കൊച്ചി: ശാന്തിമഠം വില്ലാസ് ആൻഡ് അപ്പാർട്മെന്റ്സ് ഉടമ രാധാകൃഷ്ണൻ വീണ്ടും പൊലീസ് പിടിയിൽ. ഗുരൂവായൂരിൽ വില്ലകൾ നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ തന്നെയാണ് ഇത്തവണയും അറസ്റ്റിലായത്. വില്ല നിർമ്മിച്ച് നൽകാത്തതിനെതുടർന്നുള്ള പരാതികളിൽ തിരുവനന്തപുരം തൃശ്ശൂർ നഗരങ്ങളിലെ ഉഭഭോക്തൃ കോടതികളിൽ നടക്കുന്ന കേസുകളുടെ വാദങ്ങളിൽ ഹാജരാകാത്തതിനെതുടർന്നുള്ള വാറന്റിലാണ് ഇദ്ദേഹത്തെ നോർത്ത് പറവൂർ പൊലീസ് പിടികൂടിയത്. ശാന്തിമഠം വില്ലാ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിന് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. തിരുവനന്തപുരത്തേയും തൃശ്ശൂരിലേയും ഉപഭോക്തൃ കോടതികളിൽ ഹാജരാക്കി ജാമ്യത്തുക കെട്ടിവച്ച ശേഷമാണ് രാധാകൃഷ്ണനെ ഉപാധികളോടെ പൊലീസ് വിട്ടയച്ചത്.

തിരുവനന്തപുരം സ്വദേശികളായ സെബാസ്റ്റ്യൻ, വിശ്വനാഥൻ എന്നിവരുടെ പരാതിയിൽ വില്ലാ തട്ടിപ്പിന് സംസ്ഥാന ഉപഭോക്തൃ കോടതി കേസെടുത്തിരുന്നു. കേസിന്റെ മൂന്ന് ഹിയറിങ്ങുകൾക്ക് നോട്ടിസയച്ചിട്ടും ഹാജരാകാത്തതിനെതുടർന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. തൃശ്ശൂർ ജില്ലയിലെ ഉപഭോക്തൃ കോടതിയിലും രണ്ടു കേസുകൾക്ക് ഹാജരാകാത്തതിന്റെ വാറന്റും നിലവിലുണ്ടയിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യണമെന്ന വാറന്റ് പറവൂർ പൊലീസിന് കൈമാറിയതനുസരിച്ച് ഇയാളുടെ വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ല. പിന്നീടാണ് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഇയാൾ എത്തുമെന്ന വിവരം ലഭിച്ചത്.

വില്ലാ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ ചാവക്കാടെത്തിയത്. അറസ്റ്റിലായ രാധാകൃഷ്ണനെ തിരുവനന്തപുരം ഉപഭോക്തൃ കോടതിയിലേക്കു കൊണ്ട് വരികയായിരുന്നു. പിന്നീട് രണ്ട് ലക്ഷം രൂപയും ആൾജാമ്യവും ഉൾപ്പടെ കെട്ടിവച്ച ശേഷമാണ് ഇയാളെ തൃശ്ശൂർ ഉപഭോക്തൃ കോടതിയിലേക്ക് കൊണ്ട് പോയത്. ഇവിടെയും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കുകയും പാസ്പോർട് ഉൾപ്പടെ തടഞ്ഞ് വയ്ക്കുകയും ചെയ്തിട്ടുണ്ട്.

140ൽപ്പരം കേസുകളാണ് രാധാകൃഷ്ണനെതിരേ വില്ല തട്ടിപ്പിന് നിലനിൽക്കുന്നത്. ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ മാത്രം 20ഓളം കേസുകൾ നിലവിലുണ്ടെന്ന് പറവൂർ സബ് ഇൻസ്പെക്ടർ ഷിബു മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോഴും നിലനിൽക്കുന്ന കേസുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പരസ്യങ്ങൾ നൽകി ധനസമാഹരണം നടത്തിയ ശാന്തിമഠം വൻകിട ബിൽഡറായത് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ കേരളത്തിൽ കുതിച്ചുചാട്ടമുണ്ടായ വേളയിലായിരുന്നു ശാന്തിമഠത്തിന്റെ വളർച്ചയും. അതുകൊണ്ട് തന്നെ അതിവേഗം കേരളത്തിലെ മുതിർന്ന ബിൽഡർമാരുടെ സ്ഥാനത്തെത്തി. ഇതിനെതിരെ ചിലരൊക്കെ പരാതിയുമായി വന്നപ്പോൾ അധികാരവും പണവും കൊണ്ട് കേസുകൾ ഒതുക്കി.

