ഇടുക്കി: ശാന്തൻപാറ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ പതിനഞ്ചുകാരിയെ കൂട്ടം ചേർന്നു പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ. ഇവർക്കെതിരേയും പോക്‌സോ കേസ് എടുത്തു. പശ്ചിമബംഗാൾ സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യപ്രദേശ് സ്വദേശികളായ മഹേഷ്‌കുമാർ യാദവ്(25), ഖേം സിങ്(25) എന്നിവരെയാണു പിടികൂടിയത്. രാജാക്കാട് പൊലീസ് കജനാപ്പാറയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ 8 പേർ അറസ്റ്റിലായി.

പെൺകുട്ടിയെ കഴിഞ്ഞ ഞായറാഴ്ച പൂപ്പാറയിലെത്തിച്ച സുഹൃത്താണ് അറസ്റ്റിലായ മഹേഷ്‌കുമാർ യാദവ്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന ആളാണ്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച മഹേഷ്‌കുമാർ ഏതാനും ദിവസം മുൻപ് പെൺകുട്ടിയെ തന്റെ സുഹൃത്തായ ഖേം സിങ്ങിന്റെ താമസ സ്ഥലത്ത് എത്തിച്ചും പീഡിപ്പിച്ചു. അതിനു ശേഷം ഖേം സിങ് പെൺകുട്ടിയുമായി അടുപ്പത്തിലായി.

ഞായറാഴ്ച പെൺകുട്ടിയോടൊപ്പം പൂപ്പാറയിൽ എത്തിയ ഖേം സിങ് തേയിലത്തോട്ടത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്തു പൂപ്പാറ സ്വദേശികളായ ആറംഗ സംഘം അവിടെയെത്തി, ഖേം സിങ്ങിനെ തല്ലി ഓടിച്ചതിനു ശേഷം പെൺകുട്ടിയെ ഉപദ്രവിച്ചു. ഉടൻ തന്നെ ഖേം സിങ്, മഹേഷ്‌കുമാർ യാദവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പെൺകുട്ടി ഇവർക്കെതിരെ മൊഴി നൽകിയിരുന്നില്ല. പെൺകുട്ടിയുടെ കുടുംബാന്തരീക്ഷം ഏറെ മോശമാണ്. ഇതാണ് മധ്യപ്രദേശുകാർ ദുരുപയോഗം ചെയ്തത്.

ഇത് മനസ്സിലാക്കി പൊലീസ് തന്ത്രപരമായി നീങ്ങി. കേസിൽ പ്രതി സ്ഥാനത്ത് ഇല്ലെന്ന് ഇരുവരെയും വിശ്വസിപ്പിച്ച ശേഷം പൊലീസ് രഹസ്യമായി നിരീക്ഷിച്ചു. ശിശു സംരക്ഷണ വിഭാഗത്തിന്റെ സംരക്ഷണത്തിലുള്ള പെൺകുട്ടിക്കു ദ്വിഭാഷിയായ സാമൂഹിക പ്രവർത്തകയുടെ സഹായത്തോടെ നൽകിയ കൗൺസലിങ്ങിനിടെയാണു ഖേം സിങ്, മഹേഷ്‌കുമാർ എന്നിവരുടെ പീഡനം പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

ശിശുസംരക്ഷണ വിഭാഗത്തിന്റെ സംരക്ഷണയിലാണ് പെൺകുട്ടിയുള്ളത്. ഈ കുട്ടിക്ക് പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എം.ജി.ഗീത പറഞ്ഞു. ബംഗാളിലെ അവരുടെ പ്രാദേശിക ഭാഷ മാത്രമാണു പെൺകുട്ടിക്ക് അറിയാവുന്നത്. സ്വന്തം പേര് എഴുതാനും വായിക്കാനും അറിയില്ല. ദ്വിഭാഷിയുടെ സഹായത്തോടെ പെൺകുട്ടിക്കു കൗൺസലിങ് നൽകി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണ്.

ശിശു സംരക്ഷണ കേന്ദ്രത്തിൽവെച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ തുടർച്ചയായി നൽകിയ കൗൺസലിങ്ങിലാണ് സുഹൃത്തുക്കൾ പീഡിപ്പിച്ച വിവരം കുട്ടി തുറന്ന് പറഞ്ഞത്. മുമ്പ് പീഡിപ്പിച്ചവരെ കണ്ടെത്താൻ മൊബൈൽ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബം ജോലി തേടി മെയ്‌ മൂന്നാം വാരമാണ് ഇടുക്കിയിലെത്തുന്നത്. ഈ സമയം മഹേഷ് കുമാർ യാദവാണ് പിതാവിന് പണിതരപ്പെടുത്തി കൊടുക്കുന്നത്. ഇങ്ങനെയാണ് പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കുന്നതും ബന്ധം സ്ഥാപിച്ച് പീഡിപ്പിക്കുകയും ചെയ്തത്.