കൊച്ചി : പ്രവാസി മലയാളി വനിതയെ കബളിപ്പിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി സന്തോഷ് മാധവനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ദുബായിൽ ബിസിനസ് ചെയ്യുന്ന തിരുവനന്തപുരം പട്ടം സ്വദേശിനി സെറാഫിൻ എഡ്വിന്റെ 50 ലക്ഷം രൂപ (നാലു ലക്ഷം ദിർഹം) തട്ടിയെടുത്ത കേസിലാണു കുറ്റപത്രം. ഹോട്ടൽ ബിസിനസിൽ പങ്കാളിയാക്കി ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്

സന്തോഷ് മാധവനു പുറമേ ഇയാളുടെ കൂട്ടാളി ദുബായിലെ ഡ്രൈവർ തിരുവനന്തപുരം കിളിമാനൂർ പഴയകുന്നേൽ തോപ്പിൽ സെയ്ഫുദ്ദീനും കേസിലെ പ്രതിയാണ്. ജ്യോത്സ്യനെന്ന നിലയിലെ ഇടപെടലിലൂടെയായിരുന്നു പണം തട്ടിയെടുത്തത്. മുഖലക്ഷണം നോക്കി ഇപ്പോൾ ബിസിനസിനു പറ്റിയ സമയമാണെന്നു സെറാഫിനെ തെറ്റിദ്ധരിപ്പിച്ച സന്തോഷ് മാധവൻ, ദുബായിലെ ധേരയിൽ അടഞ്ഞുകിടക്കുന്ന 'ഫോർച്യുൺ' ഹോട്ടൽ വാങ്ങി ബിസിനസ് നടത്തിയാൽ മികച്ച ലാഭമുണ്ടാവുമെന്നു പ്രവചിച്ചു. യഥാർത്ഥത്തിൽ ബന്ധുവിന്റെ കടം തീർക്കാനുള്ള തന്ത്രമായിരുന്നു ഇത്.

ഹോട്ടൽ ബിസിനസിനു കരാർ ഉണ്ടാക്കിയ ശേഷം 2002 ഡിസംബർ ഒന്നിനും 2003 ജനുവരി നാലിനും 50,000 ദിർഹം വീതവും 2003 ജനുവരി ഏഴിന് 2.5 ലക്ഷം ദിർഹവും പിന്നീടു ഹോട്ടലിലെ വൈദ്യുതി, വെള്ളം എന്നിവയുടെ കുടിശിക തീർക്കാനെന്ന പേരിൽ 50,000 ദിർഹവുമടക്കം നാലു ലക്ഷം ദിർഹമാണു പരാതിക്കാരി പ്രതികൾക്കു നൽകിയത്.

2002 2003 കാലഘട്ടത്തിലാണ് ഒന്നും രണ്ടും പ്രതികളായ സന്തോഷ് മാധവനും സെയ്ഫുദ്ദീനും ചേർന്ന് ഗൂഢാലോചന നടത്തി പലപ്പോഴായി വൻ തുക തട്ടിയെടുത്തത്. കരാർ മടക്കിവാങ്ങിയ പ്രതികൾ പണവുമായി ദുബൈയിൽനിന്ന് രക്ഷപ്പെട്ടു. കേരളത്തിലെത്തിയ സന്തോഷ് മാധവൻ ഈ തുക ഉപയോഗിച്ച് ഫ്‌ളാറ്റുകളും സ്ഥലവും വാങ്ങിക്കൂട്ടി. സെറാഫിൻ നൽകിയ പരാതിയിലാണ് സന്തോഷ് മാധവൻ ആദ്യമായി പിടിയിലാകുന്നത്.