ത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് രാധാകൃഷ്ണൻ എന്ന വടക്കൻപറവൂരുകാരൻ ശാന്തിമഠം രാധാകൃഷ്ണനായി വളർന്നത്. എതിരാളികൾക്ക് അത് തട്ടിപ്പിന്റെ പാതയാണെങ്കിൽ അടുപ്പക്കാരുടെ ഭാഷയിൽ പക്ഷേ, ഈ മനുഷ്യൻ വളർന്നത് കഠിനപ്രയത്‌നത്തിലൂടെയാണ്.

അറുപത്തിമൂന്നുകാരനായ രാധാകൃഷ്ണൻ ജനിച്ചത് പറവൂർ ചക്കുമരശ്ശേരിയിലാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയ നേട്ടമൊന്നും രാധാകൃഷ്ണന് അവകാശപ്പെടാനില്ല. സാമ്പത്തികമായി അത്ര ഭദ്രമല്ലാത്ത കുടുംബത്തിൽ പിറന്ന രാധാകൃഷ്ണന് പത്താംതരം വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പിന്നീട് നാട്ടിലെ ചെറിയ കൂലിപ്പണിപോലും ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്.

ഉപജീവനത്തിനായി സ്വന്തമായി ചായക്കടയും രാധാകൃഷ്ണൻ നടത്തിയിട്ടുണ്ട്. നാട്ടിലെ ജീവിതസാഹചര്യം മോശമായതിനാൽ ആന്ധ്രാപ്രദേശിലേക്ക് ചേക്കേറി. എന്നാൽ അവിടെയും രാധാകൃഷ്ണൻ ഉറച്ചുനിന്നില്ല. തിരിച്ച് വടക്കൻ പറവൂരിലെത്തി. പിന്നീട് തപാലിലൂടെ ഹോമിയോപഠനം തുടങ്ങി. എന്നാൽ ഇത് പൂർത്തിയാക്കാനായില്ലെന്ന് അഭിഭാഷകൻ കൂടിയായ സുഹൃത്ത് പ്രദീപ് സാക്ഷ്യപ്പെടുത്തുന്നു. പണം നൽകി വ്യവസായികളുൾപ്പെടെ പലരും നേടിയ കൊളംബോ സർവകലാശാലയുടെ ഡോക്ടറേറ്റ് രാധാകൃഷ്ണനും കരസ്ഥമാക്കിയിരുന്നെന്നും പറയപ്പെടുന്നു.

ഇതിനെല്ലാം ശേഷമാണ് ശാന്തിമഠം എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതിനകം രാധാകൃഷ്ണന്റെ വിവാഹവും കഴിഞ്ഞിരുന്നു. ശാന്തിമഠം ദാഹശമനി എന്ന ഉല്പന്നമാണ് രാധാകൃഷ്ണൻ ആദ്യം പുറത്തിറക്കിയത്. വിപണിയിൽ ചെറിയ തോതിലാണെങ്കിലും പ്രതികരണം ഉണ്ടാക്കിയെടുക്കാൻ ദാഹശമനിക്കായെന്ന് അഡ്വ. പ്രദീപ് പറഞ്ഞു. ദാഹശമനിയുടെ ചുവടുപറ്റിആയുർവേദ ഹെയർടോണിക് പുറത്തിറക്കാനും ശാന്തിമഠത്തിനായി. കുറെക്കാലം വടക്കൻപറവൂർ കേന്ദ്രീകരിച്ച് ശാന്തിമഠം ഉല്പന്നങ്ങൾ വിപണിയിലെത്തിച്ചുവെങ്കിലും പിന്നീട് ഉല്പാദനവും വിതരണവും പൂർണ്ണമായും അവസാനിപ്പിക്കുകയായിരുന്നു.

