത്രമുള്ള അവകാശമാണ്.
ആ അവകാശം സഭയ്ക്ക് നിഷേധിക്കുന്നത് നിയമസഭയെ നോക്കുകുത്തിയാക്കലാണ്.
ജനാധിപത്യ സംവിധാനങ്ങളോടുള്ള അനാദരവാണ്.
ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
ബജറ്റ് ചോരുന്നത് അത്ര നിസ്സാരമായ സംഗതിയല്ലെന്നാണ് പറയുന്നത്.
അത് ബ്രീച് ഓഫ് പ്രിവിലേജ് ആണ്.

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ ഒന്നാം കേരള മന്ത്രിസഭയുടെ ആദ്യ ബജറ്റിലെ ചില ഭാഗങ്ങൾ ധനമന്ത്രിയായിരുന്ന സി. അച്ചുത മേനോൻ നിയമസഭയിൽ അവതരിപ്പിക്കും മുമ്പ് കൗമുദി പത്രത്തിൽ അച്ചടിച്ചു വന്നിരുന്നു.
സംസ്ഥാന സർക്കാരിന്റെ രഹസ്യ രേഖകൾ തെറ്റായ മാർഗ്ഗത്തിലൂടെ കൈവശപ്പെടുത്തി പൊതുമധ്യത്തിൽ പ്രസിദ്ധപെടുത്തിയത് 1923ലെ ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ടിന്റെ 5(1)(b)/5(2) സെക്ഷനുകൾ പ്രകാരം ശിക്ഷാർഹമാണെന്ന് കണ്ട് വിചാരണ കോടതി അന്ന് കൗമുദിയുടെ പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണനോട് പിഴയടക്കാൻ ആവശ്യപ്പെടുകയുണ്ടായി.

ഇതിനെതിരെ, സംസ്ഥാന ബജറ്റ് എന്നത് ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ട് പ്രകാരമുള്ള രഹസ്യ രേഖയല്ലെന്നും, അതിനാൽ തനിക്കെതിരായി വിധിച്ച ശിക്ഷ നിലനിൽക്കില്ലെന്നും വാദിച്ച് കൗമുദി ബാലകൃഷ്ണൻ ഹൈക്കോടതിയിൽ ഒരു റിവിഷൻ പെറ്റീഷൻ ബോധിപ്പിച്ചു.

ആ കേസിൽ ബജറ്റിന്റെ രഹസ്യ സ്വഭാവത്തെ പറ്റി ആഴത്തിലുള്ള പരിശോധന നടത്തിയ കോടതി സഭയിൽ അവതരിപ്പിക്കപ്പെടുന്ന നിമിഷം വരെ ബജറ്റ് ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ടിന് കീഴിൽ വരുന്ന അതീവ രഹസ്യ രേഖ തന്നെയാണെന്നും, സഭയുടെ മേശപ്പുറത്ത് എത്തും മുൻപ് അത് പ്രസിദ്ധീകരിക്കപ്പെടുന്നത് ആക്ടിന്റെ 5(1)(b)/5(2) സെക്ഷനുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റം തന്നെയാണെന്നും, കേസ് ആദ്യമേ തങ്ങളുടെ പരിഗണനക്കാണ് എത്തിയിരുന്നുതെങ്കിൽ തങ്ങൾ കൂടുതൽ കാഠിന്യമുള്ള ശിക്ഷ വിധിക്കുമായിരുന്നു എന്നും നിരീക്ഷിച്ച് കൊണ്ടാണ് ആ റിവിഷൻ പെറ്റീഷൻ തള്ളിയത്.

ഇപ്പോഴും നിലനിക്കുന്ന 1960ലെ ആ കേരള ഹൈക്കോടതി വിധി അനുസരിച്ച് അവതരിപ്പിക്കപ്പെടും മുമ്പ് സംസ്ഥാന ബജറ്റ് ഒരു രഹസ്യ രേഖയാണ്.

ബജറ്റ് ചോരുന്നത് അത്ര നിസ്സാരമായ സംഗതിയല്ല.
അതൊരു ക്രിമിനൽ കുറ്റമാണ്.