ഒടുവിൽ കൈരളി ചാനലിന്റെ റിയാലിറ്റി ഷോയിൽ അന്ധഗായകർക്ക് സമ്മാനമായി പ്രഖ്യാപിച്ച വില്ല കിട്ടാതെ വന്നതോടെയാണ് വിഷയം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഓൺലൈൻ മാദ്ധ്യമങ്ങൾ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് ചെയ്തപ്പോഴും മുഖ്യധാരാ മാദ്ധ്യമങ്ങൾ പരസ്യലാഭത്തിന്റെ മറവിൽ മിണ്ടാതിരുന്നു. ഒടുവിൽ മുഖ്യധാരാ മാദ്ധ്യമങ്ങൾക്കും ശാന്തിമഠത്തിന്റെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യേണ്ടി വരികയായിരുന്നു.

ശാന്തിമഠം എന്ന പേരിലൂടെ തന്നെ ഒരു ഭക്തിതട്ടിപ്പു പ്രസ്ഥാനമായിരുന്നു രാധാകൃഷ്ണൻ വിഭാവനം ചെയ്തത്. നഗരകേന്ദ്രീകൃതങ്ങളായിരുന്നു മറ്റ് റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പ്രൊജക്ടുകൾ എങ്കിൽ രാധാകൃഷ്ണൻ തെരഞ്ഞെടുത്തത് പുണ്യസ്ഥലങ്ങളായിരുന്നു. തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ കൃത്യമായി വിപണിയിലേക്കെത്തിച്ച് കോടികൾ മുതൽമുടക്കുള്ള വില്ല പദ്ധതികളാണ് രാധാകൃഷ്ണൻ തയ്യാറാക്കിത്.

ഗുരുവായൂരപ്പന്റെ വിപണിസാധ്യത പരമാവധി ഉപയോഗിച്ച ശാന്തിമഠം ബിൽഡേഴ്‌സ് ഇന്ന് റിയൽ എസ്റ്റേറ്റ് തട്ടിപ്പിന്റെ മറ്റൊരു പേരായാണ് സമൂഹത്തിൽ നിറഞ്ഞുനില്ക്കുന്നത്. ഗുരുവായൂർ ക്ഷേത്രനടയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കോട്ടപ്പടിയിലും, ഏഴു കിലോമീറ്റർ അകലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മുനിമടയിലുമായി ഏകദേശം 400 ഓളം ആഡംബരവീടുകളാണ് ശാന്തിമഠം വിഭാവനം ചെയ്തത്. ശാന്തിമഠം രാധാകൃഷ്ണനെന്ന സമർത്ഥനായ വ്യവസായിയുടെ വാക്ചാതുരിയിലും പരസ്യങ്ങളിലും മയങ്ങി വിദേശമലയാളികൾ അടക്കമുള്ളവർ കോടികളാണ് ഗുരുവായൂരിൽ മുടക്കിയത്

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയ നേട്ടമൊന്നും രാധാകൃഷ്ണന് അവകാശപ്പെടാനില്ല. സാമ്പത്തികമായി അത്ര ഭദ്രമല്ലാത്ത കുടുംബത്തിൽ പിറന്ന രാധാകൃഷ്ണന് പത്താംതരം വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കൂലിപ്പണി ചെയ്താണ് ആദ്യകാലത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഉപജീവനത്തിനായി സ്വന്തമായി ചായക്കടയും രാധാകൃഷ്ണൻ നടത്തിയിട്ടുണ്ട്. നാട്ടിലെ ജീവിതസാഹചര്യം മോശമായതിനാൽ ആന്ധ്രാപ്രദേശിലേക്ക് ചേക്കേറി. എന്നാൽ അവിടെയും രാധാകൃഷ്ണൻ ഉറച്ചുനിന്നില്ല. തിരിച്ച് വടക്കൻ പറവൂരിലെത്തി. പിന്നീട് തപാലിലൂടെ ഹോമിയോപഠനം തുടങ്ങി. എന്നാൽ ഇത് പൂർത്തിയാക്കാനായില്ലെന്ന് അഭിഭാഷകൻ കൂടിയായ സുഹൃത്ത് പ്രദീപ് സാക്ഷ്യപ്പെടുത്തുന്നു. പണം നൽകി വ്യവസായികളുൾപ്പെടെ പലരും നേടിയ കൊളംബോ സർവകലാശാലയുടെ ഡോക്ടറേറ്റ് രാധാകൃഷ്ണനും കരസ്ഥമാക്കിയതായി പറയപ്പെടുന്നു.