റിയൽ എസ്റ്റേറ്റ് രംഗത്തേക്ക്

വസ്തു വാങ്ങുകയും വിൽക്കുകയും ക്രയവിക്രയം നടത്തുകയും ചെയ്യുന്ന റിയൽ എസ്റ്റേറ്റ് രംഗത്തേക്കുള്ള കടന്നുവരവാണ് ശാന്തിമഠം രാധാകൃഷ്ണനെന്ന ബിൽഡറെ വളർത്തിയത്. വടക്കൻ പറവൂരിൽ നിന്ന് തുടങ്ങിയ ജൈത്രയാത്ര, എറണാംകുളത്തും തൃശൂരും പാലക്കാട്ടും ഭൂമി വാങ്ങിക്കൂട്ടുന്നതിൽ എത്തി. നല്ല കണ്ണായസ്ഥലം പണംകൊടുത്ത് വാങ്ങിയ ശേഷം ലാഭാടിസ്ഥാനത്തിൽ മറിച്ചുവിൽക്കുന്ന കച്ചവടത്തിൽ രാധാകൃഷ്ണൻ ഏറെ ശോഭിച്ചു. വിദ്യാഭ്യാസത്തിൽ പിന്നിലാണെങ്കിലും മകൻ രാകേഷ് മനുവും ശാന്തിമഠം ഗ്രൂപ്പിന്റെ അമരത്ത് അച്ഛനെ സഹായിക്കാനെത്തി. ഒമ്പതാം ക്ലാസുകാരനായ രാകേഷ് ബിസിനസ്സ് രംഗത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

പിന്നീട് ശാന്തിമഠം ട്രസ്റ്റ് രൂപീകരിച്ചാണ് വില്ല നിർമ്മാണത്തിലേക്ക് തിരിയുന്നത്. ഗുരുവായൂരിലെ വിപണിസാധ്യത മുന്നിൽ കണ്ട രാധാകൃഷ്ണൻ വടക്കൻ പറവൂരിൽ നിന്ന് തന്റെ പ്രവർത്തന മേഖല ഗുരുവായൂരിലേക്ക് മാറ്റി. 14 വീടുകളുള്ള മമ്മിയൂരിലെ വില്ലാ പദ്ധതി വിജയകരമായി പൂർത്തിയാക്കിയായിരുന്നു ഈ രംഗത്തേക്കുള്ള ശാന്തിമഠത്തിന്റെ ഉറച്ച ചുവടുവയ്‌പ്പ്. ഇതിലൂടെ സമ്പാദിച്ച വിശ്വാസ്യതയും പരസ്യവിപണിയും രാധാകൃഷ്ണൻ സമർത്ഥമായി ഉപയോഗിച്ചു. കൈരളി അടക്കമുള്ള ചാനലുകളിൽ കവിയൂർ പൊന്നമ്മ ഉൾപ്പെടെയുള്ളവർ ശാന്തിമഠത്തിനായി മേക്കപ്പിട്ടു. കേരളത്തിൽതീർത്ഥാടനടൂറിസം രംഗത്തുള്ള അനന്തമായ ബിസിനസ്സ് സാധ്യതകളുണ്ടെന്ന് തെളിയിച്ചത് ശാന്തിമഠം രാധാകൃഷ്ണനാണെന്ന് നിസ്സംശയം പറയാം.

ആദ്യ പ്രൊജക്ട് വിജയമായതിനുശേഷം മാനേജ്‌മെന്റിൽ ഉണ്ടായ പ്രശ്‌നങ്ങളാണ് വലിയ ലാഭാടിസ്ഥാനത്തിൽ തുടങ്ങിയ മുനിമടയിലെയും കോട്ടപ്പടിയിലെയും പദ്ധതികൾ തകരാൻ കാരണമായതെന്നാണ് രാധാകൃഷ്ണനോടടുപ്പമുള്ളവരുടെ വാദം.

പദ്ധതികളുടെ ആദ്യകാലത്ത് ശാന്തിമഠം രാധാകൃഷ്ണനോടൊപ്പം നിന്നവർ തന്നെയാണ് പിന്നീട് രാധാകൃഷ്ണന്റെ ബദ്ധശത്രുക്കളായി മാറിയത്. രാധാകൃഷ്ണന്റെ രഹസ്യങ്ങൾ പൂർണ്ണമായറിയുന്ന മകൾ മഞ്ജുഷയുടെ മുൻഭർത്താവ് സുരേഷ്‌കുമാറും, ശാന്തിമഠത്തിലെ ജീവനക്കാരനായിരുന്ന പ്രഭിലാഷും തെറ്റിപ്പിരിഞ്ഞതാണ് പലരഹസ്യങ്ങളും പിന്നീട് പരാതികളുടെ രൂപത്തിൽ പുറത്തുവരാൻ കാരണമായത്. ശാന്തിമഠത്തിന്റെ ജീവനക്കാരൻകൂടിയായ സുരേഷ്, രാധാകൃഷ്ണനും മകൾ മഞ്ജുഷയുമായി പിന്നീട് തെറ്റുകയായിരുന്നു. മഞ്ജുഷയുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികളും ഇയാൾക്കുണ്ട്.

