ഭിനയം നിർത്തി കുടുംബത്തിന്റെ കാര്യം മാത്രം നോക്കിക്കഴിഞ്ഞ നടിമാരുടെ മടങ്ങിവരവിനാണ് കഴിഞ്ഞ കുറച്ചുനാളുകളായി മലയാള സിനിമാ മേഖല കാണുന്നത്. മഞ്ജുവാര്യർ തിരിച്ചുവന്നു, ലിസി തിരിച്ചുവരവിന് ഒരുങ്ങുന്ന വാർത്തകൾ പുറത്തുവന്നു. അതിനിടയിൽ ഇതാ വീണ്ടും ഒരു മടങ്ങിവരവിന്റെ വാർത്ത.

നടി ശാന്തികൃഷ്ണയാണ് അഭിനയരംഗത്തേക്കു മടങ്ങിവരുന്നത്. പതിനെട്ടു വർഷത്തിനു ശേഷമാണ് ശാന്തി അഭിനയരംഗത്തേക്കു മടങ്ങിവരുന്നത്. ഒരു മൂന്നാംവരവിനാണ് ശാന്തികൃഷ്ണ തയ്യാറെടുക്കുന്നത്. പ്രമുഖ മലയാളം ടിവി ചാനലിൽ സംപ്രേഷണത്തിന് ഒരുങ്ങുന്ന ടെലിസീരിയലിലൂടെയാണ് ശാന്തികൃഷ്ണയുടെ മടങ്ങിവരവ്.

1997ൽ പുറത്തിറങ്ങിയ കല്യാണ ഉണ്ണികൾ എന്ന ചിത്രത്തിലാണ് ശാന്തികൃഷ്ണ അവസാനമായി അഭിനയിച്ചത്. ജഗതി ശ്രീകുമാറായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. നിരവധി കലാമൂല്യമുള്ള സിനിമകളിൽ മുഖ്യവേഷങ്ങളിലെത്തിയ നടി ഇതിനുമുമ്പ് ചാപല്യം എന്ന ടെലിസീരിയലിലും അഭിനയിച്ചിരുന്നു.

കുറച്ചുദിവസം മുമ്പ് ശാന്തികൃഷ്ണ തന്റെ ഫേസ്‌ബുക്ക് പേജിലിട്ട പോസ്റ്റാണ് ഓൺസ്‌ക്രീനിലേക്ക് മടങ്ങിവരുന്നുവെന്ന സൂചന നൽകിയത. 'സുഹൃത്തുക്കളുടേയും ആരാധകരുടേയും അഭ്യർത്ഥന പരിഗണിക്കുന്നു. ഓൺസ്‌ക്രീനിൽ ഉടൻ എന്നെ കാണാം. എല്ലാവരുടേയും പിന്തുണയും സ്‌നേഹവും പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ഫേസ്‌ബുക്കിൽ ശാന്തികൃഷ്ണ കുറിച്ചത്. എന്നാൽ ടെലിസീരിയലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.

1981ൽ പുറത്തിറങ്ങിയ ഭരതൻ സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ചിത്രം നിദ്രയിലൂടെ ആയിരുന്നു ശാന്തികൃഷ്ണയുടെ വെള്ളിത്തിര അരങ്ങേറ്റം. തമിഴ് സിനിമകളിലും നടി തന്റെ സാന്നിദ്ധ്യം അറിയിച്ചു. 1994ൽ പുറത്തിറങ്ങിയ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശാന്തി കൃഷ്ണയെ തേടിയെത്തി. എം ടി വാസുദേവൻനായർ, ഭരതൻ തുടങ്ങിയ പ്രമുഖരുടെ സിനിമയിലെ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു താരം.

അന്തരിച്ച നടൻ ശ്രീനാഥുമായുള്ള വിവാഹത്തിന് ശേഷം ശാന്തീകൃഷ്ണ അഭിനയത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. വിവാഹമോചനത്തിന് ശേഷം വീണ്ടും ശാന്തീകൃഷ്ണ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം താരം വെള്ളിവെളിച്ചത്തിൽ നിന്ന് അകന്നു. ബംഗളൂരുവിൽ പ്രമുഖ വ്യവസായിയുടെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ശാന്തീകൃഷ്ണ.