- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും അമ്മയും നഷ്ടപ്പെട്ട ബാല്യം; വളർന്നത് വല്ല്യമ്മയുടെ തണലിൽ; രക്തസാക്ഷിയായ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി എല്ലാവർക്കും പ്രയിങ്കരൻ; എന്നിട്ടും കൊല; ഗൾഫിൽ നിന്ന് കൊണ്ടു വന്ന കത്തിക്ക് കുത്തിയ പ്രതി ജാമ്യത്തിൽ ഇറങ്ങി ഉടൻ വിമാനം കയറി! സനൂപിന്റെ കുടുംബക്കാരും അയൽക്കാരും പ്രതിഷേധിച്ച് സിപിഎം വിടുമ്പോൾ
കുന്നംകുളം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട പുതുശേരി കോളനി ചേനോത്ത് വീട്ടിൽ സനൂപിന്റെ (26) കുടുംബം സിപിഎം ബന്ധം ഉപേക്ഷിച്ചത് ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുന്ന വിശദീകരണവുമായി. സിപിഎം നേതൃത്വത്തിനെതിരെ അഴിമതിയും ആരോപിക്കുന്നു. ഇത് ഈ മേഖലയിൽ സിപിഎമ്മിന് കടുത്ത വെല്ലുവിളിയാണ്.
സനൂപിന്റെ വലിയമ്മ പേരാലിൽ വിലാസിനി അടക്കമുള്ള ബന്ധുക്കളും അയൽക്കാരുമായ പുതുശേരി കോളനി നിവാസികളാണ് പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉയർത്തി പാർട്ടി ബന്ധം അവസാനിപ്പിച്ചതായി അറിയിച്ചത്. കമ്യൂണിസ്റ്റായി ഇടതുപക്ഷ ആശയങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്നും ഇവർ വിശദീകരിക്കുന്നുണ്ട്.
ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു പോയ സനൂപിനെ വല്ല്യമ്മയാണ് വളർത്തിയത്. വല്ല്യമ്മയുടെ കുടുംബത്തോടൊപ്പമാണ് സനൂപ് ഇത്രയും കാലം ജീവിച്ചതും. കോവിഡ് കാലത്തെ സേവനപ്രവർത്തനങ്ങളിലും മറ്റും സജീവമായിരുന്ന സനൂപിനെക്കുറിച്ച് നാട്ടുകാർക്കും സുഹൃത്തുകൾക്കും വളരെ നല്ല അഭിപ്രായമായിരുന്നു. പാർട്ടി പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും നല്ലപേരുണ്ടായിരുന്നു സനൂപിന്. സനൂപിന് ഒരു തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലവും ഇല്ലായിരുന്നു. സനൂപിന്റെ സുഹൃത്തുകളിലൊരാൾ സമീപകാലത്താണ് ചിറ്റിലങ്ങാടിക്ക് താമസം മാറി വന്നത്. ഇയാളുമായി പ്രദേശത്തെ ബിജെപി പ്രവർത്തകർക്ക് ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതു പറഞ്ഞു തീർക്കാനാണ് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് ചുങ്കത്തിന് അടുത്തെ ചിറ്റിലങ്ങാടേക്ക് എത്തിയത്. ഇതിനിടെയായിരുന്നു കൊല.
കഴിഞ്ഞ വർഷം ഒക്ടോബർ 4ന് ചിറ്റിലങ്ങാട് വച്ചാണ് പുതുശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപ് കൊല്ലപ്പെടുന്നത്. സംഘപരിവാറുകാരാണ് കൊലപാതകം നടത്തിയതെന്നാണ് സിപിഎം ആരോപണം. എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി സംഘപരിവാർ സംഘടനകൾ ഇത് നിഷേധിച്ചിരുന്നു. രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ കേസിൽ പ്രതികളെ വിവിധയിടങ്ങളിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരിൽ ഒന്നാം പ്രതി ചിറ്റിലങ്ങാട് തറയിൽ നന്ദനൻ (51) ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്കു കടന്നതായി സനൂപിന്റെ കുടുംബം പറയുന്നു. പാർട്ടിയും സർക്കാരും കർശന നിലപാട് എടുക്കാതിരുന്നതാണ് ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലപ്പെടുത്തിവർക്കു സഹായകമായതെന്ന് ആരോപിക്കുന്നു. കൂടാതെ കുടുംബ സഹായ ഫണ്ടെന്ന പേരിൽ 20 ലക്ഷത്തിലധികം രൂപ സിപിഎം പിരിച്ചെടുത്തതായി കുടുംബം ആരോപിക്കുന്നു. പിരിച്ചെടുത്ത തുക നൽകിയില്ലെന്നും സനൂപിന് സ്മാരകം നിർമ്മിക്കുമെന്ന വാഗ്ദാനം ഒരു വർഷം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ല എന്നും ചൂണ്ടിക്കാട്ടി.
അതേസമയം, സനൂപ് താമസിച്ചിരുന്ന വീട് നവീകരിച്ചു നൽകാനാണ് പാർട്ടി തീരുമാനിച്ചതെന്ന് സിപിഎം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ പറഞ്ഞു. എന്നാൽ ബന്ധുക്കളായ മൂന്നുപേർ തമ്മിൽ വീടിന്റെ അവകാശത്തെ ചൊല്ലി തർക്കം ഉണ്ടായതാണ് തടസ്സമായത്. തർക്കം ഒത്തുതീർക്കാൻ ശ്രമം നടത്തിയെങ്കിലും സമവായം സാധ്യമായിട്ടില്ല. ശ്രമങ്ങൾ തുടരുകയാണ്. സനൂപിന്റെ കുടുംബാംഗങ്ങളിൽ ചിലർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും സത്യൻ വ്യക്തമാക്കി.
സനൂപിനെ ചിറ്റിലങ്ങാട്ടുവെച്ച് കൊലപ്പെടുത്തിയത് കൂട്ടായ ആക്രമണത്തിലൂടെയാണ്. സുനീഷ് വെട്ടുകത്തി ഉപയോഗിച്ച് സനൂപിനെ കുത്തി. തുടർന്ന് സുജയ് കുമാർ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ചിറ്റലങ്ങാട് മേഖലയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കവും അതോടനുബന്ധിച്ചുണ്ടായ സംഘട്ടനവും സംസാരിച്ച് പരിഹരിക്കാൻ കൂട്ടുകാരോടൊപ്പം പോയതായിരുന്നു സനൂപ്. വീണ്ടും ഇതേ തുടർന്നുണ്ടായ തർക്കം കത്തികുത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
മുഖ്യപ്രതിയായ നന്ദനൻ കൊലയ്ക്ക് ഏതാനും നാൾ മുമ്പാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. പിന്നീട് ക്വാറന്റീനിൽ കഴിഞ്ഞ ശേഷം രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. അതിന് ശേഷമായിരുന്നു കൊല. വിദേശത്തുനിന്ന് കൊണ്ടുവന്ന കത്തിയാണ് സനൂപിനെ കുത്താൻ ഉപയോഗിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