നെടുമ്പാശേരി: ചെയ്യാത്ത കുറ്റത്തിന് 20 വർഷം ഒമാനിലെ ജയിലിൽ കഴിയേണ്ടിവന്ന രണ്ടു മലയാളികൾ ഇന്നലെ നാട്ടിൽ തിരിച്ചെത്തി. അമ്പലപ്പുഴ കാക്കാഴം സ്വദേശി സന്തോഷ് കുമാർ, തിരുവനന്തപുരം തങ്കക്കല്ല് സ്വദേശി അബ്ദുൾ റഷീദ് ഷാജഹാൻ എന്നിവരാണ് ഒമാനിൽനിന്നു മുംബൈ വഴി കൊച്ചിയിലെത്തിച്ചേർന്നത്.

മലയാളി സംഘടനകളും എംബസിയും ഏറെ നാളായി നടത്തിവന്ന ശ്രമങ്ങളെത്തുടർന്നാണ് മോചനം സാധ്യമായത്. ഇത്തരത്തിൽ ഒമാനിലെ ജയിലിൽ കഴിയുന്ന മറ്റ് ഏഴു മലയാളികളുടെ മോചനത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പാകിസ്ഥനികളായ രണ്ടുപേർ ചേർന്ന് ഒമാനിലെ ഒരു ബാങ്ക് കൊള്ളയടിക്കുകയും കാവൽക്കാരായിരുന്ന രണ്ട് ഒമാനികളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സന്തോഷ് ജോലിചെയ്തിരുന്ന സ്ഥാപനത്തിൽനിന്നാണ് പാക്കിസ്ഥാനികൾ ബാങ്ക് കുത്തിതുറക്കുന്നതിനുള്ള ഗ്യാസ് കട്ടർ വാങ്ങിയത്. കവർച്ചയ്ക്കാണെന്ന് അറിയാതെയാണു സന്തോഷ്‌കുമാർ ഗ്യാസ് കട്ടർ നൽകിയത്. ഇതിന്റെ പേരിൽ സന്തോഷിനെയും സുഹൃത്തായ ഷാജഹാനെയും കേസിൽപ്പെടുത്തി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു.

അമ്മ മരിച്ചപ്പോൾ പോലും സന്തോഷിനു നാട്ടിലെത്താൻ കഴിഞ്ഞില്ല. കവർച്ച നടത്തിയ പാക്കിസ്ഥാനികൾക്കു നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. വെൽഡിങ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായാണു സന്തോഷ് 1994 ൽ മസ്‌ക്കത്തിലേക്കു പോയത്. 1997 ൽ അവധിക്കു നാട്ടിൽ വന്നിരുന്നു. ഒമാൻ രാജാവിന്റെ പ്രത്യേക അനുമതിയാണ് ഇവർക്ക് ഇപ്പോൾ തുണയായത്. 20 വർഷം മുൻപു നാലു പാക്കിസ്ഥാനികൾ ചേർന്ന് ഒമാനിൽ ബാങ്ക് കൊള്ളയടിച്ച കേസിലാണ് ഇരുവരും പ്രതി ചേർക്കപ്പെട്ടത്. പാക്കിസ്ഥാനികൾക്കു വധശിക്ഷയും ഇവർക്കും മലയാളിയായ കൊല്ലം സ്വദേശി മാധവനും 25 വർഷത്തെ തടവുമാണ് ഒമാൻ കോടതി വിധിച്ചത്.

സന്തോഷ് ഒമാനിലെ മില്ലിലും ഷാജഹാൻ തൊട്ടടുത്ത ഹാർഡ്വെയർ കടയിലുമാണു ജോലി ചെയ്തിരുന്നത്. ഇവരുടെ കടകൾക്കു സമീപം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരായിരുന്നു പാക്കിസ്ഥാനികൾ. താമസിക്കുന്ന മുറിയുടെ താക്കോൽ നഷ്ടപ്പെട്ടതിനാൽ പൂട്ട് പൊളിക്കാൻ ഗ്യാസ് കട്ടർ ആവശ്യപ്പെട്ട പാക്കിസ്ഥാനികൾക്ക് അതു നൽകിയതാണു വിനയായത്. രേഖകളില്ലാതെ നൽകിയ ഈ ഗ്യാസ് കട്ടർ ഉപയോഗിച്ചു ബാങ്ക് കവർച്ച നടത്തുകയായിരുന്നു. കവർച്ച തടുക്കാൻ ശ്രമിച്ച ഒമാൻ സ്വദേശികളായ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ വധിക്കുകയും ചെയ്തു. ഗ്യാസ് കട്ടർ നൽകിയെന്നതിന്റെ പേരിൽ സന്തോഷ് കുമാറും ഷാജഹാനും മാധവനും പ്രതി ചേർക്കപ്പെട്ടു. ഒമാൻ കോടതി ഇവരെ ജീവപര്യന്തം ശിക്ഷിച്ചു.

രണ്ടര വർഷം മുൻപു ഗുരുതര ശാരീരികാവശതകളായതിനാൽ മാധവൻ ജയിൽമോചിതനായി നാട്ടിലെത്തി. ഒമാനിലെ പൊതു പ്രവർത്തകൻ കൂടിയായ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് തയ്യിലാണ് സന്തോഷിന്റെയും ഷാജഹാന്റെയും മോചനത്തിനായുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. സന്തോഷ് ശിക്ഷിക്കപ്പെട്ടതറിഞ്ഞു തളർന്നുവീണ മാതാവ് 11 വർഷത്തോളം കിടപ്പിലായിരുന്നു. ഏഴു വർഷം മുൻപു മരിച്ചു. ഒമാനിൽത്തന്നെ ജോലി ചെയ്തിരുന്ന ഒരു സഹോദരൻ ശശി, സന്തോഷിന്റെ ദുരവസ്ഥയിൽ മനംനൊന്തു നാട്ടിലെത്തി മരണത്തിനു കീഴടങ്ങി.

നാലു മക്കളുടെയും വിവാഹമുൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ നടക്കുമ്പോഴെല്ലാം ഷാജഹാൻ ജയിലിലായിരുന്നു. 24ാം വയസ്സിൽ ജയിലിലായ സന്തോഷ് അവിവാഹിതനാണ്. ഇക്കഴിഞ്ഞ 15 നാണ് ഇരുവരുടെയും മോചനം യാഥാർഥ്യമായത്.