തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ കയറണമെന്നു പറയുന്നതും ശബരിമലയിൽ സ്ത്രീകളെ കയറ്റരുതെന്നു പറയുന്നതും രണ്ടും തർക്കിക്കേണ്ട വിഷയമല്ലെന്ന് പ്രശസ്തദൃശ്യയാത്രാ വിവരണ പരിപാടിയായ സഞ്ചാരത്തിന്റെ സംവിധായകനും നിർമ്മാതാവും സഫാരി ചാനൽ എംഡിയുമായ സന്തോഷ് ജോർജ് കുളങ്ങര. ലോകത്തിന്റെ പലഭാഗങ്ങളും നേരിട്ട കണ്ട അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള സന്തോഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

രണ്ടുമല്ലാത്ത ഒരുത്തരമുണ്ട് അതിൽ. നിങ്ങൾ റിലിജിയസ് (മതബോധമുള്ള) ആണോ അല്ലയോ എന്നതാണ് ആദ്യത്തെ ചോദ്യം. നിങ്ങൾ റിലിജിയസ് ആണെങ്കിൽ മതത്തിന്റെ നിയമങ്ങളെ അനുസരിക്കണം. നിങ്ങൾ റിലിജിയസ് അല്ലെങ്കിൽ അതിനെ അവഗണിക്കുക. ഇതല്ലേ വേണ്ടൂ...ഞാൻ റിലിജിയസ് അല്ല..എന്നാൽ റിലീജിയന്റെ കാര്യങ്ങളെ നേരെയാക്കും എന്നു പറയേണ്ട കാര്യമില്ല. ലോകത്ത് എല്ലായിടത്തും ഇത്തരത്തിൽ ചെറിയ ചെറിയ കാര്യങ്ങളിൽ തർക്കമൊക്കെ ഉണ്ടാകാറുണ്ട്.

കത്തോലിക്കർ കൂടുതലുള്ള രാജ്യമായ ഫിലിപ്പൈൻസിലെ കാര്യം നോക്കുക. ലോകത്ത് ഏറ്റവും അന്ധവിശ്വാസം കൂടുതലുള്ള രാജ്യവും അതുതന്നെയാണെന്നാണ് എനിക്കു തോന്നുന്നത്.   അതിൽ മതമെന്നൊന്നുമില്ല. കത്തോലിക്കരോ മുസ്ലിംമുകളോ പ്രൊട്ടസ്റ്റന്റുകാരോ ആയിക്കോട്ടെ. എല്ലാ സമൂഹത്തിലും ഇത്തരം അന്ധവിശ്വാസം അല്ലെങ്കിൽ അനാചാരങ്ങളുമുണ്ട്. അതു കുറഞ്ഞും കൂടിയുമിരിക്കുന്നത് ആ രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തിന്റേയും ശാസ്ത്രബോധത്തിന്റെയും യുക്തിബോധത്തിന്റേയും അളവിലാണ്. ഇതേ കത്തോലിക്കരുള്ള യൂറോപ്പിലെ പല രാജ്യങ്ങളിലും പലരും പള്ളിയിൽ പോകാൻ പോലും കൂട്ടാക്കാറില്ല.

അവർ ചോദിക്കുന്ന ചോദ്യത്തിന് പള്ളിക്ക് ഉത്തരം നൽകാൻ സാധിക്കുന്നില്ലെങ്കിൽ അവർ പള്ളിയിൽ പോകില്ല. അത്രതന്നെ. ഇതെന്തുകൊണ്ടാണ് ഇങ്ങനെ...സയൻസിൽ ഇതിന് ഇങ്ങനെയല്ലല്ലോ ഉത്തരം...ഗലീലിയോ ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നല്ലോ... നിങ്ങൾ എന്തുകൊണ്ടാണ് ഉത്തരം പറയാത്തത്...എന്ന് ഒരു കുട്ടി ചോദിച്ചാൽ വൈദികൻ ഇതിന് ഉത്തരം നൽകിയില്ലെങ്കിൽ ആ കുട്ടി പിന്നെ പള്ളിയിൽ പോകുന്നത് നിർത്തും. അത്രയും യുക്തിബോധമില്ലാത്ത ഫിലിപ്പീൻസുകാർ ദേഹത്ത് ആണി തറച്ച് കുരിശിൽ കിടന്ന് ഭക്തി പ്രകടിപ്പിക്കാറുണ്ട്. അന്ധവിശ്വാസത്തിന്റെ കൂടാണ് അവിടെ...

