- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തെലങ്കാന കിറ്റെക്സിനെ സ്വീകരിച്ചത് വിമാനമയച്ച്; കേരളമായിരുന്നെങ്കിൽ മൈൻഡ് ചെയ്യില്ലായിരുന്നു; പരമ്പരാഗത ചിന്തയുടെ തോട് പൊട്ടിക്കണം; എന്നാലേ ഭാവിയുണ്ടാകൂ'; വ്യവസായ സൗഹൃദമെന്ന ലേബലിലേക്ക് കേരളം ഇനിയും ഒരുപാട് വളരാനുണ്ടെന്ന് സന്തോഷ് ജോർജ് കുളങ്ങര
തിരുവനന്തപുരം: വ്യവസായ സൗഹൃദമെന്ന ലേബലിലേക്ക് കേരളം ഇനിയും ഒരുപാട് വളരാനുണ്ടെന്ന ഓർമ്മപ്പെടുത്തലുമായി ലോകസഞ്ചാരിയും ആസൂത്രണബോർഡ് ടൂറിസം ഉപദേശക സമിതി അംഗവുമായ സന്തോഷ് ജോർജ് കുളങ്ങര. പൂർണ്ണമായ ഒരു മാറ്റമുണ്ടായാൽ മാത്രമേ കേരളത്തിന് നല്ല ഭാവിയുണ്ടാകുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത ചിന്തയുടെ തോട് പൊട്ടിക്കാനും വിപ്ലവകരമായ നടപടികളെടുക്കാനും സർക്കാർ തയ്യാറായാൽ മാത്രമേ കേരളത്തിന് നല്ല ഭാവി കൈവരിക്കാൻ സാധിക്കുകയുള്ളുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജൂലൈയിൽ നടന്ന സംസ്ഥാന ആസൂത്രണബോർഡ് പുനഃസംഘടനയിലാണ് സന്തോഷ് ജോർജിനെ ആസുത്രണ ബോർഡ് അംഗമായി നിയമിച്ചത്.
കിറ്റെക്സിന്റെ തെലങ്കാനയിലേക്കുള്ള ചുവടുമാറ്റം ഉദാഹരണമാക്കിയായിരുന്നു പരാമർശം. കേരളം വിടാനൊരുങ്ങി നിന്ന കിറ്റെക്സിനെ വിമാനം അയച്ചാണ് തെലങ്കാന സ്വീകരിച്ചത്. അതുപോലെ അവിടെ നിന്ന് ഒരു വ്യവസായിയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചിരുന്നതെങ്കിൽ കേരളം മൈൻഡുപോലും ചെയ്യില്ലായിരുന്നു. ഈ സ്ഥിതി മാറിയാലെ കേരളത്തിന് എന്തെങ്കിലും ഭാവിയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. മനോരമയോടായിരുന്നു പ്രതികരണം.
'പ്രവാസി എന്നാൽ വിദേശവാസി എന്നർഥമില്ല. സ്വന്തം നാട്ടിൽനിന്നു മാറി ദൂരെ മറ്റെവിടെയെങ്കിലും ഉപജീവനത്തിനായി കുടിയേറുന്നവരാണ്. ബെംഗളൂരുവിൽ ജോലി തേടി പോയി അവിടെ കുടിയേറുന്നവർ ആഭ്യന്തര പ്രവാസികളാണ്. ഗൾഫ് രാജ്യങ്ങളിൽനിന്നു മാറി പ്രവാസികളാകാൻ പോകുന്നവരിൽ പാതിയെങ്കിലും യൂറോപ്പാണു ലക്ഷ്യമിടുന്നത്. പക്ഷേ യുഎസിലേക്കും കാനഡയിലേക്കും വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്കും കുടിയേറുന്ന മലയാളികളുടെ എണ്ണം വളരെ വർധിച്ചിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളും ലക്ഷ്യമാക്കുന്നു. ഗൾഫിൽനിന്നും യൂറോപ്പിലേക്കു കുടിയേറുന്നവരുണ്ട്' അദ്ദേഹം വ്യക്തമാക്കുന്നു.