ഏതൊരു ബജറ്റിനും രണ്ടു ഭാഗങ്ങളാണുള്ളത്.
ആദ്യ ഭാഗം സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യങ്ങളുടെ സാമാന്യമായ വിവരണം ആണെങ്കിൽ രണ്ടാം ഭാഗം അടുത്ത ബജറ്റ് പ്രഖ്യാപിക്കപ്പെടും വരെയുള്ള കാലത്തേക്കുള്ള സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിശദീകരണമാണ്.

ഇതിലേതെങ്കിലുമൊരു ഭാഗവും വേണ്ടപ്പെട്ടവർക്ക് നേരത്തെ ചോർത്തി നൽകുകയെന്നത് സ്വജനപക്ഷപാതിത്വവും സവിശേഷ പരിഗണനയും സത്യപ്രതിജ്ഞാ ലംഘനവും ആവുമെങ്കിൽ, രണ്ടാം ഭാഗം മാത്രമായി ബന്ധപ്പെട്ടവർക്ക് അറിയിച്ചു കൊടുത്താലും അത് വലിയ വിലപേശലിനുള്ള അവസരമൊരുക്കലാവും. പൂഴ്‌ത്തി വെയ്‌പ്പിനും കൃത്രിമ ക്ഷാമത്തിനും അമിത ലാഭ കൊയ്ത്തിനും എന്ന് തുടങ്ങി വൻ കോഴയിടപാടുകൾക്ക് വരെ അത് വഴിയൊരുക്കും.

നികുതി വർദ്ധനയെ പറ്റി നേരത്തെ തന്നെ മനസിലാക്കിയ വ്യാപാരികൾ അതൊഴിവാക്കാൻ വകുപ്പ് മന്ത്രിയെ തന്നെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കെ.എം. മാണിക്കെതിരെ ഉയർന്ന പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്ന്.

സംസ്ഥാനത്തിന്റെ ബജറ്റ് ചോരുന്നത് അത്ര നിസ്സാരമായ സംഗതിയേയല്ല.
അത് ഗുരുതരമായ അഴിമതിയാണ്.നമ്മൾ ബജറ്റ് അത്ര ശ്രദ്ധിക്കാറില്ല എന്നതുകൊണ്ട് മാത്രം ബജറ്റ് ഒരു ഗൗരവമില്ലാത്ത സംഗതിയാവില്ല.

അതിനാൽ, 'ബജറ്റ് ചോർന്നാൽ തന്നെയെന്താ?' എന്ന ലളിത യുക്തികളല്ല, 'ബജറ്റ് ചോർന്നിരിക്കുന്നു, ഇനിയെന്ത്?' എന്ന ചോദ്യമാണ് നമ്മിൽ നിന്നുണ്ടാവേണ്ടതും.
'വൺ ഫോർ ആൾ, ആൾ ഫോർ വൺ' (One for All, All for One) എന്നതാണ് മന്ത്രിസഭാ കൂട്ടുത്തരവാദിത്വത്തിന്റെ അടിസ്ഥാന പ്രമാണം.

ഓരോ മന്ത്രിയുടെ പിഴവിനും മുഴുവൻ മന്ത്രിസഭയ്ക്കും, മന്ത്രിസഭയുടെ പിഴവിന് ഓരോ മന്ത്രിക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്.

അപ്പോഴിവിടെ, ബജറ്റ് അവതരണ വിഷയത്തിൽ ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവിന്റെ ധാർമിക ഉത്തരവാദിത്വം ഓരോരുത്തരുടേതുമാണ് എന്നംഗീകരിച്ച് കൊണ്ട് മന്ത്രിസഭ ഒന്നാകെ രാജി വെയ്ക്കുകയാണോ, അതോ മന്ത്രിസഭയ്‌ക്കേറ്റ കളങ്കത്തിന്റെ ഉത്തരവാദിത്വം ഒറ്റയ്‌ക്കേറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് മാത്രം രാജി വെയ്ക്കുകയാണോ എന്ന് മാത്രമേ ചോദ്യം പോലുമുള്ളൂ.

ആരും ശിക്ഷിക്കപെടാതെ പോകുന്ന ഓരോ കുറ്റകൃത്യവും ബാക്കി വെയ്ക്കുക അതേ കുറ്റത്തിന്റെ കൂടുതൽ നിർഭയമായ പുനരാവർത്തന സാധ്യത കൂടിയാവും.