പാറശാല : പാറശാലക്ക് സമീപം മൂര്യങ്കര കൊടവിളാകം ശ്രീ നിവാസിൽ സന്തോഷ് (25) എന്ന യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് അച്ചനും അമ്മയും അനുജനും ചേർന്ന്. കേസിൽ അമ്മ സരസ്വതി (47), അനുജൻ സജിൻ (21) എന്നിവരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛൻ ശ്രീധരൻ ഒളിവിലാണ്. ചെറുപ്പം മുതലേ ഒരു ജോലിക്കും പോകാതെ കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്ന മകന് പണം നൽകിയിരുന്നത് അച്ഛനമ്മമാരായിരുന്നു. പണം നൽകാതെ വരുമ്പോൾ അച്ഛനമ്മമാരെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. മദ്യപിച്ചെത്തുന്ന മകന്റെ അക്രമങ്ങളിൽ സഹികെട്ട അച്ഛനമ്മമാർ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

ജൂൺ ഒന്നിനായിരുന്ന കൊല. ഓട്ടോ ഡ്രൈവറായ ശ്രീധരനെ സവാരി വിളിക്കാൻ 2ന് രാവിലെ ആറരയോടെ വീട്ടിലെത്തിയ കണ്ണൻ എന്നയാളാണ് സന്തോഷിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. വീട്ടിലുണ്ടായിരുന്ന സജിനോട് വിവരം തിരക്കിയെങ്കിലും യാതൊരു ഭാവഭേദവും ഇല്ലാത്തതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും അമ്മയും അച്ഛനും സഹോദരനും രക്ഷപ്പെട്ടിരുന്നു. പിന്നീട് സ്റ്റേഷനിൽ കീഴടങ്ങിയ സരസ്വതി മകനെ കൊലപ്പെടുത്തിയത് താനാണെന്നും ശല്യം സഹിക്കാനാവാതെ ചെയ്തതാണെന്നും അറിയിക്കുകയായിരുന്നു.

ഒരിക്കൽ പന്നി ഇറച്ചിയിൽ വിഷം ചേർത്ത് നൽകിയെങ്കിലും സന്തോഷ് കഴിക്കാത്തതിനാൽ രക്ഷപ്പെട്ടു. പിന്നീട് സന്തോഷ് ഉറങ്ങിക്കിടക്കുമ്പോൾ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെങ്കിലും ഉണർന്നതിനാൽ ശ്രമം പാളി. ജൂൺ ഒന്നിന് മദ്യപിച്ചെത്തിയ സന്തോഷ് വീട്ട് സാധനങ്ങൾ തകർക്കുകയും അച്ഛനമ്മമാരെയും സഹോദരനെയും മർദ്ദിക്കുകയും ചെയ്തു. മൂത്ത സഹോദരി സന്ധ്യയെയും ഭർത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മകനെ വകവരുത്താൻ അച്ഛനും അമ്മയും തീരുമാനിച്ചു.

രാത്രിയിൽ നല്ല ഉറക്കത്തിലായിരുന്ന സന്തോഷിന്റെ മുഖത്തേക്ക് അമ്മ സരസ്വതി നേരത്തെ കരുതി വച്ചിരുന്ന ആസിഡ് ഒഴിക്കുകയും വേദന കൊണ്ട് പുളഞ്ഞ സന്തോഷിനെ അച്ഛൻ ശ്രീധരൻ കമ്പിപ്പാര കൊണ്ട് അടിക്കുകയുമായിരുന്നു. മൃതദേഹം കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും നേരം വെളുത്തതിനാൽ നടന്നില്ല. രാവിലെ മൂവരും സ്ഥലം വിടുകയായിരുന്നു. പിന്നീട് സ്റ്റേഷനിലെത്തിയ സരസ്വതിയെയും സജിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നെയ്യാറ്റിൻകര ഡിവൈ.എസ്‌പി.ബി.ഹരികുമാറിന്റെ നേതൃത്വത്തിൽ പാറശാല സിഐജി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സന്തോഷിന്റെ മൃതദേഹം തിരുവനതപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വല്യച്ഛൻ ഏറ്റുവാങ്ങിയെങ്കിലും വീട്ടിൽ എത്തിക്കാതെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കുകയായിരുന്നു.