തിരുവനന്തപുരം : തേയിലത്തോട്ടം കാണാൻ ഇടുക്കി ശാന്തൻപാറയിലെത്തിയ പതിനഞ്ചുകാരിയെ നാലു പേർ ചേർന്ന് കൂട്ട ബലാൽസംഗത്തിനിരയാക്കിയ സംഭവത്തോടെ രാജ്യത്തിന് മുന്നിൽ കേരളത്തിലെ സ്ത്രീസുരക്ഷ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.ഉത്തരേന്ത്യയിലെ ചില വിദൂര ഗ്രാമങ്ങളിൽ സംഭവിക്കുന്നതു പോലുള്ള അപരിഷ്‌കൃത അക്രമണങ്ങൾക്ക് സമാനമാണ് കേരളത്തിലും ഉണ്ടായത്.

മദ്ധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പം തോട്ടം കാണാനെത്തിയ 15കാരിയെയാണ് നാല് നരാധമന്മാർ ചേർന്ന് പിച്ചിചീന്തിയത്. പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷമായിരുന്നു അതിക്രൂരമായി ബലാൽസംഗത്തിനിരയാക്കിയത്.
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്ന് സമീപകാല സംഭവ വികാസങ്ങൾ പരിശോധിച്ചാൽ ആർക്കും വ്യക്തമാകും. എന്നിട്ടും സ്ത്രീസുരക്ഷയെ കുറിച്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ച് അപഹാസ്യരാകുകയാണ്.

സ്ത്രീസുരക്ഷയെന്ന് വാതോരാതെ പറയുകയും എണ്ണമറ്റ പദ്ധതികൾ സ്ത്രീസുരക്ഷയ്ക്കായി രൂപീകരിക്കുകയും ചെയ്തിട്ടും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നത് പൊലീസിന് ഇപ്പോഴും അസാദ്ധ്യമാണ്.തിരുവനന്തപുരത്തു വച്ച് ഐ.പി.എസുകാരി പോലും നടുറോഡിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്. എസ്‌കോർട്ടും ഗൺമാനുമില്ലാതെ തിരുവനന്തപുരം നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ്് ഐ.പി.എസുകാരിക്ക് ദുരനുഭവമുണ്ടായത്. ബൈപ്പാസിൽ നടക്കുന്നതിനിടെ രണ്ട് ബൈക്കുകളിലെത്തിയ യുവാക്കൾ ഇവരെ അപമാനിക്കുകയായിരുന്നു.

പിന്നാലെയാണ് കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ 21കാരി നട്ടുച്ചയ്ക്കാണ് പത്താംക്ലാസുകാരന്റെ ക്രൂരതയ്ക്കിരയായത്.കോവളം കാണാനെത്തിയ ലാറ്റ്‌വിയൻ യുവതിയെ മയക്കുമരുന്ന് നൽകാമെന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചതുപ്പിൽ കൊന്നുതള്ളിയ സംഭവത്തോടെ കേരളത്തിന്റെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ആശങ്ക കടൽ കടന്നു.

കൊച്ചിയിലെ ഹൈപ്പർമാർക്കറ്റിൽ യുവനടിയെ അപമാനിച്ചിട്ട് ഏറെക്കാലമായിട്ടില്ല. ചവറ പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവം ഇങ്ങനെ- രാത്രിയിൽ അഭയം നൽകാൻ പിങ്ക് പൊലീസ് കൊണ്ടുവന്ന മനോനില തെറ്റിയ സ്ത്രീയെ പൊലീസുകാർ സ്റ്റേഷനിൽ കയറ്റാതെ പുറത്താക്കി. അകത്തു കയറാതിരിക്കാൻ സ്റ്റേഷന്റെ ഗ്രില്ല് പൂട്ടി. പൊലീസുകാരുടെ കണ്ണിൽ മണ്ണ് വാരിയെറിഞ്ഞ് ദേശീയപാതയിൽ വാഹനങ്ങൾക്കിടയിലൂടെ ആ സ്ത്രീ ഓടി. നൈറ്റ്പട്രോളുകാർ അവരെ പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും പൂട്ടുതുറന്നില്ല. ഒടുവിൽ അവരെ തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിലെത്തിച്ച് സംഭവം ഒതുക്കിത്തീർക്കുകയായിരുന്നു. ഇതാണ് പൊലീസിന്റെ സ്ത്രീ സുരക്ഷ.

സ്ത്രീകളുടെ പരാതികളിൽ കേസും ശക്തമായ നടപടികളുമെടുക്കാതെ പ്രതികളുമായി ചേർന്ന് ഒത്തുതീർപ്പുണ്ടാക്കുകയാണ് പൊലീസ്. ഭർത്താവ് മർദ്ദിച്ചെന്ന പരാതി പൊലീസ് ഒതുക്കിത്തീർത്തതിന് പിന്നാലെയാണ് കൊല്ലത്തെ വിസ്മയ ഭർത്തൃവീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരപീഡനത്തെക്കുറിച്ച് മൂന്നു വട്ടം പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ് ഒത്തുതീർപ്പ് നടത്തിയതിനെത്തുടർന്നാണ് പയ്യന്നൂരിലെ 26കാരി സുനിഷ ജീവനൊടുക്കിയത്.

