- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലക്ഷം ഒരു രൂപാ നോട്ടുകളും കൈനീട്ടമായി കൊടുത്തു സുരേഷ് ഗോപി തൃശ്ശൂർ നഗരത്തെ ഇനിയും കൈവെള്ളയിലെടുക്കും; തൃശ്ശൂരിന്റെ അധികാരം ചോദിച്ചപ്പോൾ അല്ലേ നിങ്ങൾ കൊടുക്കാത്തത്? അധികാരപ്പെട്ട സ്‌നേഹം ചോദിക്കാതെ എടുത്താൽ നിങ്ങളെന്ത് ചെയ്യാനാണ്? കൈനീട്ട വിവാദത്തിൽ ശങ്കു ടി ദാസ്
കൊച്ചി: വിഷു വരവായതോടെ സുരേഷ് ഗോപി എംപി തിരക്കിലാണ്. ക്ഷേത്രങ്ങളിൽ, മേൽശാന്തിമാർക്ക് കൈനീട്ട വിതരണത്തിനായി തുക നൽകൽ, ബിജെപി നേതാക്കൾക്ക് പുറമേ ജനങ്ങൾക്ക് കൈനീട്ടം നൽകി അനുഗ്രഹം ചൊരിയൽ, അങ്ങനെ പഴയ കാരണവരുടെ റോളിലാണ് എംപി. കൊച്ചി ദേവസ്വം ബോർഡ്, മേൽശാന്തിമാർ ഇത്തരത്തിൽ തുക സ്വീകരിക്കുന്നത് എംപിയുടെ പേരുപറയാതെ വിലക്കുകയും ചെയ്തു. രാജ്യസഭാ എംപിയെന്ന നിലയിലുള്ള കാലാവധി അവസാനിക്കാറായ സുരേഷ് ഗോപിയുടെ തൃശൂരിലെ പുതിയ പരിപാടികൾ രാഷ്ട്രീയ മാനങ്ങൾ കൊണ്ടുതന്നെ വിവാദമാവുകയും ചെയ്തു. അതിനിടെയാണ് തന്റെ വാഹനത്തിലിരുന്ന് ആളുകൾക്ക് കൈനീട്ടം നൽകുന്ന എംപിയുടെ വീഡിയോ പ്രചരിക്കുന്നത്.
റിസർവ് ബാങ്കിൽ നിന്ന് വാങ്ങിയ പുത്തൻ ഒരു രൂപ നോട്ടുകളുമായാണ് സുരേഷ് ഗോപിയുടെ സഞ്ചാരം. കാറിൽ പണവുമായി സുരേഷ് ഗോപി ഇരിക്കുന്നു. ഇത് വാങ്ങുവാനായി സ്ത്രീകൾ വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാൽതൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒടുവിൽ പണം വാങ്ങിയ എല്ലാവരും ചേർന്ന് നടനൊപ്പം ഫോട്ടോയും എടുക്കുന്നുമുണ്ട്.
വീഡിയോക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. പണം നൽകി കാൽ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയിൽ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയരുന്ന വിമർശനം. വിമർശനത്തിന് മറുപടിയുമായി ബിജെപി നേതാവായ ശങ്കു ടി ദാസ് രംഗത്തെത്തി.
ശങ്കു ടി ദാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:
ഒരു രൂപയുടെ നോട്ട് ആണ് സുരേഷ് ഗോപി കൈനീട്ടമായി കൊടുക്കുന്നത്. അതിനായി റിസർവ് ബാങ്കിൽ പ്രത്യേക അപേക്ഷ സമർപ്പിച്ച് ഒരു ലക്ഷം രൂപ പണമടച്ച് പകരമായി ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകൾ അദ്ദേഹം കൈപ്പറ്റിയിട്ടുമുണ്ട്. ഈ ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകളും വിഷുവിന് മുൻപായി തൃശ്ശൂരിൽ ഒരു ലക്ഷം പേർക്കായി വിതരണം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പദ്ധതി.
