ദുബായ്: വിദേശത്ത് ചെന്ന് അത്യാവശ്യം കൈയിൽ പണം ആയി കഴിഞ്ഞാൽ മിക്ക മലയാളികളുടെയും പ്രധാന മോഹങ്ങളിൽ ഒന്നായി വളരുന്നത് ഒരു സിനിമ എടുക്കണമെന്നതാണ്. സിനിമകളോടുള്ള പ്രവാസി മലയാളികളുടെ ഭ്രമം കാലാകാലങ്ങളായുണ്ട്. സിനിമയ്ക്ക് വേണ്ടി മുടക്കേണ്ടി വരുന്ന പണം, അതിന്റെ പിന്നിലെ അദ്ധ്വാനം എന്നിവ ഈ ഭ്രമത്തിൽ പെട്ട് വിസ്മരിക്കപ്പെടുകയാണ്. വിവിധ സ്റ്റേജ് ഷോകൾക്കായി വിദേശങ്ങളിൽ എത്തുന്ന താരങ്ങളുമായും സംവിധായകരുമായി ഓക്കെ ബന്ധം ഉണ്ടാകുമ്പോൾ ആണ് പലരും ഈ മായിക വലയത്തിൽ വീണ് പോകുന്നത്. എന്നാൽ ഇങ്ങനെ സിനിമയിയേക്കിറങ്ങിയ വിരലിൽ എണ്ണാൻ പോകുന്ന പ്രവാസികൾ മാത്രമാണ് മുടക്ക് മുതൽ എങ്കിലും തിരിച്ചെടുത്തിട്ടുള്ളത് എന്നതാണ് വാസ്തവം.

ദുബായിൽ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട കോടികളുടെ തട്ടിപ്പും വായ്പാസംഘങ്ങളും,പലിശസംഘങ്ങളും എല്ലാം ഓർമിപ്പിക്കുന്നത് നാല് വർഷം മുമ്പ് നടന്ന നിർമ്മാതാവ് സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയാണ്. 2014 ജൂലൈ 15 ചൊവ്വാഴ്ചയാണ് സിനിമാനിർമ്മാതാവും ബിസിനസ്സുകാരനുമായ സന്തോഷ് കുമാറിനെയും (45) ഭാര്യ മഞ്ജുളയെയും (37) മകൾ ഗൗരിയെയും (9) ദുബായ് അൽനഹ്ദയിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗൗരിയുടെ മൃതദേഹം തലയണകൊണ്ട് ശ്വാസംമുട്ടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇരുകൈകളുടെയും ഞരമ്പ് മുറിച്ച നിലയിലായിരുന്നു മഞ്ജുവിന്റെ മൃതദേഹം. ശരീരത്തിൽ മറ്റു മുറിപ്പാടുകളും ഉണ്ടായിരുന്നു.

ബിസ്സിനസ്സ് തകർച്ചയെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത കാരണമുള്ള ആത്മഹത്യ ആണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ സാമ്പത്തിക വിജയം നേടിയ നീലത്താമര രതിനിർവേദം പോലുള്ള സിനിമകളുടെ സഹനിർമ്മാതാവായിരുന്ന സന്തോഷ് ഇത്രയും വലിയ കടക്കെണിയിൽ പെട്ടതെങ്ങനെ എന്ന ചോദ്യം സുഹൃത്തുക്കളുടെ മനസ്സിൽ ഉയർന്നിരുന്നുവെങ്കിലും അന്യ രാജ്യമായതിനാൽ നിശബ്ദത പാലിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത ഭയന്ന് മൃതദേഹങ്ങൾ ഏറ്റെടുക്കാൻ പോലും ആളുണ്ടായില്ല.എന്നാൽ, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും ദാരുണാന്ത്യത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘമാണെന്ന ആരോപണം വീണ്ടും ശ്ക്തമാവുകയാണ്.

സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും, തന്നോട് അടുപ്പം കാട്ടുന്ന ബ്ലേഡ് മാഫിയയുടെ തനിനിറം തിരിച്ചറിയാൻ സന്തോഷ് കുമാറിന് കഴിഞ്ഞിരുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച അച്ഛൻ തന്റേതാണ് എന്ന കാര്യത്തിൽ സന്തോഷിന്റെ മകൾ ഗൗരിക്ക് സംശയം തെല്ലുമില്ലായിരുന്നു.അവൾ അക്കാര്യം മനോഹരമായി വരച്ചുണ്ടാക്കി അച്ഛന് സമ്മാനിച്ചിട്ട് ഒരു മാസം പോലും തികഞ്ഞിരുന്നില്ല. ജൂൺ 17 ; ഫാദേഴ്സ് ഡേക്ക് ഗൗരി വരച്ചൊരു ചിത്രമുണ്ട്. അച്ഛൻ സന്തോഷിന് ആ ചിത്രം സമ്മാനിച്ചിട്ട് അവൾ പറഞ്ഞിരുന്നു ''എന്റെ അച്ഛനാണ് ലോകത്തിലെ ഏറ്റവും മികച്ച അച്ഛൻ''.