തട്ടിപ്പിന്റെ വലിയൊരു ചീട്ടുകൊട്ടാരത്തിന്റെ മുകളിലാണ് ശാന്തിമഠം തങ്ങളുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കിയതെന്ന് സുരേഷ്‌കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. രാധാകൃഷ്ണന്റെ ജന്മദേശമായ വടക്കൻ പറവൂരിൽ നിന്നുതന്നെയായിരുന്നു തട്ടിപ്പുകളുടെ ആരംഭമെന്ന് സുരേഷിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. കേരളം കണ്ട ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിന്റെ തുടക്കക്കാരനായിരുന്നു രാധാകൃഷ്ണൻ എന്നാണ് ഇവരുടെ ആരോപണം. 90കളുടെ തുടക്കത്തിൽ ഏതാണ്ട് 15 ലക്ഷം രൂപയോളം കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ആട്, തേക്ക്, മാഞ്ചിയത്തിന്റെ പേരിൽ രാധാകൃഷ്ണൻ പിരിച്ചെടുത്തിട്ടുണ്ടെന്ന് സുരേഷും, പ്രഭിലാഷും പറയുന്നു. ഇതാണ് പിന്നീട് നാട്ടുകാരെ പറ്റിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ശാന്തിമഠം പ്രൊജക്ടിന്റെ മൂലധനമെന്നുമാണ് ആരോപണം.

 

നികുതിവെട്ടിപ്പിനായി മാത്രമാണ് ബിൽഡേഴ്‌സ് ട്രസ്റ്റ് ആരംഭിച്ചതെന്നും ഇതിന്റെ വരവുചെലവുകണക്കുകൾ പോലും കൃത്യമായ ഓഡിറ്റ് നടത്തുകയോ വേണ്ടരീതിയിൽ പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്യാറില്ലെന്നും രാധാകൃഷ്ണന്റെ ശത്രുപക്ഷം ആക്ഷേപിക്കുന്നു. പണം കുന്നുകൂടിയപ്പോൾ ശാന്തിമഠം രാധാകൃഷ്ണനും മകൾ മഞ്ജുഷയ്ക്കും വേണ്ടാതായെന്ന് സുരേഷ് പറയുന്നു. മഞ്ജുഷയാണ് വിവാഹമോചനമാവശ്യപ്പെട്ട് തനിക്കെതിരെ കോടതിയെ സമീപിച്ചതെന്നും സുരേഷ് പറഞ്ഞു.

രാധാകൃഷ്ണന്റെ മകൻ രാകേഷ് മനുവുമായുള്ള സുഹൃത്ത് ബന്ധമാണ് ഗുരുവായൂർ സ്വദേശിയായ പ്രഭിലാഷിനെ ശാന്തിമഠം ഗ്രൂപ്പിലേക്കെത്തിക്കുന്നത്. ഇലക്ട്രീഷ്യനും ഡ്രൈവറുമായാണ് ശാന്തിമഠത്തിൽ പ്രഭിലാഷ് നിന്നിരുന്നതെങ്കിലും രാധാകൃഷ്ണന്റെ കുടുംബവുമായി കടുത്ത ആത്മബന്ധമാണ് ഈ ചെറുപ്പക്കാരൻ കാത്തുസൂക്ഷിച്ചിരുന്നത്. ശാന്തിമഠം ഗ്രൂപ്പിലെ മറ്റൊരു മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രഭിലാഷും രാധാകൃഷ്ണനുമായി പിന്നീട് തെറ്റിപ്പിരിഞ്ഞു. ആദ്യഘട്ടത്തിൽ വ്യക്തിവൈരാഗ്യം തന്നെയായിരുന്നു ശാന്തിമഠത്തിനെതിരായ പരാതികൾ ഉയർത്തിക്കൊണ്ടുവരാൻ കാരണമായതെന്ന് സമ്മതിക്കുന്ന പ്രഭിലാഷ്, തട്ടിപ്പ് നടത്തിയതുകൊണ്ടാണ് രാധാകൃഷ്ണൻ കുടുങ്ങിയതെന്നും പറയുന്നു.

  • തീർത്ഥാടന ടൂറിസത്തിന്റെ സാധ്യത മുതലെടുത്ത് കബളിപ്പിച്ചത് വിദേശമലയാളികളെ. ആ കഥ നാളെ