ദോഹ: പിണറായി വിജയന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാരിന് ഖത്തറിലെ മലയാളി സമൂഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംസ്‌കൃതി സംഘടിപ്പിച്ച ''ഐക്യദാർഢ്യ സമ്മേളനം'' ഖത്തറിലെ വിവിധ സംഘടനാ ഭാരവാഹികളുടേയും, പ്രവർത്തകരുടേയും, വിവിധ മാദ്ധ്യമ പ്രതിനിധികളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്‌കൃതി പ്രസിഡന്റ് എ. കെ. ജലീൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐ.സി.സി പ്രസിഡന്റ് ഗിരീഷ്‌കുമാർ, ഇൻ കാസ് പ്രസിഡന്റ് കെ.കെ.ഉസ്മാൻ, കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീർ, ഇൻ കെൽ ഡയറക്ടർ സി.വി.റപ്പായി എന്നിവർ പുതിയ സർക്കാരിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സംഘടന ഭാരവാഹികളും, പ്രവർത്തകരും മധുരം പങ്ക് വച്ചു. സംസ്‌കൃതി വൈസ് പ്രസിഡന്റ് എം ടി. മുഹമ്മദാലി സ്വാഗതവും, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഇ.എം സുധീർ നന്ദിയും രേഖപ്പെടുത്തി. സംസ്‌കൃതി വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, ട്രഷറർ ശിവാനന്ദൻ വൈലൂർ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.എൻ. ബാബുരാജൻ, സണ്ണി പി.കെ, പ്രദീപ്കുമാർ അടൂർ, ഷംസീർ അരിക്കുളം, സുഹാസ് പാറക്കണ്ടി, നസീർ ചാഴൂർ, ഉസ്മാൻ റെഡ്, ബിന്ദു പ്രദീപ് തുടങ്ങിയവർ നേതൃത്വം നല്കി.