അവൾ തന്നെയാണ് ചിത്രത്തിന് കാപ്ഷനും നൽകിയത് 'ബെസ്റ്റ് ഡാഡ്'. ആ ചിത്രത്തിലേക്ക് കൂടുതൽ നോക്കാനായികാണില്ല സന്തോഷിന്. എങ്കിൽ പിന്നെ മനസ്സിൽ രൂപപ്പെടുത്തിയ 'ചെകുത്താൻ' പതറിപ്പോയേനെ. അവളെ ശ്വാസം മുട്ടിച്ച് കൊല്ലുമ്പോൾ ജീവന്റെ അവസാന ശ്വാസം പോലും ഇല്ല എന്നുറപ്പു വരുത്തണം. അത്രയും സമയം പോരാ. പിന്നെ അവൾ മരിച്ച ദുഃഖം അനുഭവിക്കവേ തന്നെ സ്വയം ജീവനൊടുക്കാനുള്ള ശക്തിയും വേണം. മഞ്ജു താൻ മുൻകൂട്ടി കണ്ട വിധിയെ സ്വീകരിക്കാൻ തയ്യാറെടുത്തിരിക്കണം. ശരീരത്തിൽ ഇരു കൈകളിലും രക്തം ചീറിപ്പോകാൻ പാകത്തിന് വടുക്കളുണ്ടാക്കി മരണം കാത്ത് കിടക്കാൻ മഞ്ജുവിന് അപാരധൈര്യം തന്നെ വേണ്ടി വന്നിരിക്കണം.

ഏതാണ്ട് ഒരു കോടിയിലധികം രൂപയുടെ തീർക്കാനാവാത്ത ബാധ്യതയാണ് ഏറ്റവുമൊടുവിൽ സന്തോഷിനെ അലട്ടിയിരുന്നത്. അവധി പലതു കഴിഞ്ഞതോടെ ഈടിനായി ഒരു ചെക്ക് കൂടി വേണമെന്നായി 'കുബേര'. അതും ഭാര്യ മഞ്ജുവിന്റെ ചെക്ക് വേണം. മാത്രം പോരാ; നാട്ടിൽ മഞ്ജുവിന്റെയും സഹോദരങ്ങളുടെയും പേരിലുള്ള വസ്തുവിന്റെ പവർ ഓഫ് അറ്റോർണിയും ബ്ലാങ്ക് മുദ്രപത്രം ഒപ്പിട്ടതും നൽകണം. ഇത് കയ്യിലിരിക്കുന്ന ഷൈലോക്കിന്റെ ഭീഷണി പലതവണ എത്തിയതോടെ സന്തോഷ് സമ്മർദ്ദത്തിലായി. ഒടുവിൽ ഭീഷണി ചെക്ക് ഉടമയായ മഞ്ജുവിന് നേർക്കായി.

കുടുംബം തന്നെ അപ്പാടെ ഇല്ലാതാവാൻ തീരുമാനിക്കുന്നതിനും മണിക്കൂറുകൾക്ക് മുൻപ് ഭീഷണിയുടെ അവസാന സ്വരവും എത്തി. മഞ്ജുവിനായിരുന്നു സന്ദേശം. ഇനി പിടിച്ചു നിൽക്കാനാവില്ല. അത്ര ശക്തരാണ് എതിരാളികൾ എന്ന് അവർക്ക് നന്നായറിയാം. ഒരു മനസും ശരീരവുമായി ഉല്ലസിച്ച കാലത്തു മാഫിയ തങ്ങളുടെ മുതൽ തിരിച്ചു പിടിക്കുന്ന രീതി അടുത്തു നിന്ന് കണ്ടിട്ടുണ്ട്; ഭയന്ന് പോയിട്ടുണ്ടെന്ന് സന്തോഷ് സുഹൃത്തുക്കളോട് പറഞ്ഞിട്ടുമുണ്ട്. അവർ ഇപ്പോൾ തന്റെ നേർക്കാണ്.

സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും ദുരൂഹമരണം ആത്മഹത്യ ആണോയെന്ന് സംശയമാണ് ഇപ്പോൾ ഉയരുന്നത്. പണം പലിശയ്ക്ക് നൽകിയിരുന്നവർ ഏതുതരത്തിലാണ് ഈ മരണത്തിൽ പങ്കാളികളായത് എന്നാണ് അന്വേഷിച്ച് അറിയേണ്ടത്.ഇക്കാര്യത്തിൽ ദുബായ് പൊലീസ് അന്വേഷണ സാധ്യത ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്.