ഫലത്തിൽ തൃശ്ശൂർ നഗരത്തെ ഇളക്കി മറിച്ച് നടക്കുന്ന ഒരു വൻ ജനസമ്പർക്ക പരിപാടി ആയി മാറുക ആണ് സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം നൽകൽ. ഇത് ചിലർക്കുണ്ടാക്കുന്ന അസ്വസ്ഥത മനസിലാക്കാവുന്നതാണ്. ഭാവനാ സമ്പന്നമായ സമ്പർക്ക പദ്ധതികളുമായി ഒരു ബിജെപി നേതാവ് പൊതു സമൂഹത്തിലറങ്ങി ഓളം സൃഷ്ടിക്കുന്നതും തന്റെ ജനപ്രിയതയും സ്വീകാര്യതയും തെളിയിക്കുന്നതും അവർക്ക് സഹിക്കുന്ന കാര്യമല്ല.
പക്ഷെ എന്ത് പറഞ്ഞു എതിർക്കാനാണ്? പണം കൊടുത്തു ആളുകളെ വിലയ്‌ക്കെടുക്കുന്നു എന്ന് പറയാൻ വൻ തുക ഒന്നുമല്ല ആർക്കും കൊടുക്കുന്നത്. ഒരു രൂപ മാത്രമാണ്. ഒറ്റ രൂപയ്ക്ക് വിലക്കെടുക്കാൻ സാധിക്കുന്നവർ ആണ് തൃശ്ശൂരിൽ ജീവിക്കുന്നത് എന്ന് പറയാൻ ഇവർ ധൈര്യപ്പെടുമോ?
വോട്ടർമാരെ മറ്റ് മാർഗ്ഗങ്ങളിലൂടെ സ്വാധീനിക്കുന്നു എന്ന് പറയാൻ ആണെങ്കിൽ തിരഞ്ഞെടുപ്പോ പെരുമാറ്റ ചട്ടമോ ഒന്നും നിലവിലുമില്ല. അപ്പൊ കണ്ടു പിടിച്ച ഒരു മാർഗ്ഗമാണ് കാല് പിടിപ്പിക്കുന്നു എന്ന ആരോപണം. പക്ഷെ അതിലും അവർക്കൊരു പ്രശ്‌നം പറ്റി. വിമർശിക്കാനുള്ള ആവേശത്തിൽ ഒരു പ്രധാന സംഗതി മറന്നു പോയി. ഈ നാടിന്റെ സംസ്‌കാരം.
വിഷുവിനു കൈനീട്ടം കൊടുക്കുന്നത് ഈ നാട്ടിൽ പതിവുള്ള ഒരു ആചാരമാണ്. വർഷം മുഴുവൻ കൈനിറയെ സമ്പത്തും സമൃദ്ധിയും സന്തോഷവും സമാധാനവും വന്നു ചേരട്ടെ എന്ന അനുഗ്രഹമാണ് കൈനീട്ടം. ഇളയവരുടെ നന്മയെ കരുതിയുള്ള മുതിർന്നവരുടെ പ്രാർത്ഥന ആണ്. സ്‌നേഹവും കരുതലും വാത്സല്യവുമാണ്.
അത് വാങ്ങുന്നവർ അത് നൽകിയവരുടെ കാല് തൊട്ട് വന്ദിക്കുന്നതും പതിവാണ്. മുതിർന്നവരോടുള്ള ബഹുമാനം പ്രകടിപ്പിക്കാനുള്ള പ്രതീകാത്മകമായ ഒരു ആംഗ്യ വിക്ഷേപമാണത്. വാത്സല്യത്തിനും കരുതലിനും പകരമായി നൽകുന്ന ആദരവും സ്‌നേഹവുമാണ്. അവരുടെ മനസ്സിന് മാനിക്കപ്പെട്ടുവെന്ന സന്തോഷം നൽകുന്ന ഒരു സൂചനയാണ്.
'വഴിയിൽ കിടക്കുന്ന മുള്ളെടുത്തങ്ങോട്ട് വഴിവക്കിലുള്ളൊരു വേലിമേൽ വെയ്ക്കുകിൽ; വലിയവൻ ചെറുതാകയില്ല, ചെറിയവൻ വലുതാകും' എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെയാണത്. തന്റെ മതിപ്പ് കുറഞ്ഞു പോവുമോ എന്ന ദുരഭിമാനക്ഷതമില്ലാതെ ചെയ്യുന്ന സദുദ്ദേശത്തിലുള്ള പ്രവർത്തികളേതും ആരെയും ചെറുതാക്കയില്ല, കൂടുതൽ വലുതാക്കുകയേ ഉള്ളൂ.