ആത്മഹത്യ ചെയ്യുമെന്ന് മകൾ ഫോണിൽ പറയുന്നതായി സുനിഷയുടെ അമ്മ പരാതി നൽകിയിട്ടും പൊലീസ് വകവച്ചില്ല. സുനിഷയെ വിളിച്ചുവരുത്തി പറഞ്ഞു മനസിലാക്കി തിരിച്ചയയ്ക്കുകയായിരുന്നു പൊലീസ്. ഇത്തരം സംഭവങ്ങൾ നിരവധിയുണ്ട്. പരാതികളിൽ ഗാർഹികപീഡന നിരോധനനിയമം ചുമത്തി കേസെടുക്കാനല്ലാതെ ഒത്തുതീർപ്പിന് പൊലീസിന് അധികാരമില്ല. പരാതികളിൽ എഫ്.ഐ.ആർ വൈകിപ്പിക്കരുതെന്നും അതിക്രമങ്ങളെക്കുറിച്ച് എന്തുവിവരം ലഭിച്ചാലും അന്വേഷിക്കാതെ വിടരുതെന്നും മുഖ്യമന്ത്രി കർശനനിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.

കൊച്ചിയിലെ സി.എ വിദ്യാർത്ഥിനി മിഷേൽഷാജിയെ കാണാതായത് മാതാപിതാക്കൾ അറിയിച്ചിട്ടും പൊലീസ് അധികാരപരിധിയെച്ചൊല്ലി തർക്കിച്ച് അന്വേഷണം നടത്തിയില്ല. മിഷേലിനെ പിന്നീട് കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയത്ത് കെവിനെ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യതന്നെ വിവരംനൽകിയിട്ടും കേസെടുക്കാതെ, പ്രതികളുമായി പൊലീസ് ഒത്തുകളിച്ചു. കെവിനെ പിന്നീട് കൊലപ്പെടുത്തി ആറ്റിൽ തള്ളുകയായിരുന്നു.

ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത സമൂഹം എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കുറഞ്ഞുവരുന്നുവെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ മാത്രമായൊരു സംവിധാനം പൊലീസിൽ ഒരുക്കുമെന്ന് പിണറായി ആവർത്തിക്കുന്നുണ്ട്. എന്നാൽ അതൊന്നും നടപടിയിലില്ല.

സ്ത്രീസുരക്ഷയ്ക്ക് കോടികളുടെ കേന്ദ്ര, സംസ്ഥാന ഫണ്ടും ആവശ്യത്തിലേറെ പദ്ധതികളുമുണ്ടെങ്കിലും ഒന്നും ഫലംകാണുന്നില്ല. സെമിനാറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, വർഷത്തിലൊരിക്കലെ രാത്രിനടത്തം- ഇങ്ങനെ ചുരുങ്ങും സ്ത്രീസുരക്ഷ. സ്ത്രീസുരക്ഷാ പദ്ധതിയായ 'സുരക്ഷിത' നടപ്പാക്കിയ പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, പിങ്ക് ഡിജിറ്റൽ ഡ്രൈവ്, പിങ്ക് ഹോട്ട് സ്പോട്ട്, പിങ്ക് പട്രോൾ, കൺട്രോൾ റൂം എന്നിങ്ങനെ സ്ത്രീസുരക്ഷാ പദ്ധതികളേറെയുണ്ടെങ്കിലും ഫലപ്രദമല്ല.

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പിങ്ക്പട്രോളും 1515ടോൾഫ്രീയിലെ അടിയന്തര സഹായവുമൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഇവയ്ക്കായി 10കാറുകൾ, ബുള്ളറ്റ് ഉൾപ്പെടെ 40ഇരുചക്ര വാഹനങ്ങൾ, 20 സൈക്കിളുകൾ എന്നിവ ആഘോഷമായി പുറത്തിറക്കിയിരുന്നു.

എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും സ്വയംപ്രതിരോധ പരിശീലനം നൽകാനുള്ള പദ്ധതിയും പാളിപ്പോയി. സ്ത്രീസുരക്ഷയ്ക്ക് പ്രഥമപരിഗണനയെന്ന പ്രഖ്യാപനവുമായാണ് അനിൽകാന്ത് പൊലീസ് മേധാവിയായത്. പീഡനങ്ങളെത്തുടർന്ന് ആത്മഹത്യകളുണ്ടാവുമ്പോൾ കുറേ പദ്ധതികൾ പ്രഖ്യാപിക്കുന്നതിലൊതുങ്ങും പൊലീസിന്റെ സ്ത്രീസുരക്ഷ.