ആലുവ: സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ സംസ്‌കൃത സർവ്വകലാശാലയിൽ നിയമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചതാണ്. അർഹതപ്പെട്ട ഉദ്യോഗാർഥികളെ തഴഞ്ഞാണ് നിനിതയെ നിയമിച്ചതെന്നായിരുന്നു വിവാദം. ഇതിന് പിന്നിൽ കളിച്ചത് ഭരണതലത്തിലുണ്ടായ ബന്ധങ്ങളുമായിരുന്നു. എന്നാൽ, നിനിത കണിച്ചേരിയുടെ നിയമനം സർവ്വകലാശാലയിൽ നടക്കുന്ന സ്വജനപക്ഷപാദത്തിന്റെ ഒരു ചെറിയ അംശം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം.

നിനിതയുടെ വിവാദ നിയമനത്തിന് പിന്നാലെ സർവ്വകലാശാലയുമായി ബന്ധപ്പെട്ട മറ്റു നിയമനങ്ങൾ പരിശോധിക്കുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 1998 മുതൽ ഇവിടെ നടന്ന 200 ഓളം അദ്ധ്യാപക നിയമനങ്ങളിൽ മെറിറ്റിനേക്കാൾ പരിഗണന വന്നത് രാഷ്ട്രീയത്തിനാണ് എന്ന വിവരങ്ങളാണ് വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന വിവരാവകാശ രേഖകളും പുറത്തുവരുകയുണ്ടായി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം കണ്ട ഏറ്റവും വലിയ നിയമന കുംഭകോണമാണു 1998ൽ നടന്നത്. അന്നും ഭരണത്തിൽ ഇടതു മുന്നണിയായിരുന്നു. ഇപ്പോൾ നടക്കുന്ന നിയമനങ്ങളിൽ നിനിതയുടേതു മാത്രമല്ല സംശയത്തിന്റെ നിഴലിൽ. സമാനമായ വിധത്തിലുള്ള നിരവധി പിൻവാതിൽ നിയമനങ്ങളാണ് സംസ്‌കൃത സർവ്വകലാശാലയിൽ ഉണ്ടായിരിക്കുന്നത്.

നിനിത കണിച്ചേരിയുടെ നിയമനം വിവാദമായപ്പോൾ എക്‌സ്‌പേർട്ട് പാനലിൽ ഉണ്ടായിരുന്ന ഒരാൾ ഗൈഡായ വ്യക്തി ഷോർട്ട്‌ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു എന്ന നിലപാടായിരുന്നു എം ബി രാജേഷ് സ്വീകരിച്ചത്. രാജേഷിന്റെ ഈ വാദം കണക്കിലെടുത്താൽ സമാനമായ ഇടപെടൽ മുമ്പു ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാകും. വൈസ് ചാൻസലർ ധർമ്മരാജ് അടാട്ടിന്റെ സ്വന്തം പി എച്ച് ഡി വിദ്യാർത്ഥിയെ അദ്ദേഹം തന്നെ ഇന്റർവ്യൂ നടത്തി നിയമിച്ച ചരിത്രവും സർവ്വകലാശാലയിലുണ്ട്.

ഫിലോസഫി വിഭാഗത്തിൽ മുസ്ലിം സംവരണ സീറ്റ് അട്ടിമറിച്ച് താൽക്കാലിക അദ്ധ്യാപികയെ 2012മുതൽ മുൻ കാല പ്രാബല്യത്തോടെ നിയമിച്ചു, ഇവരുടെ യോഗ്യത സംബന്ധിച്ചും ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഈ നിയമനത്തിൽ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കമ്പാരേറ്റീവ് ലിറ്ററേച്ചർ വകുപ്പിലെ അദ്ധ്യാപക നിയമനം ഹൈക്കോടതി തടഞ്ഞു കഴിഞ്ഞു.

