തൃശ്ശൂർ: കേരളത്തിലെ ഏറ്റവും വലിയ ബിൽഡറെന്ന നിലയിൽ ശാന്തിമഠം രാധാകൃഷ്ണൻ വളരുന്ന വേളയിൽ ഇതിന് സഡൻ ബ്രേക്കിട്ടത് ഗുരുവായൂരിലെ മുനിമടയിൽ ശാന്തിമഠത്തിന്റെ വില്ലാ പദ്ധതിയായിരുന്നു. സർക്കാർ സംവിധാനങ്ങളെല്ലാം പണത്തിന്റെ ഹുങ്കിൽ ഒതുക്കിയാണ് ഇന്ത്യാ ഗവൺമെന്റിന്റെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിൽ വില്ല നിർമ്മിച്ചു തുടങ്ങിയത്. എന്നാൽ നിർമ്മാണം തുടങ്ങിയ ശേഷം ഉദ്യോസ്ഥർ ഇക്കാര്യത്തിൽ ശക്തമായി ഇടപെട്ടതോടെയാണ് ശാന്തിമഠം രാാധാകൃഷ്ണന്റെ കഷ്ടക്കാലം തുടങ്ങുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട് 7 കിലോമീറ്റർ മാത്രമുള്ള മുനിമട ഇന്ത്യാ ഗവൺമെന്റിന്റെ പുരാവസ്തു വകുപ്പ് പ്രത്യേക സംരക്ഷിത മേഖലയായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മുനിമടയുടെ 200 മീറ്റർ ചുറ്റളവിൽ യാതൊരുവിധ നിർമ്മാണ പ്രവർത്തനവും പാടില്ലെന്ന് കാണിച്ചുള്ള ഉത്തരവടങ്ങിയ ബോർഡും പുരാവസ്തുവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ ഉത്തരവിന്റെ നഗ്നമായ ലംഘനമായാണ് 16 വില്ലകൾ പൂർണ്ണമായും മറ്റുള്ളവ ഭാഗികമായും നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തം.

മേൽപറഞ്ഞ 16 വില്ലകൾ മുഴുവനായും 200 മീറ്റർ ചുറ്റളവിലാണ് നിർമ്മിച്ചിരിക്കുന്നത്. ബാക്കിയുള്ള പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനം നടത്തണമെങ്കിൽ പുരാവസ്തു വകുപ്പിന്റേയും പഞ്ചായത്തിന്റെയും എൻ.ഒ.സി നിർബന്ധമാണെന്നിരിക്കെ അത്തരത്തിൽ യാതൊരു അനുമതിയും തങ്ങൾ നൽകിയിട്ടില്ല എന്നതാണ് കണ്ടാണശ്ശേരി പഞ്ചായത്തിന്റെ വാദം. 2008ലാണ് മുനിമടയിൽ ശാന്തിമഠം ഗ്രൂപ്പ് വില്ലാനിർമ്മാണം ആരംഭിച്ചത്.

എന്നാൽ പഞ്ചായത്തിന് മൂക്കിന് താഴെനടക്കുന്ന അനധികൃത നിർമ്മാണം തടയാൻ ഏതെങ്കിലും തരത്തിലുള്ള നടപടി ആരംഭിക്കാൻ 24/09/2009 മാത്രമേ പഞ്ചായത്ത് തയ്യാറായുള്ളൂ എന്ന് രേഖകൾ തെളിയിക്കുന്നു. ശാന്തിമഠത്തിന്റെ അനധികൃത നിർമ്മാണത്തെ പറ്റിയുള്ള പരാതികൾ വ്യാപകമായതോടെ വിവരം തൃശ്ശൂരിലെ പുരാവസ്തു വകുപ്പ് സൂപ്രണ്ടിനെ രേഖാമൂലം അറിയിക്കുക എന്ന തങ്ങളുടെ ചുമതല നിർവഹിച്ച് പഞ്ചായത്ത് കൈ കഴുകി. എന്നാൽ അപ്പോഴേക്കും നിരോധിത മേഖലയിലെ വില്ലാനിർമ്മാണം ഏതാണ്ട് 80% ത്തിലേറെ പൂർത്തിയാക്കാൻ ശാന്തിമഠത്തിനായിരുന്നു.

തങ്ങൾക്ക് ഒരുതെറ്റും സംഭവിച്ചിട്ടില്ല എന്നും നിരോധിത മേഖലയുടെ 300 മീറ്റർ മാറിയാണ് വില്ലാനിർമ്മാണം നടക്കുന്നതെന്നുമാണ് ശാന്തിമഠം തങ്ങളെ അറിയിച്ചിരുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. പരാതി ഇതിന് മുൻപ് തന്നെ പുരാവസ്തു വകുപ്പിലെത്തിയതിനാൽ അവർ ഈ വിഷയം ജില്ലാ പൊലീസ് മേധാവിയേയും കളക്ടറേയും അറിയിച്ചിരുന്നു. പഞ്ചായത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ അനധികൃതമെന്നു കണ്ടെത്തിയ 23 വില്ലകൾ പൊളിച്ചുമാറ്റണമെന്ന പുരാവസ്തുവകുപ്പിന്റെ നിർദ്ദേശം പക്ഷെ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ജില്ലാകളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് തലപ്പിള്ളി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി സ്റ്റോപ്പ് മെമോ നൽകുക മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്.

നിർമ്മാണം പൊളിച്ചു മാറ്റുന്നതിന് സാങ്കേതികമായി തങ്ങൾക്ക് തടസമുണ്ടെന്നാണ് അവരുടെ വാദം. ശിലായുഗ സംസ്‌കാരത്തിന്റെ തിരുശേഷിപ്പെന്നോണം പ്രദേശത്ത് ഒരു ഗുഹയും അതിനുള്ളിൽ ഒരു മണ്ണിലും കല്ലിലും തീർത്ത ഇരിപ്പിടവുമാണുള്ളത്. ചരിത്രാധീത സംസ്‌കാരത്തിന്റെ അവശേഷിപ്പുകൾ ഇനിയും ഇവിടങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയുണ്ടെന്നതിലാണ് സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചത്. ഗുരുവായൂരിന്റെ തീർത്ഥാടന സാധ്യതകളോടൊപ്പം മുനിമടയുടെ സാംസ്‌കാരിക പാരമ്പര്യവും ശാന്തിമഠം മാർക്കറ്റ് ചെയ്തു എന്നതാണ് വസ്തുത. എന്തായാലും വിദേശമലയാളികൾ ഉൾപ്പെടെ നിരവധി നിക്ഷേപകരാണ്. ശാന്തിമഠത്തിന്റെ മോഹന സുന്ദര വാഗ്ദാനങ്ങളിൽ മയങ്ങി ഇവിടെ പണം നിക്ഷേപിച്ച് കുടുങ്ങിയിരിക്കുന്നത്.