- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമ്യ ഹരിദാസിനെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി സനൂഫ്; ഹോട്ടലിൽ വച്ച് അപമാനിച്ചത് തന്നെ; ഫോൺ തട്ടിപ്പറിച്ചത് രമ്യ ഹരിദാസിന്റെ നിർദേശപ്രകാരം; വീഡിയോ റെക്കോർഡ് ചെയ്തത് വിഷയം തനിക്ക് നേരെ തിരിയുമെന്ന് ഉറപ്പുണ്ടായതിനാലെന്നും സനൂഫ്
തിരുവനന്തപുരം: ആലത്തൂർ എംപി രമ്യ ഹരിദാസിന്റെ നിർദ്ദേശാനുസരണമാണ് തന്റെ ഫോൺതട്ടിപ്പറിച്ചതെന്ന് പാലക്കാട്ടെ ഹോട്ടലിലെ ദൃശ്യങ്ങൾ പകർത്തിയ കൽമണ്ഡപം സ്വദേശി സനൂഫ്. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ എംപിക്കെതിരെ കേസെടുത്തില്ലെന്നും സനൂഫ് ആരോപിച്ചു.ഈ സാഹചര്യത്തിൽ എം പിക്കെതിരെ മാനനഷ്ടക്കേസ് നൽകാനാണ് സനൂഫിന്റെ തീരുമാനം.
നിയമലംഘനം ചോദ്യം ചെയ്ത തന്നെ രമ്യ ഹരിദാസ് എംപി ഹോട്ടലിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്. എന്നാൽ താൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലല്ല കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊഴിയിൽ എംപിയുടെ കാര്യം സൂചിപ്പിച്ചിരുന്നു. കാര്യങ്ങളെല്ലാം കൃത്യമായി പറയുകയും ചെയ്തിരുന്നു. എംപിക്കെതിരെ കേസെടുക്കാൻ പ്രോട്ടോക്കോൾ ഉണ്ടെന്നൊക്കെയാണ് പറയുന്നത്. അന്വേഷിച്ചപ്പോൾ അങ്ങനെയില്ല എന്നാണ് അറിഞ്ഞതെന്നും സനൂഫ് പറഞ്ഞു.
എംപിയെ താൻ വംശീയമായി അധിക്ഷേപിച്ചെന്നും കയറിപ്പിടിക്കാൻ ശ്രമിച്ചെന്നുമൊക്കെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതൊന്നും സത്യമല്ല. വ്യാജമായ ആരോപണങ്ങളാണ് എംപി തനിക്കെതിരെ ഉന്നയിച്ചത്.മാന്യമായാണ് താൻ പെരുമാറിയത്. എംപി ഇത്രയും തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും സനൂഫ് പറഞ്ഞു.
ഇത്രയും മോശമായ ആരോപണം ഭാവിയെ ബാധിക്കും. ആരോപണം എത്രത്തോളം ഗുരുതരമാണെന്ന് സാധാരണക്കാർക്ക് വരെ മനസിലാകും. വിഷയം നേരെ തിരിയുമെന്ന് തോന്നിയതുകൊണ്ടാണ് വീഡിയോ റെക്കോർഡ് ചെയ്തത്. കോൺഗ്രസുകാർ തല്ലിയപ്പോൾ എംപി നോക്കിനിൽക്കുകയായിരുന്നെന്നും തല്ലിക്കോട്ടെ എന്ന മനോഭാവമായിരുന്നു അവർക്കെന്നും സനൂഫ് പറഞ്ഞു.
അതേസമയം, സനൂഫിനേയും സുഹൃത്തിനേയും ആക്രമിച്ച സംഭവത്തിൽ ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വി.ടി ബൽറാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കസബ പൊലീസ് കേസ് എടുത്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി.കയ്യേറ്റം ചെയ്യൽ, അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് രമ്യഹരിദാസടക്കം എട്ടു കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
മറുനാടന് മലയാളി ബ്യൂറോ