ഇത് കൂടാതെ ഇപ്പോൾ പുറത്തുവരുന്നത് രാഷ്ട്രീയ പക്ഷപാദത്തിന്റ മറ്റൊരു കഥയാണ്. വിവരാവകാശ രേഖകൾ തെളിയിക്കുന്നത് ഞെട്ടിക്കുന്ന സ്വജന പക്ഷപാതമാണ്. സീനിയർ പബ്ലിക്കേഷൻ ഓഫീസർ തസ്തിക ഇല്ലാതാക്കി പകരം ഇന്ത്യയിൽ ഒരു സർവ്വകലാശാലയിലും യു ജി സി സ്‌കെയിൽ അനുവദിക്കാത്ത ഡയറക്ടർ ഓഫ് പബ്ലിക്കേഷൻസ് എന്ന തസ്തിക സൃഷ്ടിക്കുവാൻ നടത്തുന്ന നാടകങ്ങളാണ് പുറത്തുവന്നത്. ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത് 2021 ഏപ്രിലിൽ സർവ്വകലാശാലയിൽ നിന്നും വിരമിക്കേണ്ട ഇടതുപക്ഷ സംഘടനാ നേതാവും ലൈബ്രറി റഫറൻസ് അസിസ്റ്റന്റുമായ ആൾക്കു വേണ്ടിയാണ്.

ലക്ഷത്തിലധികം രൂപ പ്രതിമാസം അധിക ബാധ്യത വരുത്തുന്ന ഈ തസ്തിക നിർമ്മാണം 5 വർഷത്തേക്ക് ഈ ഉദ്യോഗസ്ഥനെ പ്രൊഫസർ സ്‌കെയിലിൽ നിലനിർത്തനാണ്. ഇതിനായി എഴുതിയുണ്ടാക്കിയ യോഗ്യതയാണു ഏറെ വിചിത്രമായതും. ഇതേ ഉദ്യോഗസ്ഥൻ തന്റെ യോഗ്യതയനുസരിച്ച് എഴുതി നൽകിയ കുറിപ്പിന്മേലാണു സിൻഡിക്കേറ്റ് തസ്തിക സൃഷ്ടിക്കുവാൻ തീരുമാനിച്ചത്. രാഷ്ട്രീയ സ്വാധീനവും മന്ത്രി ജലീലുമായുള്ള അടുപ്പവും ഉപയോഗിച്ച് ഇയാൾ സർവ്വകലാശാലയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.

വൻ സാമ്പത്തീക ബാധ്യത മുൻ നിർത്തി സർക്കാർ 2 തവണയും നിയമ ഭേദഗതി ശരിയായ വിധത്തിൽ അല്ലാതിരുന്നതിനാൽ ഗവർണ്ണരും സർക്കാറും തസ്തിക നിരസിക്കുകയുണ്ടായി. എന്നാൽ, ഇടതു സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങും മുമ്പ് വീണ്ടും നിയമന നീക്കം സജീവമാക്കിയിരിക്കയാണ്.

ഇടതുപക്ഷ സംഘടന നേതാവിനെ എന്തു വില കൊടുത്തും പ്രതിമാസം ലക്ഷത്തിലധികം രൂപയുടെ അധിക ശമ്പളത്തോടെ സർവ്വകലാശാലയിൽ നിയമിക്കാനാണു ശ്രമം. ഇതിന് ഇടതുപക്ഷത്തെ ചില പ്രമുഖരാണ് സജീവമായി രംഗത്തുള്ളത്. അതേസമയം സർവ്വകലാശാലയിലെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഇടതു സംഘടനകൾ പോലും ഇക്കാര്യത്തിൽ എതിർപ്പുമായ് രംഗത്തെത്തിയിട്ടുണ്ട്.

ഒരാൾക്ക് വേണ്ടി തസ്തിക സൃഷ്ടിക്കുന്ന ശ്രമം എന്തിനു വേണ്ടിയാണ് എന്നാണ് ഇവർ ചോദിക്കുന്നത്. പിൻവാതിൽ നിയമന വിവാദങ്ങൾ സർവ്വകലാശാലയിലും സർക്കാറിലും കത്തിപ്പടരുകയാണ്. പിഎസ് സി റാങ്ക് ഹോൾഡേഴ്‌സും സർക്കാറിമായി തുറന്ന യുദ്ധത്തിലാണ്. ഈ സാഹചര്യത്തിൽ സർക്കാരും ഗവർണ്ണരും വീണ്ടും ഒരു വിവാദ നിയമനത്തിന് കൂട്ടു നിൽക്കുമോ എന്ന് കണ്ടറയിണം.