അപ്പോൾ അവിടെ മതമല്ല. ജനത്തിന്റെ ബൗദ്ധികനിലവാരത്തിന്റെ അളവുകോലാണ് അന്ധവിശ്വാസത്തിന്റെ അളവുകോൽ. അതു നമ്മൾ മുന്നോട്ടു പോകുന്തോറും, വിദ്യാഭ്യാസം കിട്ടുന്തോറും, ലോകപരിചയം കിട്ടുന്തോറും പ്രബുദ്ധരാകുമ്പോഴും ഇതു കുറഞ്ഞുകുറഞ്ഞു വരും.

കുറച്ചു കഴിയുമ്പോൾ നമുക്ക് മനസിലാകും നമ്മൾ ഒരു പ്രത്യേക മതത്തിൽ ജനിച്ചത് നമ്മുടെ തീരുമാനത്തിലല്ല. .നിങ്ങൾ 21 വയസിനുശേഷം ഒരു മതം സ്വീകരിച്ച ശേഷം എന്റെയടുത്ത് വന്ന് തർക്കിക്കാൻ നോക്കൂ...നമുക്ക് സംസാരിക്കാം...ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ, പഠനത്തിന്റെ പേരിൽ, നാം മനസിലാക്കിയതിന്റെ പേരിൽ 21 വയസിനു ശേഷം ഒരു മതം സ്വീകരിച്ചതാണെങ്കിൽ ആ മതത്തിനു വേണ്ടി നിങ്ങൾ മരിക്കാനും കൊല്ലാനും പോകാനുള്ള അവകാശമുണ്ടെന്ന് ഞാൻ പറയും...എന്നാൽ ആരുടേയോ പേരിൽ, എന്തിന്റെയോ പേരിൽ ഒരു മതത്തിൽ പെട്ട കുടുംബത്തിൽ ജനിച്ചു പോയി എന്നതിന്റെ പേരിൽ എന്തു വീരസ്യം പറയാനാ...

ഒരു കൈയാലപ്പുറത്തെ തേങ്ങ പോലെയാ...നിങ്ങൾക്കു വേണമെങ്കിൽ അപ്പുറത്തെ കുടുംബത്തിലും ജനിക്കാമായിരുന്നു...ആ മതത്തിൽ ജനിക്കേണ്ടതിനു പകരം ഈ മതത്തിൽ   ജനിച്ചുപോയി...അത്രയേയുള്ളൂ..ചാൻസിൽ കിട്ടിയ ഒരു സൗഭാഗ്യത്തിന്റെ പേരിൽ നമ്മൾ അഹങ്കരിക്കാനും പാടില്ല അപ്രതീക്ഷിതമായി ഉണ്ടായ ഒരു പ്രതിസന്ധിയിൽ നമ്മൾ ഏറെ ദുഃഖിക്കേണ്ടതുമില്ല..ഇതു രണ്ടും നമ്മുടെ സെലക്ഷൻ ആയിരുന്നില്ല..ലോകത്തെ ഇങ്ങനെ കണ്ടാൽ മതി. മതങ്ങളെ അങ്ങനെ കണ്ടാൽ മതിയെന്ന് അദ്ദേഹം പറയുന്നു.

രാജ്യം പോലും അങ്ങനെയല്ലേ. ഞാൻ ഇന്ത്യക്കാരനായി ജനിച്ചത് എന്റെ ഓപ്ഷനായിരുന്നോ? ഞാൻ വല്ല ഉഗാണ്ടയിലും ജനിക്കേണ്ട ആളായിരുന്നില്ലേ...ബുദ്ധിസ്റ്റ് രാജ്യങ്ങളിലൊക്കെ ഇങ്ങനെ മലമുകളിലോ വനത്തിലോ മറ്റുമാണ് ക്ഷേത്രങ്ങൾ കാണുന്നത്. ചൈനയിലും ഭൂട്ടാനുലും മറ്റും വലിയ മലയുടെ മുകളിലും കുന്നിന്റെ മുകളിലും മറ്റും ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത് നമുക്ക് കാണാം. പലയിടത്തും സാഹസിക യാത്ര ചെയ്തു വേണം ഇത്തരം ക്ഷേത്രങ്ങളിലെത്താൻ. അപ്പോൾ പിന്നെ ഇത്തരം തർക്കങ്ങളിലൊന്നും കാര്യമില്ലെന്നും സന്തോഷ് വ്യക്തമാക്കുന്നു.