അപാരമായ അഹംബോധത്താൽ കലുഷിതമായ മനസ്സുകളാണ് നട്ടെല്ലിന്റെയും തലയുടെയും നേർമയുടെ യാന്ത്രിക ഡിഗ്രിയിലാണ് സ്വന്തം അഭിമാനം കുടികൊള്ളുന്നതെന്ന് വ്യഥാ ഭ്രമിക്കുന്നത്. സ്വയം ബോധ്യമുള്ളവർക്ക് സാഷ്ടാംഗ നമസ്‌കാരത്തിലും സ്വഭിമാനികളായിരിക്കാനാവും.
ആദര ശീലം ആരുടേയും മൂല്യമിടിക്കില്ല. എന്നാൽ വിനയമില്ലായ്മ മഹത്തുക്കളെയും അല്പന്മാരാക്കി ചുരുക്കും. ആ അറിവ് ശീലത്തിൽ അലിഞ്ഞു ചേർന്ന ഗുണം ആയതുകൊണ്ടാണ് ഭാരതീയവർ സമരെ പോലും കൈ കൂപ്പി വണങ്ങുന്നതും മുതിർന്നവരുടെ ചരണ സ്പർശം ചെയ്യുന്നതും.
അതാരും ചോദിച്ചു വാങ്ങുന്നതോ പറഞ്ഞു ചെയ്യിക്കുന്നതോ അല്ല, ഒരു നൈമിഷിക വൈകാരികതയിൽ സ്വഭാവികമായി സംഭവിച്ചു പോവുന്നത്ര സഹജമായ സംസ്‌കാരമാണ്. അതിനെ അപരാധമായി ആക്ഷേപിക്കുന്നവർ ആ സംസ്‌കാരത്തിൽ നിന്നെത്രയോ അകലെയാണ്.
ആ സംസ്‌കാരത്തിന്റെ വിരുദ്ധരാണ്. സുരേഷ് ഗോപിയുടെ കൈനീട്ടത്തിന്റെ കാര്യത്തിൽ പോലും ആ കാല് തൊട്ട് വന്ദിക്കൽ എത്ര സ്വഭാവികമായി സംഭവിച്ചതാണ് എന്ന് ആ വീഡിയോ കണ്ട ആർക്കും മനസ്സിലാവും.
ആരും അവരോട് കാല് പിടിക്കാൻ പറഞ്ഞതല്ല. കൈനീട്ടം വാങ്ങിയവർ കാല് പിടിച്ചിരിക്കണം എന്ന് നിയമമില്ല. കാല് പിടിച്ചില്ലെങ്കിൽ ആരും അവരെ ശിക്ഷിക്കുകയുമില്ല. എന്നിട്ടും അവരത് സ്വമേധയാ ചെയ്യുക ആയിരുന്നു. അത് സംസ്‌കാരത്തിൽ നിന്ന് വരുന്ന ശീലമാണ്. പാലക്കാട് പ്രചരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഇ. ശ്രീധരനെ ഒരു കുടുംബം കാല് കഴുകിച്ച് സ്വീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് ഓർമ്മ വന്നത്.
ഒരു വ്യക്തി ആദരിക്കപ്പെടാൻ അർഹനാണെന്ന് ആളുകൾക്ക് തനിയെ തോന്നി അവരങ്ങനെ ചെയ്യുമ്പോൾ അതിനർഹത ഇല്ലാത്തവർക്ക് ഈർഷ്യ തോന്നിയിട്ട് എന്താണ് കാര്യം? ആളും തരവും നോക്കാതെ എല്ലാരേയും ഒരു പോലെ നിന്ദിച്ചു കൊള്ളണം എന്ന് നിയമമുണ്ടാക്കി സ്ഥാപിക്കാവുന്നതല്ല സമത്വം. ചില മനുഷ്യർക്ക് അവരുടെ വ്യക്തി പ്രഭാവം കൊണ്ട് തന്നെ മറ്റുള്ളവരുടെ ആദരവ് പിടിച്ചു പറ്റാനുള്ള ശേഷി ഉണ്ടെന്ന് അംഗീകരിച്ച് അതിലെ ദണ്ണം സഹിക്കലാണ് മാന്യത.
സുരേഷ് ഗോപിയെ ഇഷ്ടമാണ് ആളുകൾക്ക്. അദ്ദേഹത്തിന്റെ സിനിമയിലെ അഭിനയം കൊണ്ട് മാത്രമല്ല അഭിനയമല്ലാത്ത ഇടപെടലുകൾ കൊണ്ട് കൂടി അദ്ദേഹം നേടിയെടുത്ത ഇഷ്ടമാണത്. തിരശീലയിലെ ആ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലെ ആ മനുഷ്യനെയും മലയാളികൾ സ്‌നേഹിക്കുന്നു. അദ്ദേഹം പുലർത്തുന്ന മൂല്യങ്ങൾ, വെട്ടി തുറന്ന് പറയുന്ന നിലപാടുകൾ, ജാതിയോ മതമോ നോക്കാതെ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ, രാഷ്ട്രീയം പോലും നോക്കാതെ നടത്തുന്ന നാടിന് ഗുണമുള്ള സേവന വികസന പ്രവർത്തികൾ, രാജ്യസഭാ അംഗം എന്ന നിലയിലുള്ള നിർണ്ണായക ഇടപെടലുകൾ..
ഇതൊക്കെ ജനങ്ങൾക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു.ആളുകൾക്ക് അയാളെ ഏട്ടനായും മകനായും ബന്ധുവായും കാരണവരായും ഒക്കെ തോന്നുന്നു. ആ തോന്നല് കൊണ്ടാണ് ഗർഭിണിയായ പെൺകുട്ടി സുരേഷ് ഏട്ടന്റെ കൈയെടുത്ത് തന്റെ നിറവയറിൽ വെച്ച് കൊച്ചിനെ അനുഗ്രഹിക്കാൻ പറയുന്നത്.
പതിനാറ് വയസ്സുകാരി അവൾ നട്ടു വളർത്തിയ പേരയ്ക്കാ തൈ പ്രധാനമന്ത്രിക്ക് സമ്മാനിക്കാൻ സുരേഷ് മാമനെ ഏൽപ്പിക്കുന്നത്. എഴുപത്തിനാല് വയസ്സുള്ള അമ്മ പണയത്തിലിരിക്കുന്ന വീടും പറമ്പും എടുത്ത് തരുമോ എന്ന് ചോദിച്ച് സുരേഷ് മോന് കത്തയക്കുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിൽ നിന്ന് കൈനീട്ടം വാങ്ങിയ പെൺകുട്ടികൾ മുതിർന്ന കാരണവർ ആയി കരുതി സുരേഷ് സാറിന്റെ കാല് തൊട്ട് വന്ദിക്കുന്നതും.
അതെത്ര വിവാദം ആക്കിയാലും സുരേഷ് ഗോപിയേയോ അവരെയോ അതൊട്ടും ബാധിക്കില്ല. കാരണം അവർ തമ്മിലുള്ള വൈകാരിക ബന്ധം നിങ്ങളുടെ വിചാരണാ മുറിയുടെ പരിമിതിയിലൊതുങ്ങില്ല. ജനങ്ങൾക്ക് സുരേഷ് ഗോപിയെ അറിയാം. സുരേഷ് ഗോപിക്ക് താൻ ചെയ്യുന്നതെന്താണെന്നും. അദ്ദേഹം ഒരു ലക്ഷം ഒരു രൂപാ നോട്ടുകളും കൈനീട്ടമായി കൊടുത്തു തൃശ്ശൂർ നഗരത്തെ ഇനിയും കൈവെള്ളയിലെടുക്കും. ലക്ഷോപലക്ഷം മനസ്സുകൾ അതിനിടയിൽ ഇനിയും വിജയിക്കും. തൃശ്ശൂരിന്റെ അധികാരം ചോദിച്ചപ്പോൾ അല്ലേ നിങ്ങൾ കൊടുക്കാത്തത്? അധികാരപ്പെട്ട സ്‌നേഹം ചോദിക്കാതെ എടുത്താൽ നിങ്ങളെന്ത് ചെയ്യാനാണ്?
(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)
മറുനാടന് മലയാളി ബ്യൂറോ