- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവഭാഷാ പഠനകേന്ദ്രത്തിനുള്ള സ്ഥലമെടുപ്പിൽ അഴിമതിക്കു നീക്കം; ശാന്തിഗിരി ആശ്രമംസ്ഥലം സൗജന്യമായി നൽകിയിട്ടും വേണ്ട; അതിവിശാലമായ സർക്കാർ പുറമ്പോക്കും വേണ്ട; ചതുപ്പു നിലത്തിൽ കെട്ടിടം നിർമ്മിക്കാൻ ഭൂമാഫിയ
ആലപ്പുഴ: സംസ്‌കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രനിർമ്മാണത്തിനുള്ള സ്ഥലമെടുപ്പിൽ അഴിമതിക്ക് കളമൊരുങ്ങുന്നു. ആലപ്പുഴ ജില്ലയിലെ തുറവൂരിലാണ് കേന്ദ്രം സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ചന്തിരൂരിലെ ശാന്തിഗിരി ആശ്രമം സർവകലാശാലാ കാമ്പസിനാവശ്യമായ സ്ഥലം സൗജന്യമായി നൽകാമെന്നേറ്റിട്ടും ചതുപ്പുനിലം വാങ്ങാനുള്ള ചില രാഷ്ട്രീ
ആലപ്പുഴ: സംസ്‌കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രനിർമ്മാണത്തിനുള്ള സ്ഥലമെടുപ്പിൽ അഴിമതിക്ക് കളമൊരുങ്ങുന്നു. ആലപ്പുഴ ജില്ലയിലെ തുറവൂരിലാണ് കേന്ദ്രം സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ചന്തിരൂരിലെ ശാന്തിഗിരി ആശ്രമം സർവകലാശാലാ കാമ്പസിനാവശ്യമായ സ്ഥലം സൗജന്യമായി നൽകാമെന്നേറ്റിട്ടും ചതുപ്പുനിലം വാങ്ങാനുള്ള ചില രാഷ്ട്രീയക്കാരുടെയും ഭൂമാഫിയകളുടെയും നീക്കങ്ങളാണ് സ്ഥാപനത്തിനു ഭീഷണിയാകുന്നത്. തുറവൂർ ജംഗ്ഷനു കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അഞ്ചേക്കർ തരിശുപാടമാണ് ഇപ്പോൾ കേന്ദ്രത്തിനായി കണ്ടെത്തിയിട്ടുള്ളത്.
എന്നാൽ ചതുപ്പുനിലത്തിനു തൊട്ടരികിൽ ഏക്കറുകണക്കിനു സർക്കാർ പുറമ്പോക്കുഭൂമി കിടക്കുമ്പോഴാണ് കോടികൾ മുടക്കി സ്വകാര്യവ്യക്തിയുടെ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ചില ഭരണപക്ഷ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭൂമാഫിയയും ചേർന്നാണ് സർക്കാറിന്റെ കോടികൾ തട്ടിയെടുക്കാനുള്ള അണിയറനീക്കങ്ങൾ നടത്തുന്നത്. തുച്ഛമായ വിലയ്ക്കു വാങ്ങിയ പാടം ലക്ഷങ്ങൾ വിലയിട്ടാണ് സർക്കാരിനു വിൽക്കാൻ സംഘം തീരുമാനിച്ചിട്ടുള്ളത്.
നിർദ്ദിഷ്ട ചതുപ്പുഭൂമി നിർമ്മാണ പ്രവർത്തനത്തിനായി ഒരുക്കിയെടുക്കാൻ തന്നെ കോടികൾ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ചതുപ്പുനിലം സർക്കാരിന്റെ തലയിൽ കെട്ടിവച്ച് കോടികൾ തട്ടാൻ റാക്കറ്റ് ഒരുങ്ങുന്നത്. ഇപ്പോൾ ഏറ്റെടുക്കാൻ നീക്കം നടത്തുന്ന ചതുപ്പുനിലത്തിൽനിന്നും വിളിപ്പാടകലെയാണ് തുറവൂർ ഗ്രാമപഞ്ചായത്തിന്റെ മത്സ്യമാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. ഇത് സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തെ സാരമായി ബാധിക്കും. നിലവിൽ ഈ മാർക്കറ്റിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പല സർക്കാർ സ്ഥാപനങ്ങളും മലിനീകരണ ഭീഷണിയെത്തുടർന്ന് ഇവിടെനിന്നു മാറ്റിയിരുന്നു. ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സ്ഥലമെടുപ്പിന് നീക്കം നടത്തുന്നതെന്നും അറിയാൻ കഴിഞ്ഞു.
സംസ്‌കൃത സർവകലാശാലാ പ്രാദേശികകേന്ദ്രം തുറവൂരിൽത്തന്നെ സ്ഥാപിക്കാൻ തൈക്കാട്ടുശ്ശേരി കടവിനു സമീപമുള്ള സർക്കാർ പുറമ്പോക്കു ഭൂമി പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.