'വിദേശത്തേക്കു കുടിയേറുന്നതിന്റെ ആദ്യപടിയാണ് പഠനം. കാനഡയിലും മറ്റും ചെന്ന് പഠനത്തിനൊപ്പം ജോലിയും ചെയ്യുന്നു. പഠിത്തം കഴിഞ്ഞ് ജോലിയായി അവിടെതന്നെ കൂടുന്നു. ഇതിനാണ് ഓസ്ട്രേലിയിയിലും ന്യൂസീലൻഡിലും സർവകലാശാലകളിലേക്കു പോകുന്നത്. കേരളത്തിൽതന്നെ വിവിധ കോഴ്സുകൾ പഠിക്കുന്നവരുടെ ലക്ഷ്യം ഇവിടെ ജോലി ചെയ്യുകയെന്നതാണോ? ഒരു നഴ്സിന് 12,000 രൂപ ശമ്പളം കിട്ടാം. ആശുപത്രിയിൽ പോയി വരാൻ പോലും മാസം 6000 രൂപ വേണ്ടി വരും. അപ്പോൾ വിദേശത്തെ ജോലി മോഹിച്ചാണ് ഈ പഠനം. വേറൊരു സംസ്ഥാനത്തും ഇതേ സ്ഥിതിയില്ല'.
'ഇവർ നമ്മുടെ പ്രൊഡക്ടീവ് പോപ്പുലേഷനാണ്. എന്നുവച്ചാൽ 20 വയസ് മുതൽ 60 വയസ്സ് വരെയുള്ളവർ. ജോലിയോ ബിസിനസോ ചെയ്യുന്നവർ. കേരളത്തിന്റെ ആകെ ജനസംഖ്യ കണക്കാക്കാതെ അങ്ങനെയുള്ള പ്രായക്കാരെ മാത്രമെടുത്താൽ പാതിപ്പേരിലേറെ ഇപ്പോൾതന്നെ പ്രവാസികളാണ്. ഈ പോക്ക് പോയാൽ പിന്നെന്തിന് മലയാളവും നമ്മുടെ സംസ്ക്കാരവും? ഗൾഫ് പോലെയല്ല മറ്റു രാജ്യങ്ങളിലെ പ്രവാസം. അവിടെ അവർ അലിഞ്ഞു ചേരുകയാണ്. 10 വർഷം കഴിയുമ്പോഴേക്കും കേരളത്തിലുള്ളത്ര ജനം പ്രവാസികളായും കാണും'. സന്തോഷ് ജോർജ് കുളങ്ങര പറയുന്നു.
പാർട്ട് ടൈം വിദഗ്ദ്ധാംഗങ്ങളായി സന്തോഷ് ജോർജ് കുളങ്ങരയുൾപ്പടെ മൂന്നു പേരെയാണ് ആസൂത്രണ ബോർഡിൽ നിയമിച്ചത്. നിയമനം എൽഡിഎഫിനുള്ളിൽ വിവാദങ്ങൾക്കും ഇടവെച്ചിരുന്നു. സന്തോഷ് ജോർജ് കുളങ്ങരയെ കേരള കോൺഗ്രസ് എം നോമിനിയാണെന്ന രീതിയിൽ അവതരിപ്പിച്ചതിനെതിരെയായിരുന്നു കേരള കോൺഗ്രസ് (എം) അണികളുടെ പ്രതിഷേധം.
ആസൂത്രണ ബോർഡിൽ മുഴുവൻ സമയ അംഗം വേണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യം തഴഞ്ഞതിന് പുറമെ സന്തോഷ് ജോർജ് കുളങ്ങരയുടെ നിയമനം പാർട്ടിയുടെ മേൽ അടിച്ചേൽപ്പിച്ചെന്നായിരുന്നു വിമർശനം. മന്ത്രി മുഹമ്മദ് റിയാസിന്റെ താത്പര്യപ്രകാരമാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ നിയമനമെന്നും പരക്കെ ആരോപണമുണ്ടായിരുന്നു. എന്നാൽ താനിക്ക് ഒരു പാർട്ടിയിലും അംഗത്വമില്ലെന്നായിരുന്നു വിവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ആസൂത്രണ ബോർഡ് അംഗമാകുന്നത് സംബന്ധിച്ച താത്പര്യം അറിയിക്കാൻ അറിയാൻ ജോസ് കെ മാണി വിളിച്ചിരുന്നുവെന്നും മുഴുവൻ സമയ അംഗമാകാനില്ലെന്ന് ആ അവസരത്തിൽ അറിയിച്ചിരുന്നുവെന്നും സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