തിരുവനന്തപുരം:  പാറ്റൂർ സെന്റ് തോമസ് മാർത്തോമ സിറിയൻ ചർച്ചിലെ സാന്തോംസ്  കൊയറിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഇന്നും നാളെയുമായി നടക്കും. സുവർജൂബിലി നിറവിൽ നിൽക്കുന്ന അപൂർവ്വം ക്വയറുകളിൽ ഒന്നാണ് സാന്തോംസ്  ക്വയർ.

മാർ ഇവാനിയോസ് ക്യാംപസിലെ ഗിരിദീപം കൺവെൻഷൻ സെന്ററിൽ ശനിയാഴ്ച വൈകുന്നേരം 5.30 നാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. മാർത്തോമ്മ സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത  തോമസ് മാർ തിമോതിയോസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെന്റ് തോമസ് ക്വയറിന്റെ സംഗീത പരിപാടിയും, ജെറി അമൽ ദേവിന്റെ നേതൃത്വത്തിൽ സംഗീത മ്യൂസിക്ക് ഇന്ത്യ സായാഹ്നവും നടക്കും. തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ സാമുവേൽ മാർ ഐറേനിയസ് മുഖ്യാതിഥിയായിരിക്കും.

20നു രാവിലെ പാറ്റൂർ സെന്റ് തോമസ് പള്ളിയിൽ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ കുർബാന. തുടർന്നു ചേരുന്ന പൊതു സമ്മേളനത്തിൽ മന്ത്രി രമേശ് ചെന്നിത്തലയാണ് മുഖ്യാതിഥി. സാന്തോംസ് ക്വയറിലെ നൂറോളം മുൻ അംഗങ്ങൾ ഈ ചടങ്ങിനെത്തുമെന്നു പ്രതീക്ഷിക്കുന്നു. അരനൂറ്റാണ്ടിനിടെ ഈ ക്വയറുമായി സഹകരിച്ച നാല്പതോളം പേരെ ആദരിക്കും. ഡോ.മാത്യു തോമസ്, ഏബ്രഹാം സക്കറിയ എന്നിവരാണ് തുടക്കം മുതൽ ഈ ക്വയറുമായി സഹകരിക്കുന്നത്.

 1965- ൽ അന്നത്തെ വികാരി റവ.കെ.ഒ.സാമിന്റെ നേതൃത്വത്തിലായിരുന്നു സാന്തോംസ് ക്വയർ ആരംഭിക്കുന്നത്. ആ വർഷം ഏപ്രിൽ 18ന് ഈസ്റ്റർ സർവീസിലായിരുന്നു അരങ്ങേറ്റം. ഇപ്പോൾ ന്യൂയോർക്കിലുള്ള ഡോ.ജോൺ ഏബ്രഹാം ആയിരുന്നു ലീഡർ.

സിഎസ്‌ഐ ചർച്ചിലെ ഡോ.ജേസൺ ഇ. രാജാണ് ക്വയർ അംഗങ്ങളെ പാശ്ചാത്യ സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ചത്. 1967 മുതൽ ഈ ക്വയർ ആകാശവാണിയിൽ ഗാനങ്ങൾ ആലപിക്കുന്നു. ഡോ.ജോൺ ഏബ്രഹാം 1968ൽ ഉപരിപഠനത്തിനായി പോയപ്പോൾ മെഡിക്കൽ വിദ്യാർത്ഥിയായ എബനേസർ ജഹനാഥ് ദേവിനു നേതൃത്വം കൈമാറി. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും മികച്ച ക്വയറായി ഇതിനെ വളർത്താൻ എബനേസറിനു കഴിഞ്ഞു.

1972ൽ ഉപരിപഠനത്തിനായി എബനേസറിനു പോകേണ്ടി വന്നതോടെ ഡോ.മാത്യു തോമസ് ക്വയർ ലീഡർ ആയി സ്ഥാനമേറ്റു. ഇതിനിടെ കർണാടക സംഗീതത്തിലും പ്രാവീണ്യം നേടാൻ  ക്വയർ അംഗങ്ങൾക്കായി. 1979 മുതൽ 84 വരെ ഏബ്രഹാം സക്കറിയ ആയിരുന്നു ലീഡർ.1984 മുതൽ ദൂരദർശനിലും ക്വയർ പാടുന്നുണ്ട്.



അര നൂറ്റാണ്ടിനിടെ ഒട്ടേറെ പേർ ഉപരിപഠനത്തിനും ജോലിക്കുമായി ക്വയർ വിട്ടു പോയി.അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്വയർ ലീഡർമാരായി പ്രവർത്തിക്കുന്നുണ്ട്.കഴിഞ്ഞ50 വർഷക്കാലത്ത് മുന്നൂറോളം പേരെങ്കിലും ഈ ക്വയറിൽ അംഗങ്ങളായിരുന്നുവെന്നു കണക്കാക്കുന്നു.ഇതിൽ പലരും കാലയവനികയ്ക്കു പിന്നിൽ മറഞ്ഞു.


ഒട്ടേറെ വികാരിമാർ ക്വയറിന് ആധ്യാത്മിക നേതൃത്വം നൽകിയിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധേയനായ റവ.പി.ടി.ജോസഫ് പിൽക്കാലത്ത് ബിഷപ്പായി. സെന്റ് തോമസ് പള്ളി വികാരി റവ.വിനോയ് ഡാനിയേലാണ് ഇപ്പോൾ ക്വയറിന്റെ പ്രസിഡന്റ്.തോമസ് ജേക്കബ്(വൈസ് പ്രസിഡന്റ്)രാജൻ(സെക്രട്ടറി)നിമ്മി ഏബ്രഹാം(ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.ഡോ.മാത്യു തോമസ് ക്വയറിന്റെ ഡയറക്ടറായും ഏബ്രഹാം സക്കറിയ,മനോജ് കുര്യൻ കോശി എന്നിവർ ക്വയർ മാസ്റ്റർമാരായും പ്രവർത്തിക്കുന്നു.