കരുനാഗപ്പള്ളി: ഗർഫിൽനിന്നും അവധിക്ക് നാട്ടിലെത്തിയ ഭർത്താവിന്റെ അടിയേറ്റ് യുവതി മരിച്ചു, യുവതിയുടേത് ആത്മഹത്യയാക്കാൻവേണ്ടി കെട്ടിത്തൂക്കാൻശ്രമിച്ചെങ്കിലും നടന്നില്ല. കുലശേഖരപുരം കടത്തൂർ വെട്ടോളിശേരിയിൽ അബ്ദുൾ സലിമിന്റെ ഭാര്യ സനുജ(29)യാണ് മരിച്ചത്. ഭർത്താവ് അബ്ദുൾ സലിമാണ് സനൂജയെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഇയാൾ ഒളുവിലാണ്.

ഇന്നലെ രാത്രി പതിനൊന്നിനാണ് സംഭവം. ഗൾഫിലായിരുന്നഅബ്ദുൾ സലിം ജൂൺ 30 നാണ് ലീവിന് നാട്ടിലെത്തിയത്. റംസാൻ ആഘോഷിക്കാൻ സനുജയുടെ വീട്ടിൽപോയി വൈകിട്ട് മടങ്ങി എത്തി. രാത്രി പത്തിന് കുട്ടികൾ ഉറങ്ങിയപ്പോൾ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ ഭർത്താവിന്റെ അടിയേറ്റ് സനുജ ബോധം കെട്ട് വീണു. കുറേനേരമായിട്ടും ഉണരാതിരുന്നതിനെത്തുടർന്ന് മരിച്ചുവെന്ന് കരുതി കെട്ടിത്തൂക്കാൻ ശ്രമിച്ചു. സംഭവം ആത്മഹത്യയാക്കാനുള്ള ശ്രമം പാളിയതോടെ രക്ഷപ്പെടാനുള്ള കളി പൊളിഞ്ഞു.

അലുമിനിയം ഏണി മുറിയിൽ ചാരി കയറിൽ യുവതിയുടെ കഴുത്തിൽ കുരിക്കിട്ട് ഫാനിൽ കെട്ടിത്തൂക്കാനാിരുന്നു ശ്രമം. എന്നാൽ യുവതിയെ എടുത്തുയർത്താൻ കഴിയാതെ വന്നതോടെ അത് വിഫലമാവുകയായിരുന്നു. ദമ്പതികൾ വഴക്കിടുന്ന വിവരം സമീപത്ത് താമസിക്കുന്ന അബ്ദുൾ സലിമിന്റെ സഹോദരൻ സനുജയുടെ പിതാവ് അബ്ദുൾ സമദിനെ വിളിച്ചറിയിച്ചിരുന്നു. വിവരം അന്വേഷിക്കാൻ പിതാവ് സനുജയെ ഫോൺവിളിച്ചപ്പോൾ സംഭവം വഷളാകുമെന്ന് മനസിലായി വീണ്ടും കെട്ടിത്തൂക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അബ്ദുൾ സലിം ഒളിവിൽ പോവുകയായിരുന്നു.

മകൾ ഫോൺ എടുക്കാതിരുന്നതിൽ പന്തികേട് തോന്നി പിതാവ് അബ്ദുൾ സമദ് ഇരുന്നൂറ് മീറ്റർ അകലെയുള്ള ഇവരുടെ വീട്ടിലേക്ക് എത്തിയപ്പോൾ സനുജ തറയിൽകിടക്കുന്നത് കണ്ടു. തുടർന്ന് ബന്ധുക്കളെയും അയൽവാസികളെയും കൂട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. യുവതി മിനിട്ടുകൾക്ക് മുമ്പ് മരിച്ച് കഴിഞ്ഞതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പൊലീസിൽ അറിയിച്ചതോടെ അബ്ദുൾ സലിമിനായി രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പന്ത്രണ്ട് വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൾ സലിം കഴിഞ്ഞ തവണ ലീവിന് എത്തിയപ്പോൾ ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യയെ സംശയമാണ് അന്നും വഴക്കിന് കാരണം. ബന്ധുക്കളുമായി അടുത്ത് ഇടപെടാൻ വിമുഖത കാട്ടുന്ന ഇയാൾ ലീവിന് വന്നാൽ ഭാര്യയെ ബന്ധുക്കളുമായി അടുത്തിടപഴകാൻ അനുവദിച്ചിരുന്നില്ല. ഏഴ് വയസുള്ള അദിനും ഒരു വയസുള്ള ഫാത്തിമയുമാണ് മക്